ADVERTISEMENT

പെരിന്തൽമണ്ണ ∙ വിളവിന് വിലയില്ലാതായതോടെ രണ്ടേക്കറിലെ സ്വന്തം ചെരങ്ങാക്കൃഷി വെട്ടിനശിപ്പിച്ച് കർഷകൻ. കുറുവ പഞ്ചായത്തിലെ പഴമള്ളൂർ മീനാർകുഴിയിലെ മുല്ലപ്പള്ളി അബ്‌ദുൽ നാസർ(42) ആണ് വിഷമത്തോടെയാണെങ്കിലും ചെരങ്ങാവള്ളികൾ വെട്ടി ഒഴിവാക്കുന്നത്.   പഴമള്ളൂർ സിറ്റിയിലെ ചേർക്കല്ലിലെ സ്വന്തം സ്ഥലത്താണ് കൃഷിയിറക്കിയിട്ടുള്ളത്. ഇത്തവണ ചെരങ്ങയ്‌ക്ക് വില കിട്ടുമെന്നായിരുന്നു പ്രതീക്ഷ. എന്നാൽ തു‌ടക്കം മുതലേ വില കുറവാണ്. നഷ്‌ടത്തിലാണ് മുന്നോട്ടു പോകുന്നത്. 

പഴമള്ളൂർ സിറ്റിയിലെ തന്റെ കൃഷിയിടത്തിൽ വിളഞ്ഞുകി‌ടക്കുന്ന ചെരങ്ങാവള്ളികൾ വെട്ടിനശിപ്പിക്കുന്ന കർഷകൻ മുല്ലപ്പള്ളി അബ്‌ദുൽ നാസർ.
പഴമള്ളൂർ സിറ്റിയിലെ തന്റെ കൃഷിയിടത്തിൽ വിളഞ്ഞുകി‌ടക്കുന്ന ചെരങ്ങാവള്ളികൾ വെട്ടിനശിപ്പിക്കുന്ന കർഷകൻ മുല്ലപ്പള്ളി അബ്‌ദുൽ നാസർ.

വിളവെടുത്ത് ചാക്കിലാക്കി വാഹനത്തിൽ വ്യാപാര കേന്ദ്രത്തിലെത്തിച്ചാൽ ചെലവായ സംഖ്യ പോലും കിട്ടാത്ത സ്ഥിതിയാണ്. കഴിഞ്ഞ ആഴ്‌ചവരെ ശരാശരി വില ലഭിച്ചിരുന്നു. പ്രതിദിനം 20 ചാക്ക് വരെ കൊണ്ടുപോയിരുന്നു. കഴിഞ്ഞ ദിവസം പശു ഫാമിലേക്ക് 19 ചാക്ക് ചെരങ്ങ സൗജന്യമായി കൊടുത്തു. വാഹനവാ‌ടക ഫാമു‌ടമ നൽകി. വെറുതേ കളയുന്ന സങ്കടം ഒഴിവാക്കാനാണ് ഇങ്ങനെ ചെയ്‌തത്. 

കോട്ടയ്ക്കൽ, മഞ്ചേരി, മലപ്പുറം, ചട്ടിപ്പറമ്പ് എന്നിവിടങ്ങളിലേക്കെല്ലാം ചെരങ്ങ നൽകിയിരുന്നതാണ്. ഇപ്പോൾ ആവശ്യക്കാർ വളരെ കുറഞ്ഞു. നോമ്പ് സീസൺ കൂടി പ്രതീക്ഷിച്ചിരുന്നു. എന്നാൽ അതുവരെ നിർത്താൻ സാധിക്കാത്ത സാഹചര്യമാണ്. വിളവെടുക്കാതെ ചെരങ്ങാവള്ളികൾ നിലനിർത്തിയാൽ വള്ളിക്കൊപ്പം ഇവയ്‌ക്കിടയിലുള്ള കപ്പക്കൃഷിയും നശിക്കും. 

ഈ സാഹചര്യത്തിലാണ് വള്ളി വെട്ടിനശിപ്പിക്കുന്നത്. ആവശ്യക്കാരോട് കൊണ്ടുപൊയ്‌ക്കൊള്ളാൻ പറഞ്ഞാൽ ഇടയ്ക്കുള്ള കപ്പക്കൃഷിയെ ബാധിക്കുമെന്നതിനാലാണ് ഉപേക്ഷിക്കാൻ തീരുമാനിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ കിലോഗ്രാമിന് എട്ടും ഒൻപതും രൂപയൊക്കെയാണു ലഭിച്ചത്. ഇത് അഞ്ചു രൂപയ്ക്കാണെങ്കിലും കൊണ്ടുവരൂ എന്ന് പറഞ്ഞാൽ സന്തോഷമാണെന്ന് അബ്‌ദുൽ നാസർ. അങ്ങനെ പറയാൻ ഇപ്പോൾ ആളില്ല.

അമിതമായ കീടനാശിനി പ്രയോഗമൊന്നും നടത്താതെ, കൃത്യമായി നന നടത്തി ശാസ്‌ത്രീയമായാണ് കൃഷിയിറക്കുന്നത്. അതുകൊണ്ടുതന്നെ നല്ല വിളവുണ്ട്. പ്രതിദിനം 15 ചാക്കു വരെ ലഭിക്കും. മൂപ്പു കൂടിയാലും വലുപ്പം കൂടിയാലും ചെരങ്ങയ്‌ക്ക് ആവശ്യക്കാരുണ്ടാകില്ല. കടകളിൽ ഒരു കിലോഗ്രാം വരെയുള്ള ചെരങ്ങയ്‌ക്കാണ് ആവശ്യക്കാരുള്ളത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com