ADVERTISEMENT

പൊന്നാനി ∙ ബജറ്റിലും പ്രതീക്ഷയില്ല, പൊന്നാനി അങ്ങാടി വികസനം വാഗ്ദാനങ്ങളിൽ മാത്രം. പൊന്നാനിയുടെ മുഖം മാറ്റുന്ന നഗര ഹൃദയ ഭാഗത്തെ വികസന പദ്ധതിയാണ് വർഷങ്ങളായി അനക്കമില്ലാതെ കിടക്കുന്നത്. ‌മുൻ സ്പീക്കറും പൊന്നാനി എംഎൽഎയുമായിരുന്ന പി.ശ്രീരാമകൃഷ്ണനും നഗരസഭയും മുൻകയ്യെടുത്ത് മുൻപ് അങ്ങാടി വികസനത്തിനായി ജനകീയ യോഗങ്ങൾ വിളിച്ചു ചേർത്തിരുന്നെങ്കിലും തുടർ നടപടികളൊന്നുമുണ്ടായില്ല. അധികൃതരുടെ വാക്കു കേട്ട് വികസനം വരാൻ സ്വന്തം കെട്ടിടം പൊളിച്ച് സഹകരിച്ച ഉടമകൾ കബളിപ്പിക്കപ്പെട്ട അവസ്ഥയിലായി. വികസന കാര്യത്തിൽ ഇരട്ടത്താപ്പ നയമാണ് പിന്നീട് നഗരസഭ സ്വീകരിച്ചത്. 

പഴക്കം ചെന്ന കെട്ടിടങ്ങൾ പൊളിക്കാൻ ഒരു ഭാഗത്ത് നോട്ടിസ് നൽകിയപ്പോൾ പിൻവാതിലിലൂടെ നഗരസഭ കെട്ടിടങ്ങളിലെ കടകൾ ലൈസൻസ് പുതുക്കി നൽകി. വികസനത്തിന് തുരങ്കം വച്ചത് പൊന്നാനി നഗരസഭയാണെന്നാണ് ആരോപണം. പിന്നീട് അങ്ങാടി വികസനത്തിന്റെ കാര്യത്തിൽ അധികൃതർ മൗനം തുടർന്നു. മുൻപ് പേരിനെങ്കിലും യോഗങ്ങൾ വിളിച്ചു ചേർത്തിരുന്നെങ്കിലും ഇപ്പോൾ ഒന്നുമില്ലാതായി. 

അങ്ങാടി വികസനം ഉടൻ നടപ്പാക്കുമെന്ന് ഉറപ്പു നൽകിയ പി.നന്ദകുമാർ എംഎൽഎയും ഇക്കാര്യത്തിൽ മൗനത്തിലാണ്. ഇടുങ്ങിയ പാലവും റോഡും അങ്ങാടിയിൽ മണിക്കൂറുകൾ നീളുന്ന ഗതാഗതക്കുരുക്കുണ്ടാക്കുന്നു. അവധി ദിവസങ്ങളിൽ കർമ റോഡിലേക്കും അഴിമുഖത്തേക്കുമെത്തുന്ന വാഹനങ്ങൾ അങ്ങാടിയിലെത്തി കുരുക്കുണ്ടാക്കുന്നുണ്ട്.  കർമ റോഡ് യാഥാർഥ്യമായത് ഒരു പരിധി വരെ ആശ്വാസമായെങ്കിലും ഒരേ സമയം ഇരു ഭാഗത്തു നിന്നും വാഹനം വന്നു ചേർന്നാൽ അങ്ങാടി പാലവും റോഡും അടയുന്ന അവസ്ഥയുണ്ട്. 

അങ്ങാടി പാലം വീതി കൂട്ടുന്നതിനുള്ള പദ്ധതി ഇറിഗേഷൻ വകുപ്പ് തയാറാക്കി വരികയാണ്. ഇത് യാഥാർഥ്യമാകുന്നതോടെ റോഡും വീതി കൂട്ടേണ്ടി വരും ഇതോടൊപ്പം തന്നെ അങ്ങാടി വികസനം യാഥാർഥ്യമാകും. പൊന്നാനി അങ്ങാടി വികസനത്തിനായി സംസ്ഥാന ബജറ്റിൽ പ്രത്യേക പണം വകയിരുത്തേണ്ട ആവശ്യം നിലവിലില്ല. വീതി കൂട്ടാൻ കെട്ടിട ഉടമകൾ സഹകരിച്ചാൽ മതി. 

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com