ADVERTISEMENT

തേഞ്ഞിപ്പലം ∙ കാലിക്കറ്റ് സർവകലാശാലയിലെ പിഎച്ച്‌ഡി പഠനകാലാവധി 6 വർഷമാക്കി നിജപ്പെടുത്താൻ അക്കാദമിക് കൗൺസിൽ തീരുമാനിച്ചു. അതിനകം പ്രബന്ധം നൽകിയില്ലെങ്കിൽ റജിസ്ട്രേഷൻ റദ്ദാകും. ഭിന്നശേഷിക്കാർക്കും പെൺകുട്ടികൾക്കും പ്രത്യേകം അപേക്ഷ നൽകിയാൽ 2 വർഷത്തേക്ക് കൂടി റീറജിസ്ട്രേഷൻ അനുവദിക്കും. 12 ക്രെഡിറ്റിന്റെ കോഴ്സ് വർക് ചെയ്യണം. ധാരണാ പത്രത്തിൽ ഒപ്പു വച്ച ശേഷം കാലിക്കറ്റിനൊപ്പം മറ്റൊരു യൂണിവേഴ്സിറ്റിയുടെ സൗകര്യം കൂടി പ്രയോജനപ്പെടുത്തി പിഎച്ച്‍ഡി ചെയ്യാൻ അനുമതി നേടാം. വിദേശ യൂണിവേഴ്സിറ്റിയെയും താൽപര്യമുള്ളവർക്ക് പ്രയോജനപ്പെടുത്താം.

∙ ഗൈഡ്‌ഷിപ് ലഭിക്കണമെങ്കിൽ അപേക്ഷകന് കഴിഞ്ഞ 3 വർഷത്തിനിടെ റിസർച് പബ്ലിക്കേഷൻ നിർബന്ധം. സ്വാശ്രയ കോളജ് പ്രിൻസിപ്പലിനും അധ്യാപകർക്കും പാർട്‌ടൈം പിഎച്ച്‍ഡി അനുവദിക്കും. 12 മാസമായി സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യോഗ്യതയുള്ളവർക്കാണ് അവസരം. വ്യവസായ സ്ഥാപനങ്ങളിൽ ഗവേഷണ ജോലി 5 വർഷമായി ചെയ്യുന്നവർക്കും പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ പാർട്‌ടൈം പിഎച്ച‌്ഡി അനുവദിക്കും. പിഎച്ച്‌ഡി ഗവേഷണ നിയമാവലി അക്കാദമിക് കൗൺസിൽ അംഗീകരിച്ചു.
∙ യൂണിവേഴ്സിറ്റി പഠനവകുപ്പുകളിൽ 5 വർഷത്തെ ഇന്റഗ്രേറ്റഡ് പിജി കോഴ്സ് തുടങ്ങുന്നത് സംബന്ധിച്ച നിയമാവലിയും അംഗീകരിച്ചു. ഇന്റേണൽ, എക്സ്റ്റേണൽ പരീക്ഷകളുടെ മാർക്ക് 50% വീതമാക്കി. എക്സ്റ്റേണൽ പരീക്ഷയുടെ ഉത്തരക്കടലാസ് പഠന വകുപ്പിലെ അധ്യാപകനും വെളിയിൽനിന്നുള്ള അധ്യാപകനും ചേർന്ന് മൂല്യനിർണയം നടത്തുന്ന പക്ഷം പുനഃപരിശോധനയ്ക്ക് അവസരമില്ല. പഠനവകുപ്പിലെ അധ്യാപകൻ മാത്രമാണ് മൂല്യനിർണയം നടത്തുന്നതെങ്കിൽ പേപ്പർ കാണാ‍ൻ വിദ്യാർഥിക്ക് അവസരമുണ്ട്.
∙ കോളജുകളിൽ എക്സ്റ്റേണൽ പരീക്ഷാ മാർക്ക് 70 ആക്കി. ഇന്റേണലിന് 30 മാർക്ക്. 80–20 എന്ന അനുപാതമാണ് മാറ്റിയത്.
∙ വിവിധ കോഴ്സുകൾക്ക് വിദ്യാർഥി പ്രവേശനത്തിന് എസ്‌സി– എസ്‌ടി വിഭാഗക്കാർക്ക് നൽകുന്ന മാർക്ക്, വയസ്സ് ഇളവുകൾ ഭിന്നശേഷിക്കാർക്കും ബാധകമാക്കി. വിസി ഡോ. എം.കെ. ജയരാജ് അധ്യക്ഷത വഹിച്ചു. പിവിസി ഡോ. എം. നാസർ, സിൻഡിക്കറ്റ് അംഗങ്ങളായ ഡോ. ടി. വസുമതി, ഡോ. പി.പി. പ്രദ്യുമ്നൻ തുടങ്ങിയവർ ചർച്ചയി‍ൽ പങ്കെടുത്തു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com