വീട് പണി പൂർത്തീകരിക്കാന്‍ വായ്പയെടുത്തു; 90 പിന്നിട്ട വയോധികയും പിഞ്ചുകുഞ്ഞുങ്ങളും ജപ്തിയുടെ വക്കിൽ
Mail This Article
എടക്കര ∙ തൊണ്ണൂറു വയസ്സ് കഴിഞ്ഞ ഉമ്മയെയും പേരക്കുട്ടികളായ പിഞ്ചുമക്കളെയുമായി വീടുവിട്ടിറങ്ങേണ്ട ദയനീയാവസ്ഥയിലാണ് ജമീല. സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നെടുത്ത വായ്പ തിരിച്ചടയ്ക്കാനാവാതെ വന്നതോടെയാണ് 4 സെന്റ് സ്ഥലവും വീടും ജപ്തി ചെയ്യുന്നത്. മരുത പരലുണ്ടയിലെ ആക്കപ്പറമ്പൻ ജമീലയാണ് മാതാവിനെയും പേരക്കുട്ടികളെയുമായി വഴിയാധാരമാകുന്നത്.
വഴിക്കടവ് പഞ്ചായത്ത് നൽകിയ ഒന്നര ലക്ഷം രൂപ സഹായ ധനത്തിൽ തുടങ്ങിയ വീട് പണി പൂർത്തീകരിക്കാനാവാതെ വന്നപ്പോഴാണ് 2017 ൽ ധനകാര്യ സ്ഥാപനത്തിൽ നിന്ന് 1.5 ലക്ഷം രൂപ വായ്പയെടുത്തത്. തൊഴിലുറപ്പ് ജോലിക്കും കൂലിപ്പണിക്കും പോയി കിട്ടിയിരുന്ന പണം സ്വരൂപിച്ച് മുടക്കം വരുത്താതെ വായ്പ തിരിച്ചടച്ചു വന്നിരുന്നതാണ്. ഇതിനിടയിൽ കോവിഡ് വന്നതോടെയാണ് വായ്പ തരിച്ചടവ് അവതാളത്തിലായത്.
പ്രയാധിക്യവും രോഗവും തളർത്തിയ മാതാവ് ഫാത്തിമ, ജമീലയുടെ മൂത്തമകൾ മുബീന, ഇവരുടെ മക്കളായ ഷാനിബ് (11), ഷാഹിൽ (4),ഷഹദിയ (2) എന്നിവരാണ് വീട്ടിൽ താമസിക്കുന്നത്. ധനകാര്യ സ്ഥാപന അധികൃതരെത്തി ഇന്നലെയാണ് സ്ഥലവും വീടും ജപ്തി ചെയ്തതായി നോട്ടിസ് പതിച്ചത്. ഒരു ലക്ഷം രൂപ അടച്ചാൽ ജപ്തി നടപതി ഒഴിവാക്കാമെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത്. എന്നാൽ, ജമീലയ്ക്കും കുടുംബത്തിനും മുന്നിൽ ഇതിനു യാതൊരു നിർവാഹമില്ല.