ADVERTISEMENT


എരമംഗലം ∙ കാലാവസ്ഥയിലുണ്ടായ മാറ്റത്തെ തുടർന്ന് രോഗങ്ങൾ പടർന്നുപിടിച്ചതോടെ പൊന്നാനി കോളിലും കരമേഖലയിലും നെല്ലുൽപാദനം പ്രതിസന്ധിയിൽ. നെൽക്കൃഷിയുടെ രണ്ടാം വിളവായ മുണ്ടകൻ, മൂന്നാം വിളവായ പുഞ്ച കൃഷികളെയാണ് കാലാവസ്ഥയിൽ വന്ന മാറ്റം ബാധിച്ചത്.

തണ്ടുതുരപ്പൻ, കുടപ്പുഴു,  ഇലകരിച്ചിൽ രോഗങ്ങളാണ് വ്യാപകമായിരിക്കുന്നത്. നെൽച്ചെടികളുടെ നീരുറ്റിക്കുടിച്ച് നെല്ലിന്റെ ഉൽപാദനത്തെ കുറക്കുയാണ് ഈ കീടങ്ങൾ. മുണ്ടകനിൽനിന്ന് ശരാശരി ഏക്കറിന് 2 ടൺ നെല്ലാണ് കർഷകർക്ക് ലഭിക്കുന്നതെങ്കിലും ഇത്തവണ ഒരു ടണ്ണായി കുറഞ്ഞു. തണ്ടുതുരപ്പനും കുടപ്പുഴു രോഗവും വന്നതോടെ കൊയ്തെടുത്ത നെല്ലിൽ പകുതിയിലധികം പതിരാണു ലഭിച്ചത്.

പുഞ്ചക്കൃഷിയുടെ തുടക്കത്തിൽ ഇല കരിച്ചിൽ രോഗമാണ് പൊന്നാനി കോളിലെ കർഷകരെ ദുരിതത്തിലാക്കിയത്. നടീൽ പൂർത്തിയാക്കിയ 2 ആഴ്ചയ്ക്കു ശേഷമാണ് നെൽച്ചെടിയെ ഇല്ലാതാക്കുന്ന ഇല കരിച്ചിൽ രോഗം പടർന്നുപിടിച്ചത്. മഴ, മഞ്ഞ്, കടുത്ത ചൂട് എന്നിവ മാറിമാറി എത്തിയതോടെ കോളിലെ ഭൂരിഭാഗം പാടശേഖരത്തും രോഗം വ്യാപിച്ചു.

ഉൽപാദനം കൂടുതൽ ലഭിക്കാൻ ഉമ വിത്താണ് മിക്ക കർഷകരും കൃഷി ചെയ്തിരിക്കുന്നതെങ്കിലും രോഗം വന്നതിനാൽ ഉൽപാദനത്തെ ബാധിച്ചു. ഇല കരിച്ചിലിൽനിന്ന് മോചനം ലഭിച്ച നെല്ലുകളിൽ കഴിഞ്ഞ ദിവസ തണ്ടുതുരപ്പനും കൂടി വന്നത് കർഷകർക്ക് ഇരട്ടപ്രഹരമായി. പുഞ്ചയിൽനിന്ന് ഏക്കറിന് ശരാശരി 2.5 ടൺ മുതൽ 3.5 ടൺ വരെ നെല്ലാണ് മുൻകാലങ്ങളിൽ ലഭിച്ചിരുന്നത്.

 7000 ഏക്കർ വരുന്ന പുഞ്ചക്കൃഷിയിൽ എത്ര ടൺ നെല്ലിന്റെ കുറവ് ഉണ്ടാകുമെന്ന് അറിയാൻ വിളവെടുപ്പു   വരെ   കാത്തിരിക്കണം. കഴിഞ്ഞ സീസൺ വരെ കോൾ മേഖലയിൽനിന്നു മാത്രം ഇരുപതിനായിരത്തോളം ടൺ നെല്ല് ഉൽപാദിപ്പിച്ചിട്ടുണ്ടെന്നാണ് കൃഷി വകുപ്പിന്റെ കണക്ക്. ഇത്തവണ രോഗം വന്നതോടെ ഉൽപാദനം ഗണ്യമായി കുറയുമെന്നാണ് കർഷകരുടെയും കൃഷി വകുപ്പിന്റെയും വിലയിരുത്തൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com