ADVERTISEMENT

പെരിന്തൽമണ്ണ ∙ പട്ടിക്കാട്–വടപുറം സംസ്ഥാന പാതയിലെ അരിക്കണ്ടംപാക്ക് അങ്ങാടിയിലൂടെ പന്നിക്കൂട്ടം മാർച്ച് ചെയ്‌തെത്തിയപ്പോൾ ആളുകൾ ആദ്യം അമ്പരന്നു. പിന്നെ ഭയന്ന് ബഹളം വച്ച് പല വഴിക്ക് ഓടി. ഒന്നര മണിക്കൂറോളമാണ് പന്നിക്കൂട്ടം നാടിനെ പരിഭ്രാന്തിയിലാക്കിയത്. 2 സഹകരണ സ്ഥാപനങ്ങൾ, സേവന കേന്ദ്രം, യുപി സ്‌കൂൾ, മൃഗാശുപത്രി, 2 ഡസനോളം വ്യാപാര കേന്ദ്രങ്ങൾ ഇവയെല്ലാം ഉൾപ്പെട്ട സ്ഥലമാണ് അരിക്കണ്ടംപാക്ക് ടൗൺ. 

വെടിയേറ്റ് ചത്ത പന്നിക്കൂട്ടം.
വെടിയേറ്റ് ചത്ത പന്നിക്കൂട്ടം.

രാവിലെ ആയതിനാൽ വിവിധ ആവശ്യങ്ങൾക്കായി ടൗണിലെത്തിയവരും വ്യാപാരികളും യാത്രക്കാരുമായി ഏറെപ്പേർ ടൗണിലുണ്ടായിരുന്നു. ഇവർക്കിടയിലൂടെയാണ് വലുതും ചെറുതുമായ പത്തംഗ പന്നിക്കൂട്ടം വയലിലൂടെ ഇരച്ച് പാഞ്ഞെത്തിയത്. പലവഴിക്കായി പാഞ്ഞ ജനം ബഹളം വച്ച് പന്നികളെ തിരിച്ചോടിക്കാൻ ശ്രമിച്ചെങ്കിലും അവ ശ്രദ്ധിച്ചതേയില്ല. അഴുക്കുചാലിന്റെ സ്ലാബിനു മുകളിലൂടെയെത്തി നേരെ സ്വകാര്യ കോംപ്ലക്‌സിനുള്ളിലേക്ക് കയറി. 

കോംപ്ലക്‌സിണ്ടായിരുന്ന ആളുകളെയെല്ലാം നാട്ടുകാർ മുകളിലേക്ക് കയറ്റി മറ്റൊരു വഴിയിലൂടെ താഴേക്ക് തിരിച്ചു വിട്ടു.  കോംപ്ലക്‌സിന്റെ ഷട്ടറുകൾ പൂട്ടിയതോടെ പന്നികൾ പെട്ടു. കുത്തിമറിഞ്ഞും വലിയ ശബ്‌ദമുണ്ടാക്കിയും മറ്റും പന്നിക്കൂട്ടം കോംപ്ലക്‌സിന്റെ വഴിയിൽ പരക്കംപാഞ്ഞു. പന്നിക്കൂട്ടത്തെ ഷട്ടർ പൂട്ടി ഉള്ളിലാക്കിയതോടെ നൂറു കണക്കിന് ആളുകൾ കോംപ്ലക്‌സിനു മുന്നിൽ തടിച്ചു കൂടി. 

അപ്പോഴേക്കും ജനപ്രതിനിധികളും പൊലീസും എത്തി. വനംവകുപ്പിനെ ബന്ധപ്പെട്ടപ്പോൾ നടപടിക്രമങ്ങൾ പൂർത്തിയാക്കി പന്നികളെ വെ‌ടിവച്ചു കൊല്ലാമെന്ന് അറിയിക്കുകയായിരുന്നു. മങ്കട കൂട്ടിലിൽനിന്ന് പന്നികളെ വെടിവച്ചു കൊല്ലാൻ ലൈസൻസുള്ള ഷൂട്ടർമാർ ഒരു മണിക്കൂറോളം പ്രയത്നിച്ചാണ് പന്നികളെ വെടിവച്ചു കൊന്നത്. പന്നിക്കൂട്ടത്തെ കാണാൻ ആളുകൾ തിക്കിത്തിരക്കി. 

മേലാറ്റൂർ എസ്ഐ എൻ.അജിത്ത് കുമാർ, സിപിഒ സുധീഷ്, ഹോംഗാർഡുകളായ വിനോദ്, ഇക്ബാൽ, കീഴാറ്റൂർ പഞ്ചായത്ത് പ്രസിഡന്റ് ജമീല ചാലിയത്തൊടി, സെക്രട്ടറി രാജേഷ് കുമാർ, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷൻ അസീസ് പട്ടിക്കാട്, പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷ ബിന്ദുമാത്യു എന്നിവർ നേതൃത്വം നൽകി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com