കരിപ്പൂർ വഴി ഹജ് യാത്ര; കേന്ദ്ര ഇടപെടൽ വേണം
Mail This Article
കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളം വഴിയുള്ള ഹജ് യാത്രാ ചെലവ് കുറയ്ക്കാൻ നടപടിയില്ലെങ്കിൽ രണ്ടാം ഓപ്ഷനായി തിരഞ്ഞെടുത്ത വിമാനത്താവളം വഴി യാത്രയ്ക്ക് സൗകര്യമൊരുക്കണമെന്ന് എന്നാവശ്യപ്പെടുന്നവരുടെ എണ്ണം അനുദിനം കൂടുന്നു. കേരളത്തിലെ മറ്റു വിമാനത്താവളങ്ങളിലെ നിരക്കിൽത്തന്നെ കരിപ്പൂർ വഴി ഹജ് യാത്ര സാധ്യമാക്കണം എന്നതാണു പ്രധാന ആവശ്യം.
എന്നാൽ, പ്രതിസന്ധി തീർക്കാൻ കടമ്പകൾ ഏറെയാണെന്നും അതു പരിഹരിക്കാൻ പ്രത്യേക ഇടപെടൽത്തന്നെ വേണ്ടിവരുമെന്നും ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടുന്നു.കരിപ്പൂരിലെ നിരക്കുവർധന വിവാദമായതിനു പിന്നാലെ ഏകദേശം 40,000 രൂപ കുറയ്ക്കാമെന്ന് എംപിമാർക്ക് കേന്ദ്രമന്ത്രി ഉറപ്പു നൽകിയിരുന്നു. കുറച്ചാലും 1,20,000 രൂപയുടെ മുകളിൽ കോഴിക്കോട്ടുനിന്ന് നിരക്കുണ്ടാകും. മറ്റു വിമാനത്താവളങ്ങളേക്കാൾ 35,000 മുതൽ 40,000 രൂപ വരെ കൂടുതൽ.
കുടുംബത്തിൽനിന്നുതന്നെ 5 പേർ വരെ യാത്ര ചെയ്യുന്നവരുണ്ട്. അവർക്ക് 2 ലക്ഷം രൂപയോളമാണ് അധിക ബാധ്യത വരിക. നിരക്കുകുറയ്ക്കുകയോ അതല്ലെങ്കിൽ ഹജ് അപേക്ഷയിൽ സൂചിപ്പിച്ച രണ്ടാം ഓപ്ഷനായ കൊച്ചിയോ കണ്ണൂരോ വഴി യാത്രയ്ക്ക് അവസരമൊരുക്കുകയോ ചെയ്യണമെന്നാണ് തീർഥാടകരുടെ ആവശ്യം. അതേസമയം, കരിപ്പൂർ വഴി കുറഞ്ഞ നിരക്കിൽ യാത്ര സാധ്യമാകാൻ കടമ്പകൾ ഏറെയുണ്ട്.
∙ റീ ടെൻഡർ ആണ് ഒരു വഴി. അതു സ്വീകരിച്ചാൽതന്നെ, നേരത്തേയുള്ള ധാരണ പ്രകാരം, സൗദിയിലെയും ഇന്ത്യയിലെയും വിമാനക്കമ്പനികൾക്കു മാത്രമേ ഹജ് ടെൻഡറിൽ പങ്കെടുക്കാനാകൂ. അങ്ങനെ പങ്കെടുത്താലും ഇരു രാജ്യങ്ങളിലെയും കമ്പനികൾക്ക് 50% വീതം സീറ്റുകൾ എന്ന ധാരണ പാലിക്കലും പ്രയാസമാകും. ഈ ധാരണ ഒഴിവാക്കി സർവീസ് നടത്താൻ പ്രത്യേക ഇടപെടൽ വേണം.
∙വലിയ വിമാനങ്ങൾക്ക് അനുമതി നൽകി റീ ടെൻഡർ വിളിച്ചാൽ പരിധിവരെ പ്രശ്നത്തിനു പരിഹാരം കാണാനാകും. അതിനു വ്യോമയാന മന്ത്രാലയവും വകുപ്പ് ഉദ്യോഗസ്ഥരും ഇടപെടണം.
∙ വിമാനക്കമ്പനികളും നിരക്കും സംബന്ധിച്ച് കരിപ്പൂരിൽ മാത്രമാണ് ഔദ്യോഗിക പ്രഖ്യാപനം വരാത്തത്. വിമാനക്കമ്പനികൾ തമ്മിൽ ഇനി സീറ്റുകൾ വച്ചു മാറൽ പ്രയാസകരമാകും. അതിനും കേന്ദ്രത്തിന്റെ പ്രത്യേക ഇടപെടൽ വേണം.
∙ ഇന്ത്യൻ വിമാനക്കമ്പനികൾ പല വിമാനത്താവളങ്ങളിലും ഉയർന്ന നിരക്കാണ് ടെൻഡറിൽ കാണിച്ചിട്ടുള്ളത്. ഇന്ധനത്തിനു വരുന്ന തുകയും നികുതിയും മറ്റുമാണ് തുക ഉയരാൻ കാരണമായി ചൂണ്ടിക്കാട്ടുന്നത്. കരിപ്പൂരിൽനിന്ന് ഇനിയും നിരയ്ക്ക് കുറയ്ക്കാൻ സാധ്യമാകുമോ എന്ന ശ്രമം തുടരണം.
പരിഹാരം വേണമെന്ന് ലോക്സഭയിൽ സമദാനി
കോഴിക്കോട് വിമാനത്താവളം വഴിയുള്ള ഹജ് യാത്രക്കാരോടുള്ള കടുത്ത അനീതി പരിഹരിക്കാൻ ഇടപെടണമെന്ന് എം.പി.അബ്ദുസ്സമദ് സമദാനി എംപി ലോക്സഭയിൽ കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. യാത്രാ നിരക്കിലെ വർധനമൂലം വ്യക്തമായ വിവേചനമാണ് കരിപ്പൂരിൽ നിന്നുള്ള ഹജ് യാത്രക്കാർ അനുഭവിക്കേണ്ടി വന്നിരിക്കുന്നതെന്ന് സമദാനി പറഞ്ഞു. ഒരു കാരണവുംകൂടാതെ ഭാരിച്ച തുകയാണ് അധികം നൽകാൻ അവർ നിർബന്ധിതരായിരിക്കുന്നത്.
റീടെൻഡർ വിളിച്ചോ മറ്റോ അടിയന്തര പരിഹാരമുണ്ടാക്കണമെന്ന് സമദാനി ആവശ്യപ്പെട്ടു. ശൂന്യവേളയിൽ സമദാനിയുടെ ആവശ്യപ്രകാരം ഒരു മിനിറ്റുകൊണ്ട് വിഷയം അവതരിപ്പിക്കാൻ അനുമതി നൽകുകയായിരുന്നു.
ഹജ്: ആദ്യ ഗഡു ഇന്നുകൂടി
സംസ്ഥാന ഹജ് കമ്മിറ്റി മുഖേന ഇത്തവണത്തെ ഹജ് യാത്രയ്ക്ക് അവസരം ലഭിച്ചവർ ആദ്യ ഗഡുവായ 81,800 രൂപ അടയ്ക്കേണ്ട അവസാന തീയതി ഇന്ന്. തുക അടച്ചതിന്റെ രേഖയും അനുബന്ധ രേഖകളും ഈ മാസം 12നകം സംസ്ഥാന ഹജ് കമ്മിറ്റിക്കു ലഭിക്കണം.അവധി ദിവസമാണെങ്കിലും 10,11 തീയതികളിൽ രേഖകൾ സ്വീകരിക്കുന്നതിനായി ഹജ് ഹൗസ് പ്രവർത്തിക്കും.
കരിപ്പൂർ ഹജ് ഹൗസിലും പുതിയറ റീജനൽ ഓഫിസിലും 12 വരെ രേഖകൾ എത്തിക്കാം. പുറമേ, കൊച്ചി കളമശേരി മുനിസിപ്പൽ ടൗൺ ഹാളിൽ ഇന്നു വൈകിട്ടുവരെ രേഖകൾ സ്വീകരിക്കാൻ കൗണ്ടർ പ്രവർത്തിക്കും. 10,11 തീയതികളിൽ കണ്ണൂർ സിവിൽ സ്റ്റേഷനിലും രേഖകൾ സ്വീകരിക്കും. ഹജ് ഹൗസ്: 0483 2710717.