ADVERTISEMENT

മലപ്പുറം ∙ ജില്ലയിലെ 6 മണ്ഡലങ്ങളിൽ നവ കേരള സദസ്സ് സംഘടിപ്പിക്കാൻ ചെലവായത് 1.24 കോടി. കണക്ക് ലഭ്യമായ ഭൂരിഭാഗം മണ്ഡലങ്ങളിലും സംഘാടക സമിതി കടത്തിലാണ്. മങ്കട, തിരൂരങ്ങാടി മണ്ഡലങ്ങളിൽ കടം 5 ലക്ഷത്തിനു മുകളിലാണ്. 6 മണ്ഡലങ്ങളിൽ  പണം ബാക്കിയായ ഏക സ്ഥലം മലപ്പുറമാണ്. കോട്ടയ്ക്കലിൽ 21 ലക്ഷം രൂപ ചെലവായെങ്കിലും എത്ര രൂപ പിരിച്ചെടുത്തുവെന്ന് വ്യക്തമാക്കിയിട്ടില്ല.

എം.ടി.മുഹമ്മദ്  മുർഷിദ് കോഡൂർ വിവരാവകാശ പ്രകാരം നൽകിയ അപേക്ഷയ്ക്കുള്ള മറുപടിയിലാണ് കണക്കുകൾ പുറത്തുവന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ വിഹിതം, വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ലഭിച്ച സംഭാവന എന്നിവയാണ് പ്രധാന വരവ്. 2 ലക്ഷം രൂപവരെ സംഭാവന നൽകിയവരുണ്ട്. നിയോജക മണ്ഡലം നവ കേരള സദസ്സുകളുടെ നടത്തിപ്പ് ചുമതലയുണ്ടായിരുന്ന നോഡൽ ഓഫിസർമാർക്കാണ് അപേക്ഷ നൽകിയത്. 6 മണ്ഡലങ്ങളിലെ നോഡൽ ഓഫിസർമാരാണ് കണക്ക് സഹിതം മറുപടി നൽകിയത്.

മറ്റ് 10 മണ്ഡലങ്ങളിലെ നോഡൽ ഓഫിസർമാർ പണമിടപാട് ചുമതല സംഘാടക സമിതി ചെയർമാന്മാർക്കാണെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറി. വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥരെയാണ് മണ്ഡലങ്ങളിലെ നോഡൽ ഓഫിസർമാരായി നിയമിച്ചിരുന്നത്. അതതു മണ്ഡലങ്ങളിലെ എംഎൽഎമാരായിരുന്നു സംഘാടക സമിതി ചെയർമാൻ പദവി വഹിച്ചിരുന്നത്. യുഡിഎഫ് എംഎൽഎമാരുടെ മണ്ഡലങ്ങളിൽ ഇടതുപക്ഷ നേതാക്കളോ മുന്നണിയുമായി ചേർന്നു നിൽക്കുന്ന പ്രമുഖരോ ആയിരുന്നു ചെയർമാന്മാർ.

വരവ് 98 ലക്ഷം, ചെലവ് 1.24 കോടി
കോട്ടയ്ക്കൽ, തിരൂരങ്ങാടി, മലപ്പുറം, മങ്കട, തവനൂർ, വണ്ടൂർ മണ്ഡലങ്ങളിലെ നോഡൽ ഓഫിസർമാരാണ് കണക്കുകൾ നൽകിയത്. ഇതിൽ കോട്ടയ്ക്കൽ മണ്ഡലത്തിലെ ചെലവ് കണക്കു മാത്രമാണ് ലഭിച്ചത്. മറ്റു 5 മണ്ഡലങ്ങളിൽ നാലിലും നടത്തിപ്പിന് ചെലവായ തുക പിരിച്ചെടുക്കാനായില്ല. നഷ്ടം എങ്ങിനെ നികത്തുമെന്നതിൽ വ്യക്തതയില്ല.

ലാഭം മലപ്പുറത്ത് മാത്രം
വരവ് ചെലവ് കണക്കുകൾ ലഭ്യമായ മണ്ഡലങ്ങളിൽ മലപ്പുറത്ത് മാത്രമാണ് ലാഭം. 26,82500 രൂപ പിരിച്ചെടുത്തപ്പോൾ ചെലവായത് 1991988 രൂപ മാത്രം. ലാഭം 690512. ഇത് സംഘാടക സമിതിയുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടിലുണ്ട്. എന്തു ചെയ്യണമെന്നതിൽ തീരുമാനമായിട്ടില്ലെന്ന് മറുപടിയിൽ വ്യക്തമാക്കുന്നു. തിരൂങ്ങാടി ( 541490), മങ്കട (599145), തവനൂർ ( 10116) വണ്ടൂർ (195) എന്നിങ്ങനെയാണ് മറ്റു മണ്ഡലങ്ങളിലെ കടത്തിന്റെ കണക്ക്. 

ചെലവ് കൂടുതൽ പന്തലിന് 
നവ കേരള സദസ്സുമായി ബന്ധപ്പെട്ട് ഏറ്റവും കൂടുതൽ തുക ചെലവായത് പന്തലിനും അതുമായി ബന്ധപ്പെട്ട ജോലികൾക്കുമാണ്. എല്ലാ മണ്ഡലങ്ങളിലും ആകെ ചെലവിന്റെ 40 ശതമാനത്തിനു മുകളിൽ പന്തൽ അനുബന്ധ ജോലികൾക്ക് ചെലവായി. കോട്ടയ്ക്കൽ (12 ലക്ഷം), തിരൂരങ്ങാടി ( 10 ലക്ഷം), മങ്കട (12 ലക്ഷം), തവനൂർ ( 18 ലക്ഷം) എന്നിങ്ങനെയാണ് പന്തലും അതുമായി ബന്ധപ്പെട്ട മറ്റു പരിപാടികൾക്കും ചെലവായത്. ഭക്ഷണത്തിന് 1 ലക്ഷം മുതൽ 3.25 ലക്ഷം വരെ ചെലവായതായി കണക്കുകൾ കാണിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com