കെഎസ്ആർടിസി ബസ് ഡ്രൈവറെ മർദിച്ച സംഭവം: ജീവനക്കാർക്കെതിരെയും പരാതി
Mail This Article
പെരിന്തൽമണ്ണ∙ കെഎസ്ആർടിസി ബസ് ഡ്രൈവറെ മർദിച്ച സംഭവത്തിൽ പൊലീസ് അറസ്‌റ്റ് ചെയ്‌ത സഹോദരങ്ങളുടെ പരാതിയിൽ കെഎസ്ആർടിസി ഡ്രൈവറുടെയും സ്‌റ്റേഷൻ മാസ്‌റ്ററുടെയും പേരിൽ കേസെടുത്തു. ചെറുകര പാറയ്‌ക്കൽമുക്ക് സ്വദേശികളായ മുഹമ്മദ് ഷാഹിദ് (30), മുഹമ്മദ് ഷഹീൻ (32) എന്നിവരുടെ പരാതിയിലാണ് കേസ്. കെഎസ്ആർടിസി ഡ്രൈവറും സ്‌റ്റേഷൻ മാസ്‌റ്ററും ചേർന്ന് തങ്ങളെ മർദിക്കുകയായിരുന്നുവെന്നാണ് പരാതി.
കോടതി മുഖേനയാണ് പെരിന്തൽമണ്ണ പൊലീസ് സ്‌റ്റേഷനിൽ പരാതി നൽകിയത്. കഴിഞ്ഞ ശനിയാഴ്‌ച രാത്രിയിലാണ് കേസിനാസ്‌പദമായ സംഭവം. തങ്ങൾ കാറിൽ പെരിന്തൽമണ്ണയിൽ നിന്ന് ചെറുകരയിലേക്ക് പോകുമ്പോൾ അമിത വേഗതയിൽ ഓടിച്ചുവന്ന കെഎസ്ആർടിസി ബസ് കാറിലിടിക്കുകയും നിർത്താതെ പോവുകയുമായിരുന്നുവെന്ന് പരാതിയിൽ പറയുന്നു. ഇതേപ്പറ്റി അധികൃതർക്ക് പരാതി നൽകാനാണ് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ എത്തിയത്.
അപകടത്തെപ്പറ്റി സംസാരിക്കുന്നതിനിടെ ഡ്രൈവറും ഡ്യൂട്ടിയിലുണ്ടായിരുന്ന സ്‌റ്റേഷൻ മാസ്‌റ്ററും ചേർന്ന് മർദിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ പറയുന്നത്. സംഭവത്തിൽ പരുക്കേറ്റ കെഎസ്ആർടിസി ബസ് ഡ്രൈവർ എം.സി.പ്രദീപിന്റെ പരാതിയിലാണ് മുൻപ് ഇരുവരെയും അറസ്‌റ്റ് ചെയ്‌തത്. റിമാൻഡിലായിരുന്ന ഇവർക്ക് ബുധനാഴ്‌ചയാണ് ജാമ്യം ലഭിച്ചത്.