സൗജന്യയാത്രയെ സ്വാഗതം ചെയ്ത് തൃപ്രങ്ങോട്ടെ വനിതാ സമൂഹം

Mail This Article
തിരൂർ ∙ രാവിലെ ജോലിക്കു പോകാൻ തയാറെടുക്കുന്ന റഹീനയ്ക്കും രമ്യയ്ക്കും റീനയ്ക്കുമെല്ലാം ഇനി ഗ്രാമവണ്ടിയൊരുക്കുന്ന സൗജന്യ യാത്ര സൗകര്യമാകും. തൃപ്രങ്ങോട് പഞ്ചായത്തിലെ സ്ത്രീകൾക്കാണു സൗജന്യ ബസ് യാത്രാസൗകര്യമൊരുങ്ങുന്നത്. ഇതിനായി 10 ലക്ഷം രൂപയും മാറ്റി വച്ചു. പഞ്ചായത്ത് ബജറ്റിൽ പ്രഖ്യാപനമുണ്ടായപ്പോൾത്തന്നെ വനിതാ സമൂഹത്തിൽ ചർച്ചയായിരിക്കുകയാണ് ഇക്കാര്യം . സ്ത്രീ സമൂഹമൊന്നാകെ ഇത്തരമൊരു മുന്നേറ്റത്തെ സ്വാഗതം ചെയ്യുന്നുമുണ്ട്.
സംസ്ഥാനത്ത് ആദ്യമായാണ് ഒരു പഞ്ചായത്ത് ഇത്തരമൊരു പദ്ധതിയൊരുക്കുന്നത്. വനിത തന്നെ പ്രസിഡന്റായ തൃപ്രങ്ങോട് പഞ്ചായത്ത് ഭരണസമിതിക്ക് ഇത്തരമൊരു തീരുമാനമെടുക്കാൻ കൂടുതൽ ആലോചിക്കേണ്ടി വന്നില്ല. തമിഴ്നാട്ടിലും മറ്റും ഇതു വിജയകരമായി നടപ്പാക്കുന്നത് കണ്ടു, ഇവിടെയും അത് നടപ്പാക്കി വിജയിപ്പിച്ചു കൂടേയെന്ന ചിന്തയാണ് പദ്ധതി നടപ്പാക്കുന്നതിനു പിന്നിലുണ്ടായതെന്നു പ്രസിഡന്റ് വി.ശാലിനി പറയുന്നു.
വൈസ് പ്രസിഡന്റ് എം.പി.അബ്ദുൽ ഫുക്കാറും മറ്റ് അംഗങ്ങളും പിന്തുണയുമായി കൂടെ നിന്നതോടെ ബജറ്റിൽ പദ്ധതി അവതരിപ്പിക്കുകയായിരുന്നു. ഗ്രാമവണ്ടി എന്ന പേരിലാണ് പഞ്ചായത്തിൽ ബസുകൾ സർവീസ് നടത്തുക. രാവിലെയും വൈകിട്ടും 2 ബസുകൾ പഞ്ചായത്തിന്റെ എല്ലാ വഴികളിലൂടെയും ഓടും. റൂട്ടുകൾ തീരുമാനിച്ചിട്ടില്ല. ബസുകൾക്കായി ആദ്യം കെഎസ്ആർടിസിയെ സമീപിക്കും. സ്ത്രീകൾക്കു പുറമേ വിദ്യാർഥികൾക്കും ഗ്രാമവണ്ടിയിൽ സൗജന്യ യാത്ര അനുവദിക്കുമെന്ന് പഞ്ചായത്ത് സ്ഥിരസമിതി അധ്യക്ഷയായ എം.പി.റഹീന പറഞ്ഞു.
ഇതിനു പുറമേ 13 മുതൽ 18 വയസ്സു വരെയുള്ള പെൺകുട്ടികൾക്ക് ഓർഗാനിക് പാഡ് നൽകുന്ന പദ്ധതിയും പഞ്ചായത്തിൽ തയാറായി വരുന്നുണ്ട്. പുനരുപയോഗിക്കാൻ സാധിക്കുന്ന ഈ പാഡുകൾ പെൺകുട്ടികൾക്ക് എളുപ്പത്തിൽ ഉപയോഗിക്കാൻ കഴിയും. കൂടുതൽ എണ്ണം ആവശ്യമില്ലാത്തതിനാൽ പരിസര മലിനീകരണത്തിലും കുറവു വരുമെന്നാണു കരുതുന്നതെന്ന് മറ്റൊരു സ്ഥിരസമിതി അധ്യക്ഷയായ ടി.വി.ലൈല പറഞ്ഞു. പഞ്ചായത്തിലാകെ 21620 സ്ത്രീകളാണുള്ളത്. പഞ്ചായത്ത് ഓഫിസിലും വനിതാ ജീവനക്കാരാണ് കൂടുതൽ.