ADVERTISEMENT

തിരൂരങ്ങാടി ∙ തെന്നല കറുത്താലിലെ പുറമ്പോക്ക് ഭൂമിയിൽ ഡ്രൈവിങ് ടെസ്റ്റ് നടത്തുന്നത് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ യുവാക്കൾ വീണ്ടും തടഞ്ഞു. നേരത്തേ തടഞ്ഞതിനെ തുടർന്ന് ഇന്നലെ പൊലീസ് സംരക്ഷണത്തിൽ ഡ്രൈവിങ് ടെസ്റ്റ് നടത്താനെത്തിയപ്പോഴാണ് വീണ്ടും തടഞ്ഞത്. തുടർന്ന് പൊലീസും മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ ചർച്ചയിൽ ഇന്ന് മലപ്പുറത്ത് ആർടിഒയുടെ ചേംബറിൽ ചർച്ച ചെയ്ത ശേഷം തീരുമാനമെടുക്കാം എന്ന ധാരണയിൽ ടെസ്റ്റ് നടത്താതെ ഉദ്യോഗസ്ഥർ മടങ്ങി. 

ഡ്രൈവിങ് ടെസ്റ്റ് നടത്താൻ സ്ഥലമില്ലാത്തതിനാൽ മോട്ടർ വാഹന വകുപ്പിന്റെ അപേക്ഷയെ തുടർന്നാണ് തെന്നല കറുത്താലിലെ പുറമ്പോക്ക് ഭൂമി കലക്ടർ ഡ്രൈവിങ് ടെസ്റ്റ് നടത്താൻ അനുവദിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ ഈ മാസം ഒന്നിന് ഇവിടെ ടെസ്റ്റ് നടത്താൻ എത്തിയെങ്കിലും ജനപ്രതിനിധികളും രാഷ്ട്രീയ പാർട്ടി പ്രതിനിധികളും യുവജന ക്ലബ് പ്രവർത്തകരും ചേർന്ന് ടെസ്റ്റ് നടത്തുന്നത് തടഞ്ഞു. 

ഇതേ തുടർന്ന് മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ മടങ്ങിപ്പോകുകയും ഡ്രൈവിങ് ടെസ്റ്റ് താൽക്കാലികമായി നിർത്തിവയ്ക്കുകയും ചെയ്തിരുന്നു. തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ച തഹസിൽദാറുടെ നേതൃത്വത്തിൽ പ്രതിഷേധക്കാരെകൂട്ടി യോഗം ചേർന്നെങ്കിലും സമവായത്തിലെത്താൻ കഴിഞ്ഞില്ല. ഇതേ തുടർന്നാണ് ഇന്ന് പൊലീസ് സംരക്ഷണത്തിൽ ഡ്രൈവിങ് ടെസ്റ്റ് നടത്താൻ തീരുമാനിച്ചത്. ഇന്ന് രാവിലെ ടെസ്റ്റിനുള്ളവരും മോട്ടർ വാഹന വകുപ്പും എത്തിയെങ്കിലും പ്രതിഷേധക്കാർ ഗ്രൗണ്ടിലിറങ്ങി. 

പൊലീസും സ്ഥലത്തെത്തിയിരുന്നു. മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പൊലീസുമായി പ്രതിഷേധക്കാർ ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല. തഹസിൽദാറുടെ യോഗത്തിന് ശേഷം തീരുമാനം അറിയിക്കാമെന്ന് പറഞ്ഞിരുന്നെങ്കിലും അറിയിക്കാതെ ടെസ്റ്റിന് വരികയായിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് സലീന കരുമ്പിൽ ആരോപിച്ചു. 

ഇന്ന് നടക്കുന്ന ചർച്ചയിൽ മോട്ടർ വാഹനവകുപ്പ്, പഞ്ചായത്ത്, റവന്യു, പൊലീസ്, ക്ലബ്, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ പങ്കെടുക്കും. പഞ്ചായത്തിലെ യുവാക്കൾ കളിക്കാനുപയോഗിക്കുന്ന ഗ്രൗണ്ട് ഡ്രൈവിങ് ടെസ്റ്റിന് വിട്ടുനൽകാനാവില്ലെന്നാണ് പ്രതിഷേധക്കാരുടെ നിലപാട്. രാവിലെ ഡ്രൈവിങ് ടെസ്റ്റ് നടത്തിയ ശേഷം കളിക്കാൻ ഉപയോഗപ്പെടുത്താമെന്നാണ് മോട്ടർ വാഹന വകുപ്പിന്റെ നിലപാട്.

പ്രതിഷേധത്തിന് പഞ്ചായത്ത് പ്രസിഡന്റ് സലീന കരുമ്പിൽ, വൈസ് പ്രസിഡന്റ് പി.പി.അഫ്സൽ,  സലീം മച്ചിങ്ങൽ, കെ.എം.അബ്ദുൽ ഗഫൂർ, എം.പി.കുഞ്ഞിമൊയ്തീൻ, ശരീഫ് വടക്കയിൽ,  കെ.വി.സെയ്താലി, കെ.വി.സലാം, പി.ടി.സലാഹ്, സൽമാൻ, സലാഹുദ്ദീൻ, വി.എം.ഷാജി തുടങ്ങിയവർ നേതൃത്വം നൽകി. എസ്ഐമാരായ എൻ.ആർ.സുജിത്ത്, സുബൈർ, മുകുന്ദൻ എന്നിവരുടെ നേതൃത്വത്തിൽ പൊലീസും സ്ഥലത്തെത്തിയിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com