നോട്ടുബുക്ക് നിർമാണശാലയിൽ തീപിടിത്തം; ലക്ഷങ്ങളുടെ നഷ്ടം
Mail This Article
വണ്ടൂർ ∙ അങ്ങാടിയിൽ നിലമ്പൂർ റോഡിൽ നോട്ടുബുക്ക് നിർമാണശാലയിൽ രാത്രി തീപിടിത്തമുണ്ടായി. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. വെള്ളുവമ്പാലി ഉമ്മറിന്റെ ഉടമസ്ഥതയിലെ വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനത്തിലാണ് തീപടർന്നത്.ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായാണു പ്രാഥമിക വിവരം. തീപടരാനുള്ള കാരണം വ്യക്തമല്ല. പേപ്പർ കട്ടു ചെയ്തിട്ട അവശിഷ്ടങ്ങളിലേക്കാണ് ആദ്യം തീപടർന്നത്. ഈ സമയത്തു 4 ജീവനക്കാർ അകത്തുണ്ടായിരുന്നു.
വശങ്ങളിൽ ജനലോ വാതിലുകളോ ഇല്ലാത്ത ഗോഡൗൺ മാതൃകയിലുള്ള കെട്ടിടത്തിലാണു സ്ഥാപനം പ്രവർത്തിക്കുന്നത്. തീയും പുകയും ഉയർന്നതോടെ ആർക്കും അടുക്കാനാവാത്ത അവസ്ഥയുണ്ടായി. കടയിലെ ജീവനക്കാരും ഓടിക്കൂടിയ നാട്ടുകാരും സമീപമുണ്ടായിരുന്ന കിണറ്റിൽ നിന്നു വെള്ളം അടിച്ചു തീ കെടുത്താൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. തുടർന്നു അഗ്നിരക്ഷാ സേനയെ വിവരം അറിയിച്ചു. നിലമ്പൂരിൽ നിന്നാണു 2 യൂണിറ്റ് സ്ഥലത്തെത്തിയത്. ഒരു മണിക്കൂറിനുള്ളിൽ തീ നിയന്ത്രിച്ചു.