ADVERTISEMENT

പൊന്നാനി ∙ 18 ലക്ഷം രൂപ ചെലവിൽ പുളിക്കക്കടവ് കായൽ തീരത്ത് നടപ്പാലം പുനർനിർമാണം ഉടൻ. അറ്റകുറ്റപ്പണികൾക്ക് നഗരസഭ നടപടി തുടങ്ങി. ജൂൺ മാസത്തിനകം പദ്ധതി പൂർത്തിയാക്കി യാത്രക്കാർക്ക് പാലം തുറന്നു കൊടുക്കുകയാണ് ലക്ഷ്യം. കായൽ തീരത്തെ ടൂറിസം വികസനത്തിന് അമൃത് പദ്ധതിയിലുൾപ്പെടുത്തി ഒരു കോടി രൂപയുടെ പദ്ധതിയും നഗരസഭ തയാറാക്കി. 

  പവലിയൻ അറ്റകുറ്റപ്പണികൾ, പാർക്ക്, ഇരിപ്പിടങ്ങൾ, ജല ടൂറിസം വിനോദ പദ്ധതികൾ തുടങ്ങിയവയാണ് കായൽ തീരത്ത് നടപ്പാക്കാൻ ഉദ്ദേശിക്കുന്നത്. കായൽ പ്രദേശം ഇതുവരെ ഡിടിപിസിയുടെ കൈവശമായിരുന്നു. നഗരസഭയ്ക്ക് നേരിട്ട് പദ്ധതി നടപ്പാക്കുന്നതിലും ഇടപെടലുന്നതിനും പരിമിതികളുണ്ടായിരുന്നു. വർഷങ്ങളായി ഇൗ ഭാഗത്തെ തൂക്കുപാലം തകർച്ചയിലാണ്. അപകടാവസ്ഥയിലായതിനാൽ പാലം അടച്ചിട്ടിരിക്കുകയാണ്. മാറഞ്ചേരി പഞ്ചായത്തിലെയും പൊന്നാനി നഗരസഭയിലെയും യാത്രക്കാർ ഇരുഭാഗത്തേക്കുമുള്ള യാത്രയ്ക്ക് ആശ്രയിക്കുന്ന പ്രധാന പാലമാണിത്.

അപകടാവസ്ഥയിലായിട്ടും നിവൃത്തിയില്ലാതെ മുന്നറിയിപ്പുകൾ മറികടന്ന് പലരും പാലത്തിലൂടെ യാത്ര ചെയ്യുന്നുണ്ട്. നാട്ടുകാർ നിരന്തരം പരാതികൾ ഉന്നയിച്ചിട്ടും ഡിടിപിസി നടപടി സ്വീകരിച്ചിരുന്നില്ല. പാലം അറ്റകുറ്റപ്പണികൾ തങ്ങളുടെ ബാധ്യതയല്ലെന്നായിരുന്നു വാദം. നഗരസഭയാണ് ചെയ്യേണ്ടതെന്നാണ് ഡിടിപിസി ആവർത്തിച്ചു പറഞ്ഞു കൊണ്ടിരുന്നത്. കായൽ ടൂറിസം പ്രദേശം നഗരസഭയ്ക്ക് കൈമാറിയാൽ അറ്റകുറ്റപ്പണികൾ നടത്താമെന്ന് നഗരസഭയും നിലപാടെടുത്തു. തുടർന്നാണ് നഗരസഭയ്ക്ക് കായൽ ടൂറിസം പ്രദേശം വിട്ടുനൽകാൻ തീരുമാനിച്ചിരുന്നത്.  

തൂക്കുപാലം അറ്റകുറ്റപ്പണികൾ അതിവേഗം നഗരസഭ നടപ്പാക്കും. ഇതിനായി സർക്കാർ അക്രഡിറ്റഡ് ഏജൻസികളെ സമീപിക്കാനാണ് തീരുമാനം. ടൂറിസം പദ്ധതികൾ നടപ്പാക്കുന്നതിന് അമൃത് പദ്ധതിയിലുൾപ്പെടുത്തി പദ്ധതി തയാറാക്കി സമർപ്പിച്ചിട്ടുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com