ADVERTISEMENT

മഞ്ചേരി ∙ നഗരസഭയുടെ ബജറ്റ് അവതരണത്തിനിടെ ഭരണ, പ്രതിപക്ഷാംഗങ്ങൾ ഏറ്റുമുട്ടി. കയ്യാങ്കളിയിൽ 29ാം വാർഡ് അംഗം ബേബി കുമാരിക്കു പരുക്കേറ്റു. ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബജറ്റ് അവതരണം തടസ്സപ്പെടുത്തിയതിനു 6 എൽഡിഎഫ് അംഗങ്ങളെ നഗരസഭാധ്യക്ഷ വി.എം.സുബൈദ സസ്പെൻഡ് ചെയ്തു.

നഗരസഭാ ഉപാധ്യക്ഷൻ വി.പി.ഫിറോസ് ബജറ്റ് അവതരണം തുടങ്ങിയപ്പോൾ എൽഡിഎഫ് കൗൺസിലർമാർ പ്ലക്കാർഡ് ഉയർത്തി മുദ്രാവാക്യം മുഴക്കിയതോടെയാണ് നാടകീയ രംഗങ്ങൾ അരങ്ങേറിയത്. പ്രതിഷേധ സൂചകമായി പ്രതിപക്ഷ അംഗങ്ങൾ കറുത്ത വസ്ത്രം ധരിച്ചായിരുന്നു എത്തിയിരുന്നത്. മുദ്രാവാക്യത്തിനിടെ ബജറ്റ് അവതരണം മുടങ്ങിയതോടെ യുഡിഎഫ് അംഗങ്ങൾ പ്രകോപിതരായി. ബജറ്റ് വായിക്കുന്നതിനു മുൻപേ പ്രതിഷേധിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് നഗരസഭാധ്യക്ഷ വി.എം.സുബൈദ അറിയിച്ചെങ്കിലും പ്രതിഷേധക്കാർ അടങ്ങിയില്ല. അതോടെ ഹാളിൽ പുറത്തു പോകാൻ ആവശ്യപ്പെട്ടു.

കഴിഞ്ഞ വർഷത്തെ ബജറ്റ് നിർദേശങ്ങൾ നടപ്പാക്കിയില്ലെന്നും പൊള്ളയായ വാഗ്ദാനങ്ങളാണ് ബജറ്റ് എന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. യുഡിഎഫ് അംഗങ്ങൾ ഗോ ബാക്ക് വിളിയുമായി ബഹളംവച്ചു. പ്രതിഷേധവും പ്രതിരോധവും നേർക്കുനേർ ആയതോടെ യുഡിഎഫ് സ്ഥിരസമിതി അധ്യക്ഷൻ പ്രതിപക്ഷത്തിന്റെ ബാനറും പ്ലക്കാർഡും പിടിച്ചുവാങ്ങി വലിച്ചെറിഞ്ഞു.  ഉന്തും തള്ളും കയ്യാങ്കളിയുമായി. 

അംഗങ്ങളെ പിടിച്ചുമാറ്റിയെങ്കിലും പ്രതിപക്ഷത്തെ പുറത്താക്കാൻ നടത്തിയ ശ്രമം വീണ്ടും കൂട്ടത്തല്ലിൽ കലാശിച്ചു. എൽഡിഎഫ് അംഗം മുണ്ടിനു മീതെ ഉടുത്ത പ്രതിഷേധ ബാനർ വലിച്ചൂരി. ബജറ്റ് കോപ്പി കീറിയെറിഞ്ഞു. എൽഡിഎഫ് അംഗം ബേബി കുമാരിയെ വളഞ്ഞിട്ട് കയ്യേറ്റം ചെയ്തു. യുഡിഎഫ് വനിതാ അംഗങ്ങളാണ് മർദിച്ചതെന്ന് കുമാരി പരാതിപ്പെട്ടു. എൽഡിഎഫ് അംഗങ്ങൾ ഹാൾ വിട്ട ശേഷമാണ് ബജറ്റ് അവതരിപ്പിച്ചത്. പൊലീസ് സ്ഥലത്തെത്തി. പ്രതിപക്ഷാംഗങ്ങൾ ഹാളിനു പുറത്തിരുന്നു മുദ്രാവാക്യം മുഴക്കി. ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട യുഡിഎഫ് അംഗങ്ങളായ എൻ.എം.എൽസി, ജസീനാബി അലി, ശ്രീജ എന്നിവരും ‍മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി.

6 എൽഡിഎഫ് അംഗങ്ങൾക്ക് 7 ദിവസത്തേക്ക് സസ്പെൻഷൻ
∙ ബജറ്റ് അവതരണം തടസ്സപ്പെടുത്തിയതിനു 6 എൽഡിഎഫ് അംഗങ്ങളെ നഗരസഭാധ്യക്ഷ വി.എം.സുബൈദ സസ്പെൻഡ് ചെയ്തു. മരുന്നൻ സാജിദ് ബാബു, ഷറീന ജൗഹർ, എ.വി.സുലൈമാൻ, സി.പി.അബ്ദുൽ കരീം, പ്രേമ രാജീവ്, ബേബി കുമാരി എന്നിവർക്കാണ് 7 ദിവസത്തേക്ക് സസ്പെൻഷൻ. ഉച്ചയ്ക്ക് ശേഷം നടന്ന ബജറ്റ് ചർച്ചയിൽ പ്രതിപക്ഷം വിട്ടു നിന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com