ശാന്തിയാത്രയ്ക്ക് പാത നിർമാണം: ഉറക്കം നടിച്ച് തിരുനാവായ പഞ്ചായത്ത് അധികൃതർ

Mail This Article
തിരുനാവായ ∙ ശാന്തിയാത്രയ്ക്ക് പാതയൊരുക്കാൻ മരാമത്ത് വകുപ്പിനും തിരുനാവായ പഞ്ചായത്തിനും മടി. കലക്ടറുടെ അനുമതി കിട്ടിയതോടെ പുഴയുടെ ഒരു ഭാഗത്ത് പാത നിർമിച്ച് തവനൂർ പഞ്ചായത്ത്. എല്ലാ തവണയും മരാമത്ത് വകുപ്പാണ് സർവോദയമേളയ്ക്കും ഇതിന്റെ ഭാഗമായി നടക്കുന്ന ശാന്തിയാത്രയ്ക്കും ഭാരതപ്പുഴയിൽ പാത നിർമിക്കാറുള്ളത്. ഇത്തവണ ഇതുണ്ടാവാത്തതിനെ തുടർന്ന് മേളയുടെ ചെയർമാനും ഗാന്ധിയനുമായ സി.ഹരിദാസ് തിരുനാവായയിലെ ഗാന്ധി സ്മാരക സ്തൂപത്തിനു മുൻപിൽ സത്യഗ്രഹമിരുന്നു.
തുടർന്ന് പാത നിർമിക്കാൻ തവനൂർ, തിരുനാവായ പഞ്ചായത്തുകൾക്ക് കലക്ടർ അനുമതി നൽകി. പാത നിർമിക്കാനുള്ള നടപടികൾ ചെയ്യാൻ മരാമത്ത് വകുപ്പിനും സർക്കാർ തലത്തിൽ നിന്ന് നിർദേശം വന്നു. എന്നാൽ പ്രദേശത്തിന്റെ ചുമതലയുള്ള മരാമത്ത് ഉദ്യോഗസ്ഥർക്ക് ഇതുമായി ബന്ധപ്പെട്ട ഉത്തരവൊന്നും നൽകിയില്ല.
അതേ സമയം കലക്ടറുടെ അനുമതി ലഭിച്ചിട്ടും തിരുനാവായ പഞ്ചായത്തും പാതയുണ്ടാക്കാൻ തയാറായില്ല. കലക്ടറുടെ അനുമതിയിൽ എത്ര പണം ചെലവാക്കണമെന്ന നിർദേശമില്ലെന്നാണ് ഇതിനു കാരണമായി തിരുനാവായ പഞ്ചായത്ത് പറയുന്നത്. എന്നാൽ ഇതേ അനുമതിയിലാണു തവനൂർ പഞ്ചായത്ത് പാതയുടെ നിർമാണം ആരംഭിച്ചത്. നിലവിൽ തവനൂർ പഞ്ചായത്തിന്റെ ഭാഗത്ത് മാത്രമാണ് പാത ഒരുങ്ങിയത്. വെള്ളമുള്ള തിരുനാവായ പഞ്ചായത്തിന്റെ ഭാഗം കൂടി ശരിയാക്കിയാലേ ശാന്തിയാത്ര നടക്കൂ.