ADVERTISEMENT

തിരൂർ ∙ തിരഞ്ഞെടുപ്പ് വിജ്ഞാപനത്തിനു മുൻപ് തിരൂർ റെയിൽവേ സ്റ്റേഷനിലെ അമൃത് ഭാരത് പദ്ധതി വഴിയുള്ള നവീകരണ പ്രവൃത്തികൾ പൂർത്തിയാക്കാൻ നെട്ടോട്ടം. പ്രധാന കവാടത്തിന്റെ മോടികൂട്ടൽ, ലിഫ്റ്റ്, മേൽപാലം, പ്ലാറ്റ്ഫോം ഉയർത്തൽ, വൈദ്യുതീകരണ പ്രവൃത്തികൾ, മേൽക്കൂര സ്ഥാപിക്കൽ തുടങ്ങിയ പണികളെല്ലാം തീർക്കാനാണ് കരാറുകാർ നെട്ടോട്ടമോടുന്നത്. അതേ സമയം പാർക്കിങ് ഗ്രൗണ്ടിന്റെ പണി ഏറെക്കുറേ പൂർത്തിയായിക്കഴിഞ്ഞു. 18 കോടി രൂപയുടെ പണികളാണ് തിരൂരിൽ മാത്രം നടക്കുന്നത്. 

ജില്ലയിൽ ഏറ്റവുമധികം തുക വിനിയോഗിച്ച് നവീകരണം നടത്തുന്നതും തിരൂരിലാണ്. തിരഞ്ഞെടുപ്പ് വിജ്ഞാപനം വരുന്നതിനു മുൻപായി ഈ മാസം അവസാനത്തോടെ രാജ്യത്തെ അമൃത് ഭാരത് പദ്ധതി വഴി നടത്തിയ നവീകരണങ്ങളെല്ലാം പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. 

തിരൂർ റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന ലിഫ്റ്റ്.
തിരൂർ റെയിൽവേ സ്റ്റേഷനിലെ രണ്ടാം പ്ലാറ്റ്ഫോമിൽ നിർമിക്കുന്ന ലിഫ്റ്റ്.

ഇതിനായി തിരൂരിൽ തിരക്കിട്ട പണികളാണ് നടക്കുന്നത്. പ്രധാന കവാടത്തിന്റെ മോടികൂട്ടലിലാണ് പണിക്കാർ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. സ്റ്റേഷനകത്തും പണികളുടെ പൂരമാണ്. മേൽക്കൂര സ്ഥാപിക്കലും പ്ലാറ്റ്ഫോം ഉയർത്തലുമെല്ലാം തകൃതിയായി നടക്കുന്നുണ്ട്. വൈദ്യുതീകരണ പ്രവൃത്തികളും കാര്യമായി നടക്കുന്നുണ്ട്.

അതേ സമയം ഒന്നാം പ്ലാറ്റ്ഫോമിൽ നിന്ന് രണ്ടിലേക്ക് നിർമിക്കുന്ന മേൽപാലത്തിന്റെ പണി പാതിയായി കിടക്കുകയാണ്. ഇതുവരെ ഒന്നാം പ്ലാറ്റ്ഫോമിൽ കാലുകൾ മാത്രമാണ് സ്ഥാപിച്ചിട്ടുള്ളത്. ഇത് ഇനി രണ്ടിലേക്ക് നീട്ടിയെടുക്കേണ്ടതുണ്ട്. രണ്ടാം പ്ലാറ്റ്ഫോമിലാണ് ലിഫ്റ്റ് നിർമാണം നടക്കുന്നത്. 2 പ്രവൃത്തികളും ഉദ്ഘാടനത്തിനു മുൻപു തന്നെ പൂർത്തിയാക്കാൻ തിരക്കിട്ട ഓട്ടത്തിലാണ് ജോലിക്കാർ. 

റെയിൽവേ സ്റ്റേഷന്റെ മാർക്കറ്റ് ഭാഗത്തെ കവാടത്തിനു സമീപം നിർമിക്കുന്ന പാർക്കിങ് ഗ്രൗണ്ട് നിർമാണം ഏതാണ്ട് പൂർത്തിയായിട്ടുണ്ട്. ഇതിനൊപ്പം പ്രധാന കവാടത്തിനു സമീപത്തെ പാർക്കിങ് ഗ്രൗണ്ട് നിർമാണവും നടക്കുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com