ADVERTISEMENT

താനൂർ∙ ജലനിധിയുടെ കിണർ വെള്ളം മലിനമെന്നു പരാതി. എളാരൻ കടപ്പുറം ഗവ. ഫിഷറീസ്  ഹൈസ്കൂളിനു സമീപം 22 വർഷം മുൻപ് നിർമിച്ച വലിയ കിണറിലാണ് മാലിന്യം നിറഞ്ഞത്. ഇതോടെ പരിസരത്തെ നൂറുകണക്കിന് കുടുംബങ്ങളാണ് ബുദ്ധിമുട്ടിലായത്. രോഗഭീഷണിയുമുണ്ട്. 

തീരദേശത്തെ 3 വാർഡുകളുടെ അതിർത്തിയിലാണ് കിണർ. തീരവാസികളുടെ ഏക ശുദ്ധജല സ്രോതസ്സും ഇതാണ്. സമീപത്ത് ടാങ്കും ഉണ്ട്.പണിതിട്ട് ഇതുവരെ കിണറും ടാങ്കും വൃത്തിയാക്കിയിട്ടില്ലെന്നാണ് പരിസരവാസികൾ പറയുന്നത്. മുകൾഭാഗം   കനത്തിൽ കോൺക്രീറ്റ് സ്ലാബിട്ട് മൂടിയതിനാൽ വെള്ളത്തിൽ സൂര്യപ്രകാശം ഏൽക്കുന്നില്ല. 

കിണറിനു ചുറ്റും ചപ്പുചവറുകളും മറ്റു മാലിന്യങ്ങളും കൂമ്പാരമായി കിടപ്പാണ്. ഈയിടെ വെള്ളത്തിന് നിറം മാറ്റവും രുചിവ്യത്യാസവും വന്നിരുന്നു. അധികൃതർക്ക് പരാതി നൽകിയെങ്കിലും പരിഹാര നടപടികൾ ഉണ്ടായിട്ടില്ല. കലക്ടർക്ക് പരാതി നൽകിയതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ വെള്ളത്തിൽ കോളിഫോം ബാക്ടീരിയയുടെ അളവ് കൂടുതലാണെന്നു   വ്യക്തമായിരുന്നു.

കിണറും ടാങ്കും ശുചീകരിച്ച് ജലവിതരണം നടത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. നടപടിയുണ്ടായില്ലെങ്കിൽ സമരം നടത്താനാണ് ആലോചന. മലിനജലം അടിയന്തരമായി ശുദ്ധീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഡിവൈഎഫ്ഐ തീരദേശ മേഖല കമ്മിറ്റി ധർണ നടത്തി. ധർണ സിഐടിയു ഏരിയ സെക്രട്ടറി എം.അനിൽകുമാർ ഉദ്ഘാടനം ചെയ്തു. എ.കെ.മുജീബ് റഹ്മാൻ ആധ്യക്ഷ്യം വഹിച്ചു. വി.വിശാഖ്, ഹംസു മേപ്പുറത്ത്, നൗഷാദ് താനൂർ, ലാമിഹ് റഹ്മാൻ, ഹാരിഫ്, ഇഫ്‌ലാസ് എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com