ADVERTISEMENT

എരമംഗലം ∙ ഒന്നരമാസം മുൻപുണ്ടായ ബണ്ട് തകർച്ചയിൽ നരണിപ്പുഴ-കുമ്മിപ്പാലം പാടശേഖരത്ത് മണ്ണുമൂടിയതോടെ പത്തേക്കറോളം ഭൂമി കൃഷി ഇറക്കാനാവാത്ത സ്ഥിതിയിൽ. നൂറടിത്തോട്ടിൽനിന്നും പുറം കോളിൽനിന്നും ഉണ്ടായ ശക്തമായ വെള്ളത്തിന്റെ ഒഴുക്കിനെ തുടർന്നാണ് പാടശേഖരത്തിന്റെ 75 മീറ്റർ ബണ്ട് തകർന്നുപോയത്. ശക്തമായ ഒഴുക്കിൽ തകർന്ന ബണ്ടിനോടു ചേർന്നുള്ള 10 ഏക്കർ കൃഷി ഭൂമിയിലാണ് ചെളിയും മണ്ണും നിറഞ്ഞു കിടക്കുന്നത്.

നടീലിനായി ഒരുക്കിയ 400 മീറ്റർ പാടങ്ങളാണ് കൃഷി ചെയ്യാൻ കഴിയാത്ത തരത്തിൽ പൂതച്ചേറും മണ്ണും കൊണ്ട് മൂടിക്കിടക്കുന്നത്. കൂടാതെ സമീപത്തെ ഇടത്തോടുകളിലേക്കും മണൽ ഒഴുകിയെത്തി ആഴം കുറഞ്ഞു. വെള്ളക്കെട്ടിൽ ബണ്ടിനടിയിലെ പൂതച്ചേറ് താഴുകയും വേഗത്തിൽ വെള്ളം പാടശേഖരത്ത് ഒഴുകിയെത്തുകയുമായിരുന്നു.

പൂതച്ചേറിന്റെ വലിയ കട്ടകളാണ് പാടശഖേരത്തിന്റെ വിവിധ ഭാഗങ്ങളിൽ കിടക്കുന്നത്. വെള്ളം വറ്റിയതോടെ മീറ്ററുകളോളം നീളത്തിൽ മണലും ചെളിയും മരക്കുറ്റികളും കൂടിക്കിടക്കുകയാണ്. പുറം കോളിൽനിന്ന് വെള്ളത്തോടൊപ്പം വലിയ കളകൾ എത്തിയത് പാടശേഖരത്തെ കൃഷിസ്ഥലത്തേക്ക് വ്യാപിച്ചിട്ടുണ്ട്. മണൽ മൂടിയ സ്ഥലത്തുനിന്ന്  മണൽ നീക്കം ചെയ്യാൻ വലിയ ചെലവ് വരുന്നതിനാൽ ഇൗ സീസണിൽ ഇവിടെ കൃഷി ചെയ്യാൻ കഴിയില്ലെന്നാണ് കർഷകർ പറയുന്നത്. ഓരോ ഏക്കറിലെയും മണ്ണ് നീക്കം ചെയ്യാൻ പതിനായിരം രൂപയ്ക്കു  മുകളിൽ ചെലവ് വരുമെന്നതിനാൽ കർഷകർക്ക് മണൽ നീക്കി കൃഷി ഇറക്കാൻ കഴിയില്ലെന്നാണ് കർഷകർ പറയുന്നത്.

ബണ്ട് പുനർനിർമിക്കുന്നതിനൊപ്പം മണൽ മൂടിയ കൃഷിസ്ഥലം  സർക്കാർ സംവിധാനം ഉപയോഗിച്ച് പഴയ രീതിയിലാക്കണമെന്നാണ് കർഷകരുടെ ആവശ്യം. ഇൗ ആവശ്യം ഉന്നയിച്ച് എംഎൽഎക്കും കെഎൽഡിസിക്കും പരാതി നൽകുമെന്ന് പാടശേഖര സമിതി പ്രസിഡന്റ് രാഘവൻ തട്ടകത്തും സെക്രട്ടറി സുരേഷ് പാട്ടത്തിലും അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com