ADVERTISEMENT

മലപ്പുറം ∙ സ്വതന്ത്ര നീതിന്യായ വ്യവസ്ഥയോട് പൗരന്മാർക്കുള്ള ആദരവ് നഷ്ടപ്പെടുത്തുന്ന വിധത്തിലുള്ള ഭരണകൂട ഇടപെടലുകൾ അവസാനിപ്പിക്കണമെന്ന്  വിസ്ഡം കേരള യൂത്ത് കോൺഫറൻസ് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. ബാബറി മസ്ജിദിനു ശേഷം ഗ്യാൻവാപി  അടക്കമുള്ള മുസ്‌ലിം പള്ളികളിൽ ഫാഷിസ്റ്റുകൾ അവകാശവാദം ഉന്നയിക്കുന്നത് രാജ്യത്തിന്റെ സമാധാനാന്തരീക്ഷം തകർക്കുമെന്നും  രാജ്യത്ത് അസ്ഥിരത സൃഷ്ടിക്കുമെന്നും പ്രമേയം ചൂണ്ടിക്കാട്ടി. ‘യുവത്വം നിർവചിക്കപ്പെടുന്നു’ എന്ന പ്രമേയത്തിൽ നടന്ന രണ്ടു ദിവസത്തെ കോൺഫറൻസ് സമാപിച്ചു. വംശീയതയ്ക്കും ഫാഷിസത്തിനുമെതിരെ ചെറുത്തുനിൽപ് ശക്തമാക്കണമെന്ന് കോൺഫറൻസ് ആഹ്വാനം ചെയ്തു. 

ഇന്ത്യയുടെ മതനിരപേക്ഷ മൂല്യങ്ങൾ തിരിച്ചുപിടിക്കണമെങ്കിൽ കക്ഷി രാഷ്ട്രീയത്തിനതീതമായി യുവജന കൂട്ടായ്മകൾ ശക്തിപ്പെടുത്തണം. ജനങ്ങളുടെ സ്വാതന്ത്ര്യം സംരക്ഷിക്കലാണ് ഭരണകൂടത്തിന്റെ ഉത്തരവാദിത്തമെന്ന് മനസ്സിലാക്കുന്ന ഭരണകൂടത്തിന്റെ അഭാവമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. വിഭാഗീയതയ്ക്കും അക്രമങ്ങൾക്കും വഴിമരുന്നിടുന്നതിൽനിന്ന് ഭരണകൂടം പിന്മാറണമെന്നും കോൺഫറൻസ് ആവശ്യപ്പെട്ടു. 

സമാപന സമ്മേളനം വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ. അബ്ദുല്ലത്തീഫ് മദനി  ഉദ്ഘാടനം ചെയ്തു  യുഎഇ ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രസിഡന്റ് ഹുസൈൻ സലഫി , ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ് ,സംസ്ഥാന വൈസ് പ്രസിഡന്റ് ഹാരിസ് കായക്കൊടി,വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്റ് കെ. താജുദ്ദീൻ സ്വലാഹി, സംസ്ഥാന സെക്രട്ടറി യു. മുഹമ്മദ് മദനി, വൈസ് പ്രസിഡന്റ് ഡോ. പി.പി. നസീഫ്, പി. ഉബൈദുല്ല എംഎൽഎ, ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് പി.വസീഫ്, യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ, മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ്, ശംജാസ് കെ. അബ്ബാസ്, ഡോ. അബ്ദുല്ലാ ബാസിൽ തുടങ്ങിയവർ പ്രസംഗിച്ചു.

പലസ്തീന് പിന്തുണ
മലപ്പുറം∙പലസ്‌തീന് വിസ്ഡം യൂത്ത് കോൺഫറൻസിൽ ഐക്യദാർഢ്യം. ലോകം മൗനം വെടിയണമെന്ന് കോൺഫറൻസ് ആവശ്യപ്പെട്ടു. മനുഷ്യാവകാശ പ്രവർത്തകരടക്കമുള്ളവരുടെ മൗനം ആശ്ചര്യപ്പെടുത്തുന്നതാണ്. അമേരിക്ക ഉൾപ്പെടെയുള്ള രാഷ്ട്രങ്ങളുടെ സമീപനം അപലപനീയമാണെന്നും യൂത്ത് കോൺഫറൻസ് അഭിപ്രായപ്പെട്ടു.

‘അനുകരണ ഭ്രമം വെടിയണം’
മലപ്പുറം∙സമൂഹ മാധ്യമങ്ങളിലും മറ്റും ജനശ്രദ്ധയാകർഷിക്കാൻ വേണ്ടി മൂല്യങ്ങളെ തിരസ്കരിക്കുന്ന പ്രവണതയെ കരുതിയിരിക്കണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി.എൻ.അബ്ദുല്ലത്തീഫ് മദനി. യൂത്ത് കോൺഫറൻസ് സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യുവാക്കളിൽ വർധിച്ചുവരുന്ന അന്ധമായ അനുകരണഭ്രമം വെടിയണമെന്നും അദ്ദേഹം പറഞ്ഞു

ഒരു കേസിലും ആശങ്കയില്ല: രാഹുൽ മാങ്കൂട്ടത്തിൽ
മലപ്പുറം ∙ ഗാന്ധിയെ കൊന്നത് ആർഎസ്എസ് തന്നെയാണെന്നത് രാജ്യത്ത് ജനാധിപത്യ മൂല്യം പേറുന്ന എല്ലാവർക്കും അറിയാവുന്ന യാഥാർഥ്യമാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ. ഗാന്ധി പോലെ യാഥാർഥ്യമായ കാര്യമാണത്. അതു പറയുന്നതിന്റെ പേരിൽ എടുക്കുന്ന ഒരു കേസിലും ആശങ്കപ്പെടുന്നില്ല. വിസ്ഡം കേരള യൂത്ത് കോൺഫറൻസിന്റെ സമാപന സമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു രാഹുൽ.

കഴിഞ്ഞ മാസം മലപ്പുറത്ത് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച ചടങ്ങിൽ രാഹുൽ മാങ്കൂട്ടത്തിൽ സമാന പരാമർശം നടത്തിയിരുന്നു. ഇതിൽ മാപ്പു പറയണമെന്നും അല്ലാത്ത പക്ഷം നിയമനടപടി സ്വീകരിക്കുമെന്നും കാണിച്ച് ആർഎസ്എസ് മലപ്പുറം സഹകാര്യ വാഹക് വക്കീൽ നോട്ടിസയച്ചിരുന്നു. വക്കീൽ നോട്ടിസ് പരാമർശിച്ചു കൊണ്ടാണ് ഗാന്ധി വധവുമായി ബന്ധപ്പെട്ട പ്രസംഗ ഭാഗം രാഹുൽ ആവർത്തിച്ചത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com