ADVERTISEMENT

മലപ്പുറം ∙ പൊന്നാനി ലോക്സഭാ മണ്ഡലത്തിൽ ‘സ്വതന്ത്ര’ പരീക്ഷണം അവസാനിപ്പിച്ച് സിപിഎം അരിവാൾ ചുറ്റിക നക്ഷത്രവുമായി രംഗത്തിറങ്ങുന്നു. ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫിനെ പൊന്നാനിയിൽ സ്ഥാനാർഥിയാക്കാനുള്ള നിർദേശം ജില്ലാ സെക്രട്ടേറിയറ്റ് സംസ്ഥാന നേതൃത്വത്തിനു കൈമാറി. സംസ്ഥാന കമ്മിറ്റി അംഗീകരിച്ചാൽ അര നൂറ്റാണ്ടിനു ശേഷം പൊന്നാനിയിൽ സിപിഎമ്മിനു പാർട്ടി ചിഹ്നത്തിൽ സ്ഥാനാർഥിയുണ്ടാകും.

1971ൽ എം.കെ.കൃഷ്ണനാണ് പൊന്നാനിയിൽനിന്ന് അവസാനമായി പാർട്ടി ചിഹ്നത്തിൽ മത്സരിച്ചു ജയിച്ചത്. ദീർഘകാലം ഘടകകക്ഷികൾക്കു കൈമാറിയ മണ്ഡലം 2009ൽ സിപിഎം തിരിച്ചെടുത്തു. പിന്നീട് നടന്ന 3 തിരഞ്ഞെടുപ്പുകളിലും സ്വതന്ത്ര സ്ഥാനാർഥികളെ ഇറക്കി മണ്ഡലം പിടിക്കാൻ ശ്രമമിച്ചെങ്കിലും വിജയിച്ചില്ല.

മന്ത്രി വി.അബ്ദുറഹിമാൻ, കെ.ടി.ജലീൽ എംഎൽഎ എന്നിവരുടെ പേരുകളാണ് ആദ്യഘട്ടത്തിൽ പൊന്നാനിയിൽ ഉയർന്നത്. എന്നാൽ, രാഷ്ട്രീയ പോരാട്ടത്തിനു സാധ്യതയുള്ള മണ്ഡലത്തിൽ പാർട്ടി ചിഹ്നത്തിൽ സ്ഥാനാർഥി വേണമെന്ന് കീഴ്ഘടകങ്ങൾ നിലപാടെടുത്തു.

മണ്ഡലത്തിലെ 7 നിയമസഭാ സീറ്റുകളിൽ നിലവിൽ നാലെണ്ണത്തിൽ എൽഡിഎഫ് എംഎൽഎമാരാണ്. ഇതിൽ താനൂരും തൃത്താലയും മന്ത്രി മണ്ഡലങ്ങളാണ്. ആഞ്ഞുപിടിച്ചാൽ പിടിച്ചെടുക്കാമെന്ന് വിലയിരുത്തലുള്ള മണ്ഡലത്തിൽ വിജയസാധ്യതയുള്ള സ്ഥാനാർഥിയെന്ന നിലയിലാണ് ജില്ലാ നേതൃത്വം വസീഫിന്റെ പേരിലെത്തിയത്. കോഴിക്കോട് ജില്ലയിലെ കൊടിയത്തൂർ സ്വദേശിയാണ് വസീഫ്. 

കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന് വേരോട്ടമുള്ള പൊന്നാനിയിൽ ലോക്സഭാ തിരഞ്ഞെടുപ്പ് വിജയത്തിൽ മുസ്‌ലിം ലീഗ് ഏറെ മുന്നിലാണ്. 1977നു ശേഷം ലീഗ് സ്ഥാനാർഥികളല്ലാതെ ഇവിടെ നിന്ന് ലോക്സഭയിലേക്ക് പോയിട്ടില്ല. സിറ്റിങ് എംപി ഇ.ടി.മുഹമ്മദ് ബഷീറിനെത്തന്നെ ലീഗ് വീണ്ടും രംഗത്തിറക്കാനാണ് സാധ്യത. ലീഗിന്റെ കുത്തക തകർക്കാൻ സിപിഎം മുൻപ് നടത്തിയ ശ്രമങ്ങളെല്ലാം പരാജയമായിരുന്നു. 1977ൽ അഖിലേന്ത്യാ ലീഗ് സ്ഥാനാർഥി മൊയ്തീൻകുട്ടി ഹാജിയും 1980ൽ ആര്യാടൻ മുഹമ്മദുമെല്ലാം ആ ശ്രമങ്ങളുടെ ഭാഗമായിരുന്നു. 

പിന്നീട് 2009 വരെ സിപിഐ ആണ് മണ്ഡലത്തിൽ മത്സരിച്ചത്. 2009ൽ സീറ്റ് പിടിച്ചെടുത്ത സിപിഎം, കാന്തപുരം വിഭാഗത്തിനു കൂടി താൽപര്യമുണ്ടായിരുന്ന ഹുസൈൻ രണ്ടത്താണിയെ സ്ഥാനാർഥിയാക്കി. 2014ൽ മുൻ കോൺഗ്രസുകാരനായ നിലവിലെ മന്ത്രി വി.അബ്ദുറഹിമാനെയാണ് സിപിഎം പരീക്ഷിച്ചത്. 2019ൽ നിലമ്പൂർ എംഎൽഎ പി.വി.അൻവറിന്റെ ഊഴമായിരുന്നു. സ്വതന്ത്ര പരീക്ഷണങ്ങൾ തുടർച്ചയായി പരാജയപ്പെട്ടതിനു ശേഷമാണ് പാർട്ടി ചിഹ്നത്തിൽ സ്ഥാനാർഥിയെ നിർത്താൻ സിപിഎം ആലോചിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com