ADVERTISEMENT

കരിപ്പൂർ ∙ കോഴിക്കോട് വിമാനത്താവളത്തിനു പുതുജീവൻ പകർന്നു വിമാനക്കമ്പനികളുടെ പ്രഖ്യാപനം. കൂടുതൽ രാജ്യാന്തര, ആഭ്യന്തര സർവീസുകൾ വൈകാതെ ആരംഭിക്കാനാകുമെന്ന പ്രതീക്ഷയാണ് വിമാനത്താവളത്തിൽ ചേർന്ന യോഗത്തിൽ വിമാനക്കമ്പനി പ്രതിനിധികൾ പങ്കുവച്ചത്.ശ്രീലങ്കയിലെ കൊളംബോയിലേക്ക് ഫിറ്റ്സ് എയറും മലേഷ്യയിലെ ക്വാലലംപുരിലേക്ക് എയർ ഏഷ്യയും ഏതാനും മാസങ്ങൾക്കകം സർവീസ് ആരംഭിക്കുമെന്ന വാഗ്ദാനം കരിപ്പൂരിന് വലിയ പ്രതീക്ഷകളാണു നൽകുന്നത്. 2 വിമാനക്കമ്പനികൾ എത്തിയാൽതന്നെ വിവിധ രാജ്യങ്ങളിലേക്കു കണക്‌ഷൻ വിമാനങ്ങൾ ലഭിക്കും.

ഗോവ, ശ്രീനഗർ, അഹമ്മദാബാദ്, പുണെ, കൊൽക്കത്ത തുടങ്ങിയ ആഭ്യന്തര സർവീസുകൾ വേണമെന്ന് യോഗത്തിൽ ആവശ്യമുയർന്നു. കരിപ്പൂരിൽനിന്നു ഹൈദരാബാദ്, ബെംഗളൂരു, ചെന്നൈ, ഡൽഹി, മുംബൈ എന്നീ ആഭ്യന്തര സർവീസുകളാണ് നിലവിലുള്ളത്. കൊൽക്കത്ത സർവീസ് ഇതര സംസ്ഥാന തൊഴിലാളികൾക്ക് ഏറെ പ്രയോജനപ്പെടും. ലക്ഷദ്വീപിലേക്ക് സർവീസ് ആരംഭിക്കുക, ആഭ്യന്തര, രാജ്യാന്തര സർവീസുകളുടെ എണ്ണം കൂട്ടുക തുടങ്ങിയ ആവശ്യങ്ങളോട് അനുകൂലമായാണ് വിമാനക്കമ്പനി പ്രതിനിധികൾ പ്രതികരിച്ചത്.

കമ്പനി പ്രതിനിധികളുടെയോഗ തീരുമാനങ്ങൾ
∙ കോഴിക്കോട്ടുനിന്നു തിരുവനന്തപുരത്തിനു പുറമേ, കൂടുതൽ ആഭ്യന്തര സർവീസുകൾ ആരംഭിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ് പ്രതിനിധി.
∙ കോഴിക്കോട് വിമാനത്താവളം മുഖ്യ പരിഗണനയിലുണ്ടെന്നും ഇന്ത്യൻ വിമാനക്കമ്പനിയായ ആകാശ് എയർ, സിംഗപ്പൂർ കേന്ദ്രമായുള്ള സ്കൂട്ട് എയർ പ്രതിനിധികൾ അറിയിച്ചു.
∙ നിർത്തിയ ദമാം സർവീസ് പുനരാരംഭിക്കുമെന്ന് ഇൻഡിഗോ.
∙ കൂടുതൽ വിമാനങ്ങൾ എത്തുന്നതോടെ, നിലവിലുള്ള റിയാദ് സർവീസിനു പുറമേ, ജിദ്ദയിലേക്കു വിമാന സർവീസ് പരിഗണിക്കുമെന്ന് ഫ്ളൈനാസ്, സ്പൈസ് ജെറ്റ് വിമാനക്കമ്പനികളുടെ പ്രതിനിധികൾ.
∙ മാർച്ച് 28ന് സമ്മർ ഷെഡ്യൂൾ നിലവിൽ വരും. ആ സമയത്തേക്ക് കൂടുതൽ സർവീസുകൾ ആലോചിക്കാമെന്നു പ്രതിനിധികൾ അറിയിച്ചു. 

അതേസമയം, വലിയ വിമാന സർവീസ് പുനരാരംഭിക്കാതെ കോഴിക്കോട് വിമാനത്താവളത്തിലേക്കു തിരിച്ചെത്താൻ സാധിക്കില്ലെന്നു സൗദി എയർലൈൻസ് പ്രതിനിധി അറിയിച്ചു.മലബാർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് എം.എ.മെഹബൂബ്, കാലിക്കറ്റ് ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡന്റ് വിനീഷ് വിദ്യാധരൻ, എയർപോർട്ട് ഉപദേശക സമിതി അംഗങ്ങളായ ടി.പി.എം.ഹാഷിർ ആലി, എ.കെ.എ.നസീർ തുടങ്ങിയവർ പ്രസംഗിച്ചു.

ഹജ് യാത്രാ നിരക്ക് വർധന;പ്രതിഷേധമറിയിച്ച് എംപിമാർ
കോഴിക്കോട് വിമാനത്താവളത്തിൽനിന്നുള്ള ഹജ് വിമാന യാത്രാ നിരക്കിലെ വർധനയിൽ പ്രതിഷേധമറിയിച്ച് എംപിമാർ. എം.പി.അബ്ദുസ്സമദ് സമദാനി, എം.കെ.രാഘവൻ എന്നിവരാണ്, വിമാനത്താവളത്തിൽ നടന്ന യോഗത്തിനിടെ എയർ ഇന്ത്യ എക്സ്പ്രസ് പ്രതിനിധിയോട് പ്രതിഷേധമറിയിച്ചത്. കേരളത്തിലെ മറ്റ് ഹജ് പുറപ്പെടൽ കേന്ദ്രങ്ങളായ കണ്ണൂർ, കൊച്ചി എന്നീ വിമാനത്താവളങ്ങളിൽനിന്നുള്ള നിരക്കിന്റെ ഇരട്ടിയാണ് കരിപ്പൂരിൽനിന്നുള്ള യാത്രാ നിരക്കെന്നും അത് അംഗീകരിക്കാനാകില്ലെന്നും സമദാനി പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com