ADVERTISEMENT

മലപ്പുറം ∙ മൂന്നാം സീറ്റിനായി യുഡിഎഫിൽ സമ്മർദം തുടരുന്നതിനിടെ മുസ്‌ലിം ലീഗിൽ സ്ഥാനാർഥി നിർണയ ചർച്ച പുരോഗമിക്കുന്നു. സിറ്റിങ് എംപിമാരായ ഇ.ടി.മുഹമ്മദ് ബഷീറിനെയും എം.പി.അബ്ദുസ്സമദ് സമദാനിയെയും വീണ്ടും മത്സരിപ്പിക്കാൻ പാർട്ടിയിൽ ഏകദേശ ധാരണയായി. മണ്ഡലം പരസ്പരം വച്ചു മാറണമെന്ന അഭിപ്രായം ഉയർന്നെങ്കിലും പാർട്ടി തീരുമാനമെടുത്തിട്ടില്ല. മൂന്നാം സീറ്റ് ലഭിച്ചാൽ യുവ നേതാക്കൾക്കായിരിക്കും മുൻഗണന.

മൂന്നാം സീറ്റ് അനുവദിക്കാനാകില്ലെങ്കിൽ പാർട്ടി ആവശ്യപ്പെടുന്ന രാജ്യസഭാ സീറ്റ് ലഭിച്ചാലും യുവ നേതാക്കൾക്ക്  അവസരം നൽകും. ലോക്സഭാ, രാജ്യസഭാ സീറ്റുകൾ നൽകുന്നതിലെ പ്രായോഗിക ബുദ്ധിമുട്ട് അറിയിച്ച കോൺഗ്രസ് നേതൃത്വം കൂടുതൽ നിയമസഭാ മണ്ഡലങ്ങളെന്ന പരിഹാര നിർദേശം ലീഗിനു മുന്നിൽ വച്ചിട്ടുണ്ടെന്നാണ് സൂചന. ലീഗ് മൂന്നാം സീറ്റ് അല്ലെങ്കിൽ രാജ്യസഭ എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ്.

മൂന്നു തവണയായി പൊന്നാനിയെ പ്രതിനിധീകരിക്കുന്ന അഖിലേന്ത്യാ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീറിനെ മലപ്പുറത്തും എം.പി.അബ്ദുസ്സമദ് സമദാനിയെ പൊന്നാനിയിലും മത്സരിപ്പിക്കുകയെന്ന സാധ്യത പാർട്ടിയുടെ സജീവ പരിഗണനയിലുണ്ട്. എന്നാൽ, യുഡിഎഫിലെ സീറ്റ് വിഭജനം പൂർത്തിയായ ശേഷം ഇത്തരം ചർച്ചകളിലേക്ക് കടന്നാൽ മതിയെന്നാണ് തീരുമാനം. സിപിഎം സ്ഥാനാർഥികളെക്കൂടി അറിഞ്ഞ ശേഷമായിരിക്കും അന്തിമ തീരുമാനം. നിലവിലെ ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ ഇ.ടിയും സമദാനിയും വീണ്ടും ലോക്സഭയിലുണ്ടാകേണ്ടത് ആവശ്യമാണെന്ന ബോധ്യത്തിലാണ് ഇവർക്കും വീണ്ടും അവസരം നൽകുന്നത്. 

പോഷക സംഘടനകളിൽനിന്നും പ്രവർത്തകരിൽനിന്നും ഉയരുന്ന സമ്മർദമാണ് മൂന്നാം സീറ്റെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കാൻ ലീഗ് നേതൃത്വത്തെ നിർബന്ധിക്കുന്നത്. ലീഗ്–കോൺഗ്രസ് നേതാക്കൾ തമ്മിൽ പലതലങ്ങളിൽ ചർച്ച നടക്കുന്നുണ്ടെങ്കിലും പരിഹാരമായിട്ടില്ല. ലോക്സഭാ, രാജ്യസഭാ സീറ്റുകൾ നൽകുന്നതിന്റെ ബുദ്ധിമുട്ട് കോൺഗ്രസ് നേതൃത്വം ലീഗിനെ അറിയിച്ചിട്ടുണ്ട്. നിയമസഭയിലേക്ക് കൂടുതൽ സീറ്റ്, നിലവിലെ ചില സീറ്റുകൾ വിജയ സാധ്യത അടിസ്ഥാനമാക്കി വച്ചു മാറൽ തുടങ്ങിയ പരിഹാര നിർദേശങ്ങൾ കോൺഗ്രസ് മുന്നോട്ടുവയ്ക്കുമെന്നാണ് സൂചന. 

മൂന്നാം സീറ്റ്: ചർച്ചനടക്കുകയാണെന്ന് കുഞ്ഞാലിക്കുട്ടി
കോൺഗ്രസും ലീഗും തമ്മിലുള്ള സീറ്റ് വിഭജന ചർച്ച വഴിമുട്ടിയിട്ടില്ലെന്നും പല തലങ്ങളിൽ നടന്നുകൊണ്ടിരിക്കുകയാണെന്നും പി.കെ.കുഞ്ഞാലിക്കുട്ടി. ഞാൻ കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവിനെ കണ്ടിരുന്നു. തങ്ങളുമായി ഫോണിലും ചർച്ച നടത്തിയിട്ടുണ്ട്. യുഡിഎഫ് യോഗം ഉടൻ ചേർന്ന് സീറ്റ് വിഭജനം അന്തിമമാക്കും. മൂന്നാം സീറ്റ് ലഭിക്കുമോയെന്ന ചോദ്യത്തിന്, തീരുമാനമാകുമ്പോൾ പറയാമെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com