കൊലക്കേസ് പ്രതിക്ക് ഇരട്ട ജീവപര്യന്തവും പിഴയും
Mail This Article
മഞ്ചേരി ∙ പോത്തുകല്ല് വെളുമ്പിയംപാടം താമരശ്ശേരി മനോജിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിക്ക് വിവിധ വകുപ്പുകളിലായി ഇരട്ട ജീവപര്യന്തം തടവും 1.25 ലക്ഷം രൂപ പിഴയും എസ്‌സി എസ്ടി സ്പെഷൽ കോടതി ശിക്ഷ വിധിച്ചു. തൊടുപുഴ കാളിയാർ വണ്ണപുരം വെൺമെൻതുള ബിനുകുമാറിനു (ബിനു 42) ആണ് ജഡ്ജി എം.പി.ജയരാജ് ശിക്ഷ വിധിച്ചത്.
2014 ഫെബ്രുവരി 7ന് പെരിന്തൽമണ്ണ പട്ടാമ്പി റോഡിലായിരുന്നു കേസിനാസ്പദമായ സംഭവം. മനോജിന്റെ കൈവശമുണ്ടായിരുന്ന ബാഗിലെ പണം തട്ടിയെടുക്കുകയായിരുന്നു പ്രതികളുടെ ലക്ഷ്യം. കേസിലെ മൂന്നാം പ്രതിയായ സ്ത്രീയെ ഉപയോഗിച്ചു മനോജിനെ വശീകരിച്ച് ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോവുകയും അവിടെ പൊലീസ് എന്ന വ്യാജേന എത്തി ഭയപ്പെടുത്തുകയുമായിരുന്നു. രക്ഷപ്പെടാൻ ഓടിയപ്പോൾ പിന്തുടർന്ന് എത്തിയ പ്രതികൾ റോഡിൽ വീണ മനോജിനെ കൊലപ്പെടുത്തിയെന്നാണ് കേസ്.
രണ്ടും നാലും പ്രതികൾ നേരത്തേ മരിച്ചിരുന്നു. മൂന്നാം പ്രതിയായ സ്ത്രീയെ വിട്ടയച്ചിരുന്നു. സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ തലാപ്പിൽ അബ്ദുൽ സത്താർ 27 സാക്ഷികളെ വിസ്തരിച്ചു. 24 രേഖകൾ ഹാജരാക്കി. പെരിന്തൽമണ്ണ ഇൻസ്പെക്ടർ ആയിരുന്ന ജലീൽ തോട്ടത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നത്.