കയ്യിൽ അമ്പുംവില്ലും; തലയിൽ വർണക്കടലാസിൽ തീർത്ത തൊപ്പി: കാട്ടാളവേഷം ധരിച്ച് അനുഗ്രഹംതേടി കുട്ടിക്കൂട്ടം
Mail This Article
ആതവനാട് ∙ കയ്യിൽ അമ്പുംവില്ലും, തലയിൽ വർണക്കടലാസിൽ തീർത്ത തൊപ്പിയുംവച്ച കാട്ടാളനെ തച്ചംപറമ്പത്ത് കുടുംബത്തിലെ കുട്ടികൾ മുൻപ് കണ്ടിട്ടുണ്ടെങ്കിലും അവർ കാട്ടാളവേഷം ധരിക്കുന്നത് ഇതാദ്യമാണ്. അതും കുടുംബത്തിന്റെ പ്രാർഥന നിറവേറ്റാൻ... വൈരങ്കോട് ഭഗവതി ക്ഷേത്രത്തിലെ ചെറിയ തീയാട്ടുത്സവത്തിന് അവരുടെ കുടുംബത്തിലെ 8 കുട്ടികളാണു കാട്ടാളവേഷം ധരിച്ചു ക്ഷേത്രാങ്കണത്തിലെത്തിയത്.
തറവാട്ടിലെ ആൺകുട്ടികളെ കാട്ടാളവേഷം കെട്ടിച്ച് ദേവീസന്നിധിയിൽ ദർശനത്തിനെത്തിക്കണമെന്ന കുടുംബാംഗങ്ങളുടെ പ്രാർഥന ഇതോടെ സഫലമായി. വൈരങ്കോട് തച്ചംപറമ്പത്ത് മണികണ്ഠന്റെ മകൻ വിഷ്ണു, ഗണേശിന്റെ മക്കളായ വിനായക്, വിവേക്, വസന്തയുടെ മകൻ നിഖിൽ, അജിതയുടെ മകൻ ശരൺ, സജിതയുടെ മകൻ അനന്ദു, ഐശ്വര്യയുടെ മകൻ എബിൻ, കനകയുടെ മകളുടെ മകൻ അഭിമന്യു എന്നിവരാണു കാട്ടാളവേഷം കെട്ടിയത്. വിവേകിനാണ് പ്രായം കുറവ്.
മൂന്നര വയസ്സ്. കാട്ടാളവേഷം കെട്ടാൻ എല്ലാവരും വ്രതനിഷ്ഠയിലായിരുന്നു. വീട്ടിലെ പൂജയ്ക്കുശേഷം ഇടവഴിപറമ്പിൽ പ്രഭാകരനാണ് കുട്ടികൾക്കു കുറിതൊട്ടു നൽകിയത്. ശെൽവരാജ് അമ്പുംവില്ലും, മണികണ്ഠൻ തൊപ്പിയും നിർമിച്ചു നൽകി. ചെറിയ തീയാട്ടുത്സവത്തിനു കാവുതീണ്ടലിനുശേഷമാണ് കാട്ടാളവേഷംകെട്ടിയ കുട്ടിക്കൂട്ടം ക്ഷേത്രത്തിലെത്തിയത്. അമ്പുംവില്ലും തൊപ്പിയും ദേവീസന്നിധിയിൽ സമർപ്പിച്ച് അവർ ദർശനസുകൃതം നേടി. ദേവിയുടെ ഭൂതഗണത്തിലെ അംഗമാണ് കാട്ടാളനെന്നാണു വിശ്വാസം. കാട്ടാളവേഷം വൈരങ്കോട് തീയാട്ടുത്സവത്തിന്റെ മാത്രം പ്രത്യേകതയാണ്.