ADVERTISEMENT

പൊന്നാനി ∙ നവകേരള സദസ്സിന്റെ ഭാഗമായി ജില്ലയിൽ ലഭിച്ച പരാതികളിൽ 36,690 എണ്ണം തീർപ്പായില്ല. 45 ദിവസത്തിനകം പരാതികൾ തീർപ്പാക്കുമെന്ന ഉറപ്പോടെ കോടികൾ പൊടിപൊടിച്ച് നവകേരള സദസ്സ് നടത്തിയിട്ട് ഇന്നേക്ക് 87 ദിവസം പിന്നിട്ടു. പരാതി തീർപ്പാക്കുമെന്ന് ഉറപ്പു തന്നതിനും ഇരട്ടി ദിവസങ്ങളായിട്ടും പരാതിയുടെ വലിയൊരു കെട്ടു തന്നെ പരിഗണിക്കപ്പെടാതെ പോയിരിക്കുകയാണ്. 

81,596 പരാതികളാണ് ജില്ലയിൽ ലഭിച്ചത്. ഇതിൽ 46,906 പരാതികൾ തീർപ്പാക്കിയെന്നാണ് ഇന്നലെ വരെയുള്ള കണക്ക്. പരാതിക്കാരനു മറുപടിക്കത്തയച്ചതു വരെ തീർപ്പാക്കിയെന്ന ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നതെന്ന ആരോപണമുണ്ട്. മറുപടിക്കത്തിൽ ഒതുക്കിയ പരാതികൾ കൂടി മാറ്റിനിർത്തിയാൽ നവകേരള സദസ്സിൽ നീതികിട്ടിയ പരാതിക്കാരുടെ എണ്ണം വളരെ കുറവായിരിക്കും.

ജില്ലയിൽ 16 മണ്ഡലങ്ങളിൽ നടന്ന നവകേരള സദസ്സിൽ ലഭിച്ച പരാതികൾക്കു പുറമേ മറ്റു ജില്ലകളിൽ ലഭിച്ച മലപ്പുറം ജില്ലയിലെ പരാതികൾ കൂടി ജില്ലയിലെ പോർട്ടലിലെത്തിയിട്ടുണ്ട്. പരാതികൾ അപ്‍ലോഡ് ചെയ്യുന്നത് ഇപ്പോഴും പൂർത്തിയായിട്ടില്ല. ഓരോ ദിവസവും ബന്ധപ്പെട്ട ഉദ്യോഗസ്ഥർ പരാതികൾ ഡേറ്റാ എൻട്രി ചെയ്തു വരികയാണ്. പരാതികൾ തീർപ്പാക്കുന്നവയുടെ എണ്ണത്തിലും ഇതനുസരിച്ച് മാറ്റം വരുന്നുണ്ട്.

ജില്ലയിൽ സദസ്സ് കഴിഞ്ഞു തൊട്ടടുത്ത ദിവസം തന്നെ രാത്രിയും പകലും ജോലി ചെയ്ത് ഉദ്യോഗസ്ഥർ പരാതികൾ ഡേറ്റാ എൻട്രി ചെയ്തിരുന്നു. പിന്നീട് ഉദ്യോഗസ്ഥർ മറ്റ് ജോലികളിലേക്കു കടന്നതോടെ പരാതിയുമായി ബന്ധപ്പെട്ട നടപടികൾ മന്ദഗതിയിലാവുകയായിരുന്നു. 

പാളിപ്പോയ ഉറപ്പ്
നവകേരള സദസ്സിലെ പരാതികൾ കൈപ്പറ്റുന്ന ജില്ലാതല ഉദ്യോഗസ്ഥൻ രണ്ടാഴ്ചയ്ക്കകം അന്തിമ തീരുമാനം കൈക്കൊള്ളേണ്ടതും വിശദമായ മറുപടി പരാതിക്കാരനു നൽകേണ്ടതുമാണ്. കൂടുതൽ നടപടികൾ ആവശ്യമുള്ള പരാതികൾ പരമാവധി 45 ദിവസത്തിനകം തീർപ്പാക്കണമെന്നാണ്  നവകേരള സദസ്സുമായി ബന്ധപ്പെട്ട് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ പറയുന്നത്. ജില്ലയിൽ ഇതിനിരട്ടി ദിവസം കഴിഞ്ഞിട്ടും പകുതിയോളം പരാതികൾ കെട്ടിക്കിടക്കുകയാണ്. 

പരാതികൾ 38 വകുപ്പിലേക്ക്
നവകേരള സദസ്സിൽ ലഭിച്ച പരാതികൾ ജില്ലയിൽ 38 സർക്കാർ വകുപ്പുകളിലേക്കാണ് നൽകിയിരിക്കുന്നത്. ഏറ്റവും കൂടുതൽ പരാതികൾ തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ളതാണ്. 30,969 പരാതികളാണ് ഇൗ വിഭാഗത്തിലേക്കായി ലഭിച്ചിരിക്കുന്നത്. പരാതികൾ കൂടുതലും തീർപ്പാക്കാതെ കിടക്കുന്നത് റവന്യു വകുപ്പിലാണ്. 12,699 പരാതികളിൽ ആയിരത്തിൽ താഴെ പരാതികൾ മാത്രമേ തീർപ്പാക്കിയിട്ടുള്ളൂ.

പൊതുവിദ്യാഭ്യാസ വകുപ്പുമായി ബന്ധപ്പെട്ട് 3555 പരാതികൾ ലഭിച്ചതിൽ 163 പരാതികൾ മാത്രമേ തീർപ്പാക്കിയുള്ളൂവെന്നാണ് രണ്ടാഴ്ച മുൻപുള്ള കണക്ക്. കുടുംബാരോഗ്യക്ഷേമ വകുപ്പിൽ 3468 പരാതികൾ ലഭിച്ചതിൽ 62 പരാതികളാണ് പരിഹരിച്ചിരിക്കുന്നത്. സിവിൽ സപ്ലൈസ് വകുപ്പിൽ 3526 പരാതികൾ ലഭിച്ചതിൽ 604 പരാതികളാണ് തീർപ്പാക്കിയിരിക്കുന്നത്. 

അഭിപ്രായങ്ങളെല്ലാം നേരിട്ട്
നവകേരള സദസ്സിൽ ലഭിച്ച അഭിപ്രായങ്ങളെല്ലാം നേരിട്ട് സർക്കാരിന് അയയ്ക്കുകയാണ് ചെയ്തിരിക്കുന്നത്. പ്രഭാതയോഗങ്ങളിൽ ഉയർന്നുവന്ന നിർദേശങ്ങളും അഭിപ്രായങ്ങളും നിവേദനങ്ങളും മുഖ്യമന്ത്രിയുടെ ഓഫിസിൽനിന്ന് നേരിട്ടാണ് പരിശോധിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com