ഒരു പെട്ടി നിറയെ സ്നേഹവുമായി സ്നേഹവീട്ടിൽ സാദിഖലി തങ്ങൾ

Mail This Article
തിരൂർ ∙ ഒരു പെട്ടി നിറയെ മിഠായികളുമായാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ തിരൂരിലെ സ്നേഹവീട്ടിലെത്തിയത്. അതിലൊരെണ്ണമെടുത്ത് ചിരിയോടെ, അടുത്തുവന്ന ഫാത്തിമയ്ക്ക് അദ്ദേഹം നൽകി. ബാക്കി എല്ലാവർക്കും നൽകണമെന്ന് പറഞ്ഞ് മിഠായിപ്പെട്ടിയും ഏൽപിച്ചു. ജീവിതയാത്രയിൽ ഒറ്റപ്പെടുന്ന സ്ത്രീകൾക്ക് അഭയം നൽകി തിരൂർ കോരങ്ങത്ത് ഡോ. ഖമറുന്നിസ അൻവറിന്റെ നേതൃത്വത്തിൽ പ്രവർത്തിച്ചുവരുന്ന സ്നേഹവീടിന്റെ വാർഷികാഘോഷം തങ്ങൾ ഉദ്ഘാടനം ചെയ്തത് ഇങ്ങനെയാണ്. 12 വർഷം മുൻപ് സ്നേഹവീട്ടിൽ അഭയം തേടി ആദ്യമെത്തിയ വ്യക്തിയാണ് ഫാത്തിമ.
വളയും മാലയുമടങ്ങുന്ന മറ്റൊരു പെട്ടിയും അദ്ദേഹം കൊണ്ടുവന്നിരുന്നു. അത് സ്നേഹവീട്ടിലെ മറ്റൊരു അംഗമായ സഫിയയെ ഏൽപിച്ചു. ഡോ. സി.ആർ.അൻവറിന്റെ നേതൃത്വത്തിൽ നടന്ന പ്രാർഥനയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. പിന്നെ മുട്ടിപ്പാട്ടും കുട്ടികളുടെ പാട്ടുകളുമെല്ലാം നടന്നു. ഇവിടെ താമസിക്കുന്നവരും വന്നവരുമെല്ലാം ഒരുമിച്ചിരുന്ന് ഉച്ചഭക്ഷണം കഴിച്ചു. പരിപാടിയുടെ ഉദ്ഘാടനം പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. നഗരസഭാധ്യക്ഷ എ.പി.നസീമ ഉദ്ഘാടനം ചെയ്തു. ഡോ. ഖമറുന്നിസ അൻവർ, പി.മുഹ്സിൻ, പി.ഐ.റഹിയാനത്ത്, ഷരീഫ അബ്ദുൽ ഖാദർ, ഫൈസൽ ബാബു, മുഹമ്മദ് മുനവ്വർ, മൊയ്തുഷാ മാലാപ്പറമ്പിൽ, നിസാമുദ്ദീൻ ചെറുവാടി, വി.ആയിഷക്കുട്ടി, ഷാഹുൽ ഹമീദ് എന്നിവർ പ്രസംഗിച്ചു.