സെൻഡ് ഓഫിന് കാറുകളുമായി എത്തി അഭ്യാസപ്രകടനം; വാഹനം പിടികൂടി, 38,000 രൂപ പിഴ
Mail This Article
തിരുനാവായ ∙ സ്കൂളിലെ സെൻഡ് ഓഫ് പരിപാടിക്ക് കാറുകളിലെത്തി വിദ്യാർഥികളുടെ പൊടിപാറിച്ച പ്രകടനം. കാറുകൾ കസ്റ്റഡിയിലെടുത്ത് മോട്ടർ വാഹന വകുപ്പ് കേസെടുത്തു. പ്രായപൂർത്തിയാകാത്ത കുട്ടികൾ അടങ്ങുന്ന സംഘമാണ് കാറുകളും ജീപ്പുകളുമായി തിരുനാവായയിലെ സ്കൂളിലെത്തിയത്. തുടർന്ന് മൈതാനത്ത് കാറുകൾ കൊണ്ട് റൈഡും നടത്തി. കുട്ടികളുടെ അതിരുവിട്ട പ്രകടനം കണ്ടതോടെ നാട്ടുകാരിൽ ചിലർ മോട്ടർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റിലേക്കു വിവരമറിയിച്ചു.
സ്ഥലത്തെത്തിയ ഉദ്യോഗസ്ഥർ വാഹനങ്ങൾ കസ്റ്റഡിയിലെടുത്തു. അനധികൃതമായി രൂപമാറ്റം വരുത്തിയ ജീപ്പുമുണ്ടായിരുന്നു. അഭ്യാസപ്രകടനങ്ങൾ നടത്താൻ സഹായിച്ച ഡ്രൈവർമാരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള നടപടി വകുപ്പ് സ്വീകരിച്ചിട്ടുണ്ട്. 38,000 രൂപ പിഴയും ചുമത്തി. എംവിഐ കെ.എം.മനോജ് കുമാർ, എഎംവിഐമാരായ വി.രാജേഷ്, പി.അജീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.