ADVERTISEMENT

പൊന്നാനി ∙ ഹാർബറിൽ കാലങ്ങളായി മത്സ്യത്തൊഴിലാളികളെ വട്ടംചുറ്റിക്കുന്ന മണൽത്തിട്ടകൾ നീക്കം ചെയ്യാൻ ഡ്രഡ്ജറെത്തി. നിലവിലെ ആഴം പരിശോധിച്ച ശേഷം മണ്ണെടുപ്പ് തുടങ്ങും. പരമാവധി മൂന്നര മീറ്റർ ആഴം ഉറപ്പാക്കുകയാണ് ലക്ഷ്യം. ഇതോടെ ചെറിയ കപ്പലുകൾക്കു വരെ പൊന്നാനി ഹാർബറിലേക്കു പ്രവേശിക്കാൻ കഴിയും.   ആഴംകൂട്ടലിന്റെ ഭാഗമായി ഇന്ന് ഹൈഡ്രോഗ്രാഫിക് ഉദ്യോഗസ്ഥർ പൊന്നാനിയിലെത്തും. നിലവിലെ ആഴവും മണ്ണിന്റെ ലെവലും പരിശോധിച്ച് അടയാളപ്പെടുത്തും. 

പിന്നീട് ആഴം കൂട്ടൽ കഴിഞ്ഞാലും സമാനമായ പരിശോധനയുണ്ടാകും. രണ്ട് സർവേകളുടെ കണക്കും പുറത്തെടുത്ത മണ്ണും കണക്കു കൂട്ടിയാണ് ആഴം കൂട്ടലിന്റെ തോത് ഉറപ്പാക്കുക. ഹൈഡ്രോഗ്രഫിക് ഉദ്യോഗസ്ഥരുടെ ആദ്യ സർവേ കഴിഞ്ഞാലുടൻ മണ്ണെടുപ്പ് തുടങ്ങും. 

അടുത്തയാഴ്ച ഡ്രഡ്ജർ പുഴയിലിറക്കി പണി തുടങ്ങും. നിലവിൽ രണ്ടര മീറ്ററാണ് ഹാർബർ പ്രദേശത്തെ ആഴം. ഇതിനു പുറമേ പല ഭാഗത്തും അപകട ഭീഷണിയായി മണൽത്തിട്ടകളും കുന്നുകൂടി കിടക്കുന്നുണ്ട്. ബോട്ടുകൾ മണൽത്തിട്ടയിൽ ഇടിക്കുന്നുണ്ടെന്ന് മത്സ്യത്തൊഴിലാളികൾ നിരന്തരം പരാതിപ്പെടാറുണ്ട്. 

ഹാർബറിലേക്കു പ്രവേശിക്കുന്ന പുലിമുട്ടുകൾക്കിടയിലെ ചാനലിൽ വരെ മണൽത്തിട്ട രൂപപ്പെട്ടിട്ടുണ്ടെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. മൂന്നര മീറ്റർ ആഴത്തിലേക്ക് ഹാർബർ പ്രദേശം എത്തിക്കാൻ കഴിഞ്ഞാൽ വേലിയേറ്റ സമയത്ത് പരമാവധി നാലര മീറ്റർ വരെ ആഴം കിട്ടുമെന്നാണ് വിലയിരുത്തൽ. 

ഇതനുസരിച്ചാണെങ്കിൽ ചെറിയ കപ്പലുകൾക്കു വരെ എളുപ്പത്തിൽ ഹാർബറിലേക്കു കടക്കാവുന്നതാണ്. അത്യാവശ്യ ഘട്ടങ്ങളിൽ ജില്ലയുടെ തീരപ്രദേശത്തേക്ക് കപ്പലടുക്കേണ്ടി വന്നാൽ പൊന്നാനി തുറമുഖം ഏറ്റവും യോജ്യമായ പ്രദേശമായി മാറും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com