ADVERTISEMENT

മലപ്പുറം∙അര നൂറ്റാണ്ടോളമായി കേരളത്തിലെ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നിറഞ്ഞുനിൽക്കുന്ന വാഴക്കാട്ടുകാരുടെ സ്വന്തം ‘ബാപ്പു’ ആദ്യമായി നാട്ടുകാർക്കു മുന്നിൽ വോട്ട് ചോദിക്കാനെത്തുന്നു. നിയമസഭയിലേക്കും ലോക്സഭയിലേക്കുമായി ഒട്ടേറെ തിരഞ്ഞെടുപ്പുകളിൽ മത്സരിച്ചിട്ടുണ്ടെങ്കിലും ജന്മനാട് ഉൾപ്പെടുന്ന മണ്ഡലത്തിൽ മുസ്‌ലിം ലീഗ് അഖിലേന്ത്യാ ഓർഗനൈസിങ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീർ മത്സരിക്കുന്നത് ഇതാദ്യമായാണ്. 

ഇ.ടിയുടെ ജന്മനാടായ വാഴക്കാട് മപ്രം മലപ്പുറത്തിനു കീഴിലെ കൊണ്ടോട്ടി നിയമസഭാ മണ്ഡലത്തിലുൾപ്പെടുന്നതാണ്. ജന്മനാട്ടിൽ വോട്ട് തേടാനുള്ള അവസരം അനുഗ്രമായി കാണുന്നുവെന്ന് ഇ.ടി.പറഞ്ഞു. ഇ.ടിയുടെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതോടെ വാഴക്കാട്ടും അദ്ദേഹത്തിനു വോട്ട് ചോദിച്ചുള്ള കൂറ്റൻ ബോർഡുകൾ ഉയർന്നു തുടങ്ങി.കേരള രാഷ്ട്രീയത്തിലെ ഇ.ടി നാട്ടുകാർക്ക് ബാപ്പുട്ടിയാണ്

മാവൂർ ഗ്വാളിയർ റയോൺസിൽ തൊഴിലാളിയായിരിക്കെ ട്രേഡ് യൂണിയൻ പ്രവർത്തനത്തിലൂടെ രാഷ്ട്രീയത്തിലെത്തിയ ഇ.ടിയുടെ ആദ്യ തിരഞ്ഞെടുപ്പു മത്സരം 1977ലായിരുന്നു.അഖിലേന്ത്യാ ലീഗ് ടിക്കറ്റിൽ തിരുവമ്പാടിയിൽനിന്നു മത്സരിച്ചു തോറ്റു. 1985 പെരിങ്ങളത്ത് നടന്ന ഉപതിരഞ്ഞെടുപ്പിൽ അഖിലേന്ത്യാ ലീഗ് സ്ഥാനാർഥിയായിട്ടായിരുന്നു ആദ്യ ജയം. പിന്നീട്  ലീഗ് സ്ഥാനാർഥിയായി നിയമസഭയിലേക്കും ലോക്സഭയിലേക്കും ജയിച്ചു. രണ്ടു വട്ടം വിദ്യാഭ്യാസ മന്ത്രിയായി. 

ഭാര്യ റുഖിയ ബഷീർ വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റായിരുന്നെങ്കിലും ഇ.ടി ഇതുവരെ നാട്ടിൽ പ‍ഞ്ചായത്ത് തിരഞ്ഞെടുപ്പിൽ പോലും മത്സരിച്ചിട്ടില്ല.നാട്ടിലെ പൊതുപ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായ നേതാവിനെ സ്ഥാനാർഥിയായി ലഭിച്ചത് ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് നാട്ടുകാർ.

വാഴക്കാടിന് സ്ഥാനാർഥികൾ രണ്ട്
കോഴിക്കോട് മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി എളമരം കരീം വാഴക്കാട് പഞ്ചായത്തിലെ എളമരം സ്വദേശിയാണ്. ഇ.ടിയുടെ നാടായ മപ്രത്തുനിന്ന് ഒരു കിലോമീറ്റർ ദൂരമാണ് കരീമിന്റെ വീട്ടിലേക്ക്. രണ്ടു പേരും രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത് മാവൂർ ഗ്വാളിയർ റയോൺസിലെ തൊഴിലാളി നേതാക്കളായിട്ടാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com