ADVERTISEMENT

എ‌ടക്കര ∙ പോത്തുകല്ലിൽ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം വീണ്ടും കൂടുന്നു. കഴിഞ്ഞ 2 ദിവസങ്ങളിലായി മുപ്പതോളം പേരാണ് മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സ തേടിയത്. ഫെബ്രുവരി 1 മുതൽ ഇന്നലെ വരെ 206 പേർക്കാണ് മഞ്ഞപ്പിത്തം ബാധിച്ചതായി സ്ഥിരീകരിച്ചത്. ഇതിൽ പോത്തുകല്ല് സ്വദേശി പുളിക്കത്തറയിൽ മാത്യു ഏബ്രഹാം (60), ഉപ്പട സ്വദേശി പുത്തൻവാരിയത്ത് സുജിത്ത് (47) എന്നിവർ മരിച്ചു. നിലവിൽ ചികിത്സയിൽ കഴിയുന്നവരിൽ ഒരാളുടെ ആരോഗ്യനില മാത്രമാണ് തൃപ്തികരമല്ലാതെയുള്ളവെന്ന് അധികൃതർ പറഞ്ഞു. പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നതിനായി  പഞ്ചായത്തുതല ഇന്റർ കോ ഓർഡിനേറ്റ് മീറ്റിങ് ചേർന്നു വ്യാപാര സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്ന വെള്ളം പരിശോധിക്കുന്നതിന് കൂടുതൽ സാംപിൾ ശേഖരിക്കാൻ തീരുമാനിച്ചു.

ഇന്നലെ 12 സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു. കുടുംബശ്രീയുടെ സഹായത്തോടെ ക്ലോറിനേഷൻ ഊർജിതമാക്കാനും ആദിവാസി മേഖലയിലെ പ്രതിരോധ പ്രവർത്തനങ്ങൾക്ക് ഐടിഡിപിയുടെ സഹായം തേടാനും കോളനികളിലെ കിണറുകളിലെ ജല പരിശോധന ജല അതോറിറ്റിയുടെ സഹായത്തോടെ നടത്താനും തീരുമാനിച്ചു.  പ്രസിഡന്റ് വിദ്യാ രാജൻ അധ്യക്ഷത വഹിച്ചു. ജല അതോറിറ്റി, പൊലീസ്, ഫോറസ്റ്റ്, ഫുഡ് സേഫ്റ്റി, ജലനിധി, ഐടിഡിപി തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥർ പങ്കെടുത്തു.  ഇന്നലെ പഞ്ചായത്തിലെ 565 കിണറുകൾ ക്ലോറിനേഷൻ നടത്തി.

ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്

തിരുവനന്തപുരം ∙ മലപ്പുറത്തു മഞ്ഞപ്പിത്തം (വൈറൽ ഹെപ്പറ്റൈറ്റിസ്) ബാധിച്ചു 2 പേർ മരിക്കുകയും ഒട്ടേറെപ്പേരെ ആശുപത്രികളിൽ പ്രവേശിപ്പിക്കുകയും ചെയ്ത സാഹചര്യത്തിൽ ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പിന്റെ മുന്നറിയിപ്പ്. വെള്ളത്തിലൂടെ പകരുന്ന ഹെപ്പറ്റൈറ്റിസ്– എ ആണു മലപ്പുറത്തു കണ്ടെത്തിയത്. തുടർന്ന് ആദ്യഘട്ടത്തിൽ 6 കിണറുകളിലെ വെള്ളം പരിശോധനയ്ക്ക് അയച്ചതിൽ മൂന്നെണ്ണത്തിലെയും കുടിക്കാൻ യോഗ്യമല്ലെന്ന ഫലം ലഭിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിൽ എല്ലാ ജില്ലകളിലെയും ആരോഗ്യ പ്രവർത്തകർ ജാഗ്രത പുലർത്തണമെന്ന് ആരോഗ്യ ഡയറക്ടറേറ്റിൽ നിന്ന് അറിയിച്ചു. ശുദ്ധജലം ഉപയോഗിച്ചുള്ള ഐസാണ് കടകളിൽ ഉപയോഗിക്കുന്നതെന്നും ഉറപ്പാക്കണം.വൈറസ് വിഭാഗത്തിൽപ്പെട്ട സൂക്ഷ്മ ജീവികളുണ്ടാക്കുന്ന രോഗമാണ് വൈറൽ ഹെപ്പറ്റൈറ്റിസ് . പനി, വിശപ്പില്ലായ്മ, ഓക്കാനം, ഛർദി, കണ്ണിനു മഞ്ഞനിറം, മൂത്രത്തിനു മഞ്ഞനിറം തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com