കാർഷിക സർവകലാശാല കൊടുത്തത് കൂട്ടുവിത്ത്; കോൾ പടവുകളിൽ കതിരുകൾ പലവിധം

Mail This Article
ചങ്ങരംകുളം ∙ കൂട്ടുവിത്ത് ലഭിച്ച നീലയിൽ, തുരുത്തുമ്മൽ കോൾ പടവുകളിൽ കതിരുകൾ പലവിധം. വിവിധ ഉയരത്തിലും നിറങ്ങളിലുമുള്ള കതിർ ആണ് വന്നിരിക്കുന്നത്. പലസമയത്ത് കതിർ വിളയുന്നത് വിളവെടുപ്പിനെ ബാധിക്കും. തൃശൂർ കാർഷിക സർവകലാശാലയുടെ വിത്തു വിഭാഗത്തിൽ നിന്നു വിതരണം ചെയ്ത ഉമ വിത്തിനമാണു രണ്ടു പടവുകളിൽ കൂട്ടുവിത്ത് ലഭിച്ചത്. നടീൽ കഴിഞ്ഞു ഒന്നരമാസം ആകുമ്പോഴേക്കും പലഭാഗങ്ങളിലും കതിർ വന്നതോടെയാണ് കർഷകർ കൂട്ടുവിത്താണ് ലഭിച്ചതെന്ന് തിരിച്ചറിഞ്ഞത്.ഉമ നെല്ല് 3 മാസം ആകുമ്പോഴാണ് സാധാരണ കതിർ വരാറുള്ളത്.
നേരത്തെ കതിർ വന്ന നെല്ല് പാകമായി തുടങ്ങി, ചിലഭാഗങ്ങളിൽ കതിർ വന്ന് പൂർണമായിട്ടില്ല.കാർഷിക സർവകലാശാല അധികൃതർ നേരത്തെ സ്ഥലം സന്ദർശിച്ചു പരിശോധന നടത്തിയെങ്കിലും കൂട്ടുവിത്ത് ലഭിക്കാൻ സാധ്യതയില്ലെന്നും പല പടവുകളിലേക്ക് നൽകിയ വിത്തിൽ ഇവിടെ മാത്രമാണ് പരാതി ഉള്ളതെന്നും വിശദീകരിച്ചിരുന്നു. കാലാവസ്ഥയിലെ വ്യതിയാന സാധ്യതയും അറിയിച്ചെങ്കിലും കർഷകർ ഇത് അംഗീകരിച്ചിട്ടില്ല.വിളവിനു വരുന്ന കുറവും നഷ്ടവും അധികൃതർ നികത്തണമെന്നാണു കർഷകരുടെ ആവശ്യം