ADVERTISEMENT

കരിപ്പൂർ ∙ ഈ വർഷത്തെ ഹജ് തീർഥാടനത്തിനു കോഴിക്കോട് വിമാനത്താവളം വഴി പുറപ്പെടുന്നവരുടെ വിമാനക്കൂലി കുറയ്ക്കണമെന്നു സംസ്ഥാന ഹജ് കമ്മിറ്റി പ്രതിനിധികൾ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുമായി നടത്തിയ കൂടിക്കാഴ്ചയിൽ ആവശ്യപ്പെട്ടു. കേരളത്തിലെ മറ്റു ഹജ് പുറപ്പെടൽ കേന്ദ്രങ്ങളായ കൊച്ചി, കണ്ണൂർ വിമാനത്താവളങ്ങൾ വഴി യാത്ര ചെയ്യുന്നവരുടെ വിമാനക്കൂലിക്ക് കോഴിക്കോട്ടെ നിരക്കും തുല്യമാക്കാൻ നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.

സംസ്ഥാന ഹജ് കമ്മിറ്റി അംഗങ്ങളായ പി.മൊയ്തീൻകുട്ടി, പി.പി.മുഹമ്മദ്‌ റാഫി, പി.ടി.അക്ബർ എന്നിവരാണ് ഡൽഹിയിൽ മന്ത്രിയെ കണ്ടത്. നേരത്തെ നിശ്ചയിച്ച വിമാനക്കൂലി പിന്നീട് 1,23,000 രൂപയായി കുറച്ചിട്ടുണ്ടെങ്കിലും കോഴിക്കോട് വഴി പോകുന്ന അഞ്ചു പേരടങ്ങുന്ന ഒരു കുടുംബം 2 ലക്ഷം രൂപ അധികം കണ്ടെത്തണം.

ഒരു കാരണവശാലും വിമാനക്കൂലി കുറയ്ക്കാൻ കഴിയില്ലെങ്കിൽ കോഴിക്കോട് വഴി പോകുന്ന തീർഥാടകർക്ക് കേന്ദ്ര സർക്കാർ പ്രത്യേക ആനുകൂല്യം പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു. കോഴിക്കോട് വിമാനത്താവളം വഴി പോകുന്നവരിൽ കൂടുതലും വനിതാ തീർഥാടകരാണെന്നും മന്ത്രിയെ ബോധ്യപ്പെടുത്തി. വിഷയങ്ങൾ പഠിച്ച ശേഷം ആവശ്യങ്ങൾ അനുഭാവപൂർവം പരിഗണിക്കാമെന്നു കേന്ദ്രമന്ത്രി അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com