ADVERTISEMENT

മലപ്പുറം∙ ടെലഗ്രാം വഴി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടുന്ന സൈബർ തട്ടിപ്പ് ജില്ലയിൽ വ്യാപകം. തട്ടിപ്പിനിരയായി 60 ലക്ഷം വരെ നഷ്ടപ്പെട്ടവർ ജില്ലയിലുണ്ട്. ഇതിനകം 108 പേർ പരാതിയുമായി പൊലീസിനെ സമീപിച്ചു. തട്ടിപ്പിന്റെ സൂത്രധാരന്മാർ വിദേശത്താണ്. എന്നാൽ, പണം നിക്ഷേപിക്കാൻ ആവശ്യപ്പെടുന്നത് സ്വദേശി അക്കൗണ്ടുകളിലേക്കാണ്.

അക്കൗണ്ടിലേക്ക് വരുന്ന പണത്തിന്റെ കമ്മിഷൻ ഉടമയ്ക്കു നൽകിയാണ് തട്ടിപ്പിനായി ഉപയോഗിക്കുന്നത്. ഇത് തട്ടിപ്പു വഴി ലഭിച്ച പണമാണെന്ന് പല അക്കൗണ്ട് ഉടമകൾക്കും അറിയില്ല. പൊലീസ് അന്വേഷിച്ച കേസുകളെല്ലാം അക്കൗണ്ട് ഉടമകളിൽ തട്ടിനിൽക്കുകയാണ്. ഗൾഫ് ഉൾപ്പെടെയുള്ള വിദേശ രാജ്യങ്ങളിലിരുന്നാണ് പലരും തട്ടിപ്പ് നടത്തുന്നതെന്ന് പൊലീസ് പറയുന്നു.

ടെലഗ്രാം സന്ദേശത്തിൽ തുടക്കം
∙ ജോലി വാഗ്ദാനം ചെയ്തുകൊണ്ടുള്ള ടെലഗ്രാം സന്ദേശത്തിലൂടെയാണ് തട്ടിപ്പിന്റെ തുടക്കം. ഇതിൽ കൊളുത്തുന്ന ആളുകൾക്ക് ആദ്യം 50 രൂപയും 100 രൂപയും അക്കൗണ്ടിലേക്ക് നിക്ഷേപിച്ച് വിശ്വാസം നേടും. പിന്നീട് വലിയ തുക നിക്ഷേപിച്ചാൽ വലിയ ലാഭം കിട്ടുമെന്ന് വിശ്വസിപ്പിക്കും. പലരും വൻ തുക നിക്ഷേപിച്ച ശേഷമാണ് തട്ടിപ്പാണെന്നു മനസ്സിലാക്കുക. 60 ലക്ഷം രൂപ വരെ നഷ്ടപ്പെട്ടവർ ജില്ലയിലുണ്ട്. ഇതിൽ ഉന്നത വിദ്യാഭ്യാസമുള്ളവരും സാമ്പത്തിക സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരുമുണ്ട്.

അക്കൗണ്ടുകൾ വാടകയ്ക്ക്
∙ തട്ടിപ്പിന്റെ അണിയറക്കാർ വിദേശത്തുനിന്നാണ് എല്ലാം കൈകാര്യം ചെയ്യുന്നത്.എന്നാൽ, വലയിൽ കുടുങ്ങിയവർക്കു നൽകുന്ന അക്കൗണ്ട് നമ്പറുകൾ ഇന്ത്യൻ അക്കൗണ്ടുകളാണ്. ഇതിനായി ചെറിയ കമ്മിഷൻ കൊടുത്ത് തട്ടിപ്പുകാർ അക്കൗണ്ടുകൾ വാടകയ്ക്കെടുക്കുകയാണെന്ന് പൊലീസ് കണ്ടെത്തി.

പലർക്കും തട്ടിപ്പിനാണ് അക്കൗണ്ടുകൾ ഉപയോഗിക്കുന്നതെന്ന് അറിയില്ല. പല പരാതികളും അന്വേഷിച്ചപ്പോൾ അക്കൗണ്ട് ഉടമകളിലാണ് എത്തിയത്. വിദേശത്തുള്ള യഥാർഥ പ്രതികളിലേക്ക് ഇതുവരെ എത്താനായിട്ടില്ല.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com