ADVERTISEMENT

പൊന്നാനി ∙ അപകടങ്ങളിലേക്കു വഴി തുറന്നിട്ട് ജില്ലയിൽ ആറുവരിപ്പാത നിർമാണം. മിക്കയിടങ്ങളിലും അപകട മുന്നറിയിപ്പ് ബോർഡുകളില്ല. ഓരോ ദിവസവും മാറ്റി സ്ഥാപിച്ചു കൊണ്ടിരിക്കുന്ന ഡിവൈഡറുകളും ബോർഡുകളും വലിയ അപകട ഭീഷണിയാണ് ഉയർത്തുന്നത്. കഴിഞ്ഞ ആഴ്ചയിൽ പൊന്നാനി ജിലാനി നഗറിൽ ആറുവരിപ്പാതയിലെ ഡിവൈഡറിലിടിച്ച് 2 പേർ മരിച്ചിരുന്നു. രാത്രിയിലാണ് കൂടുതൽ അപകടങ്ങളുണ്ടാകുന്നത്. സ്ട്രീറ്റ് ലൈറ്റു പോലുമില്ലാത്ത സ്ഥലങ്ങളിൽ പെട്ടെന്ന് ഡിവൈഡറുകളും മറ്റും സ്ഥാപിച്ച് ഗതാഗതം നിയന്ത്രിക്കാൻ ശ്രമിക്കുമ്പോൾ ഒട്ടും പ്രതീക്ഷിക്കാതെ വാഹനങ്ങൾ വന്ന് അപകടത്തിൽ ചാടുകയാണ്. അതിവേഗം നിർമാണം പുരോഗമിക്കുന്നതിനാൽ ഓരോ ദിവസവും റോഡിലെ സാഹചര്യങ്ങൾ മാറുകയാണ്.

റോഡിലൂടെ കടന്നു പോകുമ്പോഴുള്ള സ്ഥിതിയായിരിക്കില്ല. തിരിച്ചു വരുമ്പോൾ. മുൻകൂട്ടി തയാറാക്കി വച്ചിട്ടുള്ള കോൺക്രീറ്റ് സ്ലാബുകളും ബീമുകളുമെല്ലാം ദിവസവും പല ഭാഗങ്ങളിലും മാറ്റി വയ്ക്കുന്നുണ്ട്. പ്രദേശവാസികൾ പോലും അപകടത്തിൽ പെടുന്ന അവസ്ഥയാണ്. മണ്ണിട്ടുയർത്തിയ ഭാഗങ്ങളിലും വലിയ തോതിൽ മണ്ണിടിച്ച് താഴ്ത്തിയ ഭാഗങ്ങളിലും കൃത്യമായ അപകട മുന്നറിയിപ്പ് സംവിധാനങ്ങൾ ഒരുക്കുന്നില്ലെന്നാണ് പരാതി. ദിവസവും നൂറു കണക്കിന് വാഹനങ്ങൾ ദേശീയപാതയിലൂടെ കടന്നു പോകുന്നുണ്ട്. സുരക്ഷയൊരുക്കുന്ന യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ബൈക്ക് ഡിവൈഡറിലിടിച്ചാണ് കഴിഞ്ഞ ദിവസം 2 യുവാക്കളുടെ ജീവൻ പൊലിഞ്ഞത്. ആറുവരിപ്പാതയിൽ സുരക്ഷാ മുൻകരുതലുകൾ അടിയന്തരമായി ഒരുക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.

സർവീസ് റോഡുകളിൽ അപകടം പതിവായി
വെളിയങ്കോട് ∙ ദേശീയപാതയുടെ ഭാഗമായി വെളിയങ്കോട്ടും അയ്യോട്ടിച്ചിറിയിലും നിർമിച്ച സർവീസ് റോഡുകളിൽ അപകടം പതിവായി. നിർമാണം പുരോഗമിക്കുന്ന ദേശീയ പാതയുടെ ഇരുവശത്തുമുള്ള സർവീസ് റോഡുകളിലാണ് മതിയായ സുരക്ഷാസംവിധാനങ്ങൾ ഏർപ്പെടുത്താത്ത് മൂലം ദിവസവും അപകടം ഉണ്ടാകുന്നത്. ഗ്രാമീണപാതകളും പ്രധാന അങ്ങാടികളും സംഗമിക്കുന്ന സർവീസ് റോഡിലൂടെയാണ് വാഹനങ്ങൾ പോകുന്നതും വരുന്നതും ആയതിനാൽ റോഡിൽ തിരക്കാണ്. റോഡിന്റെ ഇരുവശത്തും കലുങ്കിനും ബാരിക്കേഡ് സ്ഥാപിക്കുന്നതിനുമായി കുഴി എടുത്തതോടെ കുഴിയിൽ  വാഹനങ്ങൾ വീഴുകയാണ്. ഇത്തരത്തിലുള്ള അപകടങ്ങളിൽ ഒട്ടേറെ പേർക്കാണ് പരുക്കേറ്റത്. കഴിഞ്ഞ ദിവസം ലോറി മറിഞ്ഞ് 3 പേർക്ക് പരുക്കേറ്റിരുന്നു. പാലപ്പെട്ടി മുതൽ താവളക്കുളം വരെയുള്ള മേഖലകളിലാണ് അപകടം ഉണ്ടാകുന്നത്. സിഗ്നൽ സംവിധാനം ഇല്ലാതായതോടെ രാത്രി സമയങ്ങളിൽ കൂടുതലും അപകടം ഉണ്ടാകുന്നുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com