ADVERTISEMENT

നിലമ്പൂർ∙  ബസിന്റെ ചക്രം കയറി ഇടത് കാൽ നഷ്ടപ്പെട്ട നായ ജൂലിക്ക് നാട്ടുകാർ തുണയായി. ഇടതുകാൽ മുറിച്ചുമാറ്റിയ നായയെ ഒരു മാസത്തിലേറെയായി നാട്ടുകാർ പോറ്റുന്നു. പുളിക്കലോടി തൃക്കൈക്കുത്ത് അങ്ങാടിയിലാണ് ഉടമസ്ഥൻ തെരുവിൽ ഉപേക്ഷിച്ച പൊമറേനിയൻ ഇനം പെൺ നായ അപകടത്തിൽ പെട്ടത്. അലഞ്ഞുനടന്നിരുന്ന നായയെ ഓട്ടോ തൊഴിലാളികളും കച്ചവടക്കാരുമുൾപ്പെടെ ഭക്ഷണം നൽകി പോറ്റുകയായിരുന്നു. ജൂലി എന്ന് പേരിട്ടു.

അങ്ങാടിയുടെ കാവലാളായി കഴിയവേ ഒരു മാസം മുമ്പ്  ജൂലിയുടെ ഇടത് കാലിലൂടെ സ്കൂൾ ബസിന്റെ ചക്രം കയറിയത്.  നായയെ ക്ഷീരകർഷകയായെ കെ.പത്മിനി, കെ. ബാലസുബ്രഹ്മണ്യൻ എന്നിവർ വടപുറം മൃഗാശുപത്രിയിൽ എത്തിച്ചു. പ്രഥമചികിത്സ നൽകിയ ശേഷം മലപ്പുറത്ത് ജില്ലാ മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക്  അയച്ചു. അവിടെ ശസ്ത്രക്രിയ നടത്തി കാൽ മുറിച്ചുമാറ്റി. പിന്നീട് ബാലസുബ്രഹ്മണ്യൻ, വി. മനോജ് എന്നിവർ നിത്യേന ഓട്ടോയിൽ വടപുറം മൃഗാശുപത്രിയിൽ കൊണ്ടുവന്ന് മുറിവ് കെട്ടിപ്പോന്നു.

ഇടയ്ക്ക് പരിശോധനയ്ക്ക് മലപ്പുറത്ത് കൊണ്ടുപോയിരുന്നു. പെരിന്തൽമണ്ണയിൽ പോയാണ് മരുന്ന് കൊണ്ടുവരുന്നത്. നാട്ടുകാരാണ് ചികിത്സയ്ക്ക് സഹായം നൽകുന്നത്. ഭക്ഷണം നൽകാനും എല്ലാവരുമുണ്ട്. നാട്ടുകാരുടെ നായയോടുള്ള സ്നേഹം കണ്ട് വടപുറം മൃഗാശുപത്രിയിലെ ഡോ. സി.സൂരജ്, ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാരായ എം.ആർ.സതീശൻ, ഫാത്തിമ സുഹ്റ എന്നിവരും എല്ലാ പരിചരണവും നൽകുന്നു. ഒരുമാസം കൊണ്ട് ജൂലി പൂർണസുഖം പ്രാപിക്കുമെന്ന് ഡോ. സൂരജ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com