ADVERTISEMENT

മഞ്ചേരി ∙ പ്രിയപ്പെട്ട ഉമ്മയുടെ കബറിടത്തിൽ അവസാനമായി മൂന്നുപിടി മണ്ണ് വാരിയിടാൻ നിൽക്കാതെ, പ്രാർഥനകളൊക്കെയും മനസ്സിലൊതുക്കി ഷബാ ബിൻ സാദത്ത് പരീക്ഷാ ഹാളിലേക്ക് ഓടി. കണ്ണീരിൽ കുതിർന്ന അക്ഷരങ്ങളാൽ എസ്എസ്എൽസി ഫിസിക്സ് പരീക്ഷയെഴുതി. മടങ്ങിയെത്തിയപ്പോഴേക്കും ഉമ്മ രഹ്ന ആറടി മണ്ണിൽ നിത്യനിദ്രയിലായിക്കഴിഞ്ഞിരുന്നു.  മഞ്ചേരി എച്ച്എംവൈ എച്ച്എസ്എസ് വിദ്യാർഥിയായ ഷബാ ബിൻ ആണ്, ഉമ്മയുടെ കബറടക്കച്ചടങ്ങ് നടക്കുന്നതിനിടെ എസ്എസ്എൽസി പരീക്ഷയെഴുതിയത്.

പ്രസവ ചികിത്സയ്ക്കിടെ ഹൃദയ സംബന്ധമായ അസുഖം കാരണം വ്യാഴാഴ്ച വൈകിട്ട് 6ന് ആണ് കാരക്കുന്ന് ഹാജ്യാർപടി റഷീദിന്റെ ഭാര്യ രഹ്ന(35) സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. രഹ്നയുടെ സഹോദരി വിദേശത്തുനിന്ന് എത്താനുള്ളതിനാൽ കബറടക്കം ഇന്നലെ രാവിലെ 9.30ന് ആണു നടത്തിയത്. രഹ്നയുടെ ആദ്യ വിവാഹത്തിലെ ഏക മകൻ പത്താം ക്ലാസ് വിദ്യാർഥിയായ ഷബാ ബിൻ സാദത്തിന് ഇന്നലെ അതേസമയം ഫിസിക്സ് പരീക്ഷയായിരുന്നു.

ഉമ്മയുടെ വിയോഗത്തിൽ മാനസികമായി തളർന്ന ഷബാ പരീക്ഷയെഴുതുന്നില്ലെന്ന് പറഞ്ഞെങ്കിലും സുഹൃത്തുക്കളും വാർഡ് കൗൺസിലർ യാഷിക് മേച്ചേരിയും ധൈര്യം പകർന്നു. പള്ളിയിൽ മയ്യിത്ത് നമസ്കാരം കഴിഞ്ഞ ഉടൻ യാഷിക് ബൈക്കിൽ സ്കൂളിലെത്തിച്ചു. സങ്കടക്കടൽ ഉള്ളിലൊതുക്കി ഷബാ പരീക്ഷയെഴുതി. തിരിച്ചെത്തിയ ശേഷം, ഉമ്മയുടെ കബറിടത്തിൽ പ്രാർഥിച്ച് സങ്കടമെല്ലാം കരഞ്ഞുതീർത്തു. വട്ടപ്പാറ തുപ്പിലിക്കാട്ടുകുന്ന് കിഴക്കേപീടിക മുഹമ്മദിന്റെയും അത്തിമണ്ണിൽ ജമീലയുടെയും മകളാണു രഹ്ന. നവജാതശിശു വെന്റിലേറ്ററിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com