റമസാൻ വിപണിയിൽ താരങ്ങളായി ‘അതിഥി പഴവർഗങ്ങൾ’
Mail This Article
മലപ്പുറം/തിരൂർ ∙ ജില്ലയിലെ റമസാൻ വിപണിയിൽ താരങ്ങളായി ‘അതിഥി പഴവർഗങ്ങൾ’. ബ്രസീലിൽ നിന്നുള്ള മുന്തിരി മുതൽ തായ്‌ലൻഡിൽ നിന്നുള്ള പേരയ്ക്കവരെയായി അതിഥി പഴ വർഗങ്ങളുടെ പട്ടിക നീളുന്നു. തണ്ണിമത്തൻ പ്രധാനമായും വരുന്നത് കർണാടക, ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ്. എല്ലാതരം പഴ വർഗങ്ങൾക്കും വിപണിയിൽ തൊട്ടാൽ പൊള്ളുന്ന വിലയാണ്.
ജില്ലയിലേക്കുള്ള വിദേശ പഴ വർഗങ്ങൾ ബെംഗളൂരു വഴി തിരൂരിലാണെത്തുന്നത്. ഇവിടെ നിന്ന് ഓർഡർ പ്രകാരം ജില്ലയുടെ മറ്റു ഭാഗങ്ങളിലുള്ള വ്യാപാരികൾക്കു അയച്ചു നൽകും. ഇന്ത്യൻ ആപ്പിളിനു 180 രൂപവരെയാണ് വില. വിദേശ ആപ്പിളുകൾക്ക് 200–240 രൂപ നൽകണം. സുലഭമായി ലഭിക്കുന്നതിനാൽ ഓറഞ്ച് വില വലിയ തോതിൽ ഉയർന്നിട്ടില്ല. കിലോയ്ക്ക് 65 രൂപയ്ക്കു ലഭിക്കും. പൈനാപ്പിളിന് കിലോയ്ക്ക് 60 രൂപ മുതലാണ് വില. തണ്ണിമത്തൻ കിലോയ്ക്ക് 23 രൂപ മുതൽ ലഭ്യമാണ്. വിദേശ ഇനമായ മഞ്ഞ തണ്ണിമത്തന് 35 രൂപവരെ നൽകണം.
മുന്തിരി കിലോയ്ക്കു 70 രൂപ മുതൽ ലഭ്യമാണ്. ഏത്തപ്പഴത്തിന് റമസാൻ മാസമായതോടെ ഡിമാൻഡ് വർധിച്ചു. നിലവിൽ കിലോയ്ക്കു 45 രൂപവരെ നൽകണം. നേരത്തേ 100 രൂപയ്ക്കു 4 കിലോവരെ ഏത്തപ്പഴം ലഭിച്ചിരുന്നു. തണ്ണിമത്തനൊപ്പം ജില്ലയിൽ ഏറെ ആവശ്യക്കാരുള്ള ഷമാമിന് കിലോ 50 രൂപവരെയാണ് വില. സ്വദേശിയും വിദേശിയുമായ ഒട്ടേറെ ഇനം പേരയ്ക്കകൾ വിപണിയിൽ ലഭ്യമാണ്.
ഗുണ മേന്മയനുസരിച്ച് വിലയും കൂടും. സാധാ പേരയ്ക്ക കിലോ 50 രൂപയ്ക്കു ലഭിക്കുമെങ്കിൽ വിദേശ ഇനങ്ങൾക്ക് 100നു മുകളിലാണ് വില. മാമ്പഴം ഇത്തവണ കാണാൻ കിട്ടാത്ത സ്ഥിതിയാണ്. സീസണല്ലാത്തതാണ് കാരണം. ഉള്ള മാമ്പഴത്തിനാകട്ടെ വൻ വിലയും. പ്രിയൂർ എന്ന ഇനത്തിന് 170 രൂപ വരെ വിലയുണ്ട്. മൂവാണ്ടൻ മാങ്ങയ്ക്ക് 120 രൂപ വരെയാണ് വില. ചെറു നാരങ്ങ വില ആവശ്യക്കൂടുതലും ലഭ്യതക്കുറവും കാരണം കിലോയ്ക്ക് 150 രൂപയ്ക്കടുത്തെത്തി.