ADVERTISEMENT

പെരിന്തൽമണ്ണ ∙ നിലമ്പൂർ – ഷൊർണൂർ റൂട്ടിലെ ദീർഘദൂര യാത്രക്കാർക്ക് പരീക്ഷണമാവുകയാണ് ഷൊർണൂരിൽ നിന്നുള്ള കണക്‌ഷൻ ട്രെയിനുകൾ. ഇവ ലക്ഷ്യമാക്കി ട്രെയിനിൽ യാത്ര പോകുന്ന ഏറെ പേരുണ്ട്. കഴിഞ്ഞ 2 ദിവസങ്ങളിലും ഒട്ടേറെ യാത്രക്കാരാണ് സെക്കൻഡുകളുടെ വ്യത്യാസത്തിൽ കടന്നു പോയ കണക്‌ഷൻ ട്രെയിൻ ലഭിക്കാതെ വലഞ്ഞത്. ട്രെയിനുകൾ ഇടയ്‌ക്ക് പിടിച്ചിട്ടതായിരുന്നു കാരണം. 

നിലമ്പൂർ–ഷൊർണൂർ റൂട്ടിലെ ദീർഘദൂര യാത്രക്കാർ വെള്ളിയാഴ്‌ച കണക്‌ഷൻ ട്രെയിൻ ലഭിക്കാതെ മണിക്കൂറുകളോളം വലഞ്ഞിരുന്നു. നിലമ്പൂരിൽ നിന്ന് രാവിലെ 7ന് പുറപ്പെട്ട ട്രെയിനിലെ 90 ശതമാനം ആളുകളും ഷൊർണൂരിൽ നിന്ന് തുടർയാത്രയ്‌ക്കുള്ളവരായിരുന്നു. ഷൊർണൂരിൽ എത്തിയ ട്രെയിനിൽ നിന്നിറങ്ങിയവർ മണിക്കൂറുകളോളം കാത്തു നിന്നാണ് എറണാകുളം ഭാഗത്തേക്ക് പോയത്. ഷൊർണൂരിൽ ഈ ട്രെയിൻ എത്തിയപ്പോഴേക്കും സെക്കൻഡുകളുടെ വ്യത്യാസത്തിൽ ആലപ്പുഴ എക്‌സിക്യൂട്ടീവ് ഷൊർണൂരിൽ നിന്ന് പുറപ്പെട്ടു പോയിരുന്നു. 

നൂറു കണക്കിന് വിദ്യാർഥികളും പ്രായമായവർ ഉൾപ്പെടെ ഷൊർണൂരിൽ മണിക്കൂറുകളോളം കാത്തു നിൽക്കേണ്ടി വന്നു. ഇന്നലെയും യാത്രക്കാർ ഇതേ ദുരിതം അനുഭവിക്കേണ്ടി വന്നു. രാവിലെ 5.30 ന് നിലമ്പൂരിൽ നിന്ന് പുറപ്പെടുന്ന വണ്ടി റദ്ദ് ചെയ്‌തതിനാൽ യാത്രക്കാർ ഏറെയും രാവിലെ 7ന് പുറപ്പെടുന്ന ട്രെയിനിലാണ് ഷൊർണൂരിൽ എത്തിയത്. തിരുവനന്തപുരം ജനശതാബ്ദി, തിരുനൽവേലി വീക്ക്‌ലി എക്‌സ്പ്രസ് ഉൾപ്പെടെ ഉള്ള ട്രെയിനുകൾക്ക് പോകേണ്ടവർ ഉൾപ്പെടെ രാവിലത്തെ ട്രെയിൻ റദ്ദ് ചെയ്‌തതിനാൽ ആലപ്പുഴ ട്രെയിനിൽ യാത്ര ചെയ്യാനായി ഒരുങ്ങി എത്തിയതായിരുന്നു. 

നൂറുകണക്കിന് ആളുകൾക്കാണ് സെക്കൻഡുകളുടെ വ്യത്യാസത്തിൽ കണക്‌ഷൻ ട്രെയിൻ നഷ്‌‌ടമായത്. ഷൊർണൂരിൽ എത്തുന്നതിന് മുൻപ് ട്രെയിൻ പിടിച്ചിട്ടതാണ് കാരണം. കണക്‌ഷൻ ട്രെയിൻ കൃത്യമായി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സതേൺ റെയിൽവേയിലെ ഏറ്റവും വലിയ സേവന കൂട്ടായ്മയായ ട്രെയിൻ ടൈം കൂട്ടായ്മ ചീഫ് കോഓർഡിനേറ്റർ സലീം ചുങ്കത്ത് കേന്ദ്ര റെയിൽവേ മന്ത്രി, സതേൺ റെയിൽവേ ജന.മാനേജർ, ഡിവിഷൻ റെയിൽവേ ജന. മാനേജർ എന്നിവർക്ക് ഇ–മെയിൽ സന്ദേശം അയച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com