ADVERTISEMENT

തിരൂർ ∙ രണ്ടാഴ്ചയ്ക്കിടെ തിരൂർ റെയിൽവേ സ്റ്റേഷനിൽ നിന്നു കണ്ടെത്തിയത് 30 കിലോ കഞ്ചാവും ഏഴരക്കിലോ നിരോധിത ലഹരി ഉൽപന്നങ്ങളും. കോയമ്പത്തൂർ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്ന് ട്രെയിൻ മാർഗം തിരൂരിലേക്കെത്തുന്നത് കിലോക്കണക്കിന് കഞ്ചാവാണ്. കഴിഞ്ഞ ദിവസം തിരൂരിലെത്തിയ ചെന്നൈ എഗ്‌മോർ എക്സ്പ്രസിലെ ജനറൽ കംപാർട്ട്മെന്റിന്റെ സീറ്റിനടിയിൽ നിന്ന് ആർപിഎഫും എക്സൈസും ചേർന്നു കണ്ടെടുത്തത് 16.5 കിലോ കഞ്ചാവാണ്. 

കഴിഞ്ഞ 9ന് കോയമ്പത്തൂർ – കണ്ണൂർ പാസഞ്ചർ സ്റ്റേഷൻ വിട്ടയുടനെ നടത്തിയ പരിശോധനയിൽ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ നിന്നു കണ്ടെത്തിയത് 12 കിലോ കഞ്ചാവ്. മറ്റു പരിശോധനകളിൽ കിട്ടിയ കഞ്ചാവിന്റെ അളവു കൂടി കൂട്ടുമ്പോൾ രണ്ടാഴ്ചയ്ക്കിടെ ഇവിടെ നിന്നു കണ്ടെത്തിയത് 30 കിലോ കഞ്ചാവ്. ഫെബ്രുവരി 2ന് യശ്വന്ത്പുര – കണ്ണൂർ എക്സ്പ്രസിന്റെ ജനറൽ കംപാർട്ട്മെന്റിൽ നിന്ന് 21 കിലോ കഞ്ചാവ് കണ്ടെടുത്തിരുന്നു.

ട്രെയിൻ വഴി വ്യാപകമായി തിരൂരിലേക്കും ഇവിടെ നിന്ന് ജില്ലയുടെ വിവിധ ഭാഗങ്ങളിലേക്കും കഞ്ചാവ് ഒഴുകുന്നുണ്ടെന്നതിന്റെ തെളിവാണിത്. എപ്പോഴൊക്കെ സംഘം പരിശോധനയ്ക്കിറങ്ങുന്നുണ്ടോ, അപ്പോഴെല്ലാം കഞ്ചാവ് കണ്ടെത്തുന്നുണ്ടെന്ന ഭീകരമായ സ്ഥിതിയാണുള്ളത്.

കോയമ്പത്തൂർ, ബെംഗളൂരു എന്നിവിടങ്ങളിൽ നിന്നാണ് ട്രെയിനുകൾ വഴി കഞ്ചാവെത്തുന്നത്. പാക്കറ്റുകളിൽ പൊതിഞ്ഞ് ബാഗുകളിലാക്കി ജനറൽ കംപാർട്ട്മെന്റിന്റെ സീറ്റുകൾക്കടിയിലോ മറ്റോ വയ്ക്കുകയാണ് ചെയ്യുന്നത്. സ്റ്റേഷനിൽ ആർപിഎഫോ മറ്റു സേനകളോ ഇല്ലെങ്കിൽ പ്ലാറ്റ്ഫോമിൽ ഇതിട്ട് കൊണ്ടുവന്നവർ പോകും. തുടർന്ന് സാഹചര്യങ്ങൾക്കനുസരിച്ച് ഇവിടെയുള്ള ഏജന്റുമാർ പ്ലാറ്റ്ഫോമിൽ നിന്ന് കഞ്ചാവുമായി പോകുകയാണ് ചെയ്യുന്ന രീതി.

ട്രെയിനിൽ പരിശോധന സംഘം കയറുമ്പോൾ കൊണ്ടുവരുന്നവർ മാറിനിൽക്കും. ഇതോടെ കഞ്ചാവ് ലഭിക്കുമെങ്കിലും കൊണ്ടുവരുന്നവരെ പിടികൂടാൻ സാധിക്കാത്ത സ്ഥിതിയാണുള്ളത്. നിരോധിത പുകയില ഉൽപന്നങ്ങളും മറ്റു ലഹരി വസ്തുക്കളും വ്യാപകമായി ട്രെയിൻ വഴി ഇവിടെയെത്തിക്കുന്നുണ്ട്.

എല്ലാ ട്രെയിനുകളിലും ആർപിഎഫിന്റെ സാന്നിധ്യം ശക്തമാക്കുകയാണ് ഇത് അൽപമെങ്കിലും തടയാനുള്ള പോംവഴി. സംശയം തോന്നുവരുടെ ബാഗുകൾ പരിശോധിക്കാനുള്ള സ്കാനിങ് സംവിധാനം സ്റ്റേഷനുകളിൽ ഒരുക്കണമെന്നും വിവിധ സംഘടനകൾ ആവശ്യപ്പെടുന്നുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com