ADVERTISEMENT

മഞ്ചേരി∙ വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്ത മഞ്ചേരി വേട്ടേക്കോട് ഭാഗത്ത് ഒരു കിലോമീറ്റർ ചുറ്റളവിൽ കൊതുകുസാന്ദ്രതാ പഠനം നടത്തി. ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്റെ നേതൃത്വത്തിൽ ഇന്ന് പനി സർവേ, കൊതുകിന്റെ ഉറവിട നിയന്ത്രണം എന്നിവ നടത്തും.കൊതുക് വഴിയാണ് വെസ്റ്റ് നൈൽ വൈറസ് രോഗം പരത്തുന്നത്. മലപ്പുറത്ത് 4 വർഷത്തിനു ശേഷമാണ്  വെസ്റ്റ് നൈൽ പനി റിപ്പോർട്ട് ചെയ്യുന്നത്. നഗരസഭാ പരിധിയിലെ  മുപ്പത്തിരണ്ടുകാരിയാണ് സ്രവ പരിശോധനയിൽ  പോസിറ്റീവ് ആയത്. ഇവരുടെ  സ്രവം വീണ്ടും പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.

പ്രദേശത്തെ കുട്ടിക്കു കഴിഞ്ഞ ദിവസം മൂക്കൊലിപ്പ് പ്രകടമായെങ്കിലും രോഗലക്ഷണങ്ങൾ ഇല്ലെന്ന് ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. ആരോഗ്യ വകുപ്പ്, വെക്ടർ കൺട്രോൾ യൂണിറ്റ്, മഞ്ചേരി നഗരസഭ എന്നിവ മുഖേനയാണ് പ്രതിരോധ നടപടികൾ. ജില്ലാ സർവൈലൻസ് ഓഫിസർ ഡോ.സുബിൻ, ബയോളജിസ്റ്റ് മുജീബ് റഹ്മാൻ, വെക്ടർ കൺട്രോൾ യൂണിറ്റ് അധികൃതർ എന്നിവർ സ്ഥലത്തെത്തി  വെക്ടർ സർവേ നടത്തി. കുളങ്ങൾ, കിണർ, ജലാശയങ്ങൾ, തൊഴുത്ത് എന്നിവിടങ്ങളിൽനിന്നു കൊതുകു ലാർവ,വലിയ കൊതുകുകൾ എന്നിവ ശേഖരിച്ചു. 

രോഗവാഹകരായ കൊതുകുകൾ ഉണ്ടോയെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം.ജെപിഎച്ച്എൻ, ആശാ വർക്കർമാർ, ഹെൽത്ത് ഇൻസ്പെക്ടർമാർ എന്നിവരുടെ നേതൃത്വത്തിൽ 3 സ്ക്വാഡുകളായി തിരിഞ്ഞ് പ്രതിരോധ പ്രവർത്തനം നടത്തി. പോസിറ്റീവ് ആയ യുവതി ആശുപത്രിയിൽനിന്നു വിടുതൽ വാങ്ങി വീട്ടിൽ വിശ്രമത്തിലാണ്. കൊതുകിലൂടെ രോഗം പകരാതിരിക്കാനാണ് പ്രതിരോധ പ്രവർത്തനം ഊർജിതമാക്കിയത്. പോസിറ്റീവ് ആയ യുവതി പെട്ടെന്ന് ചികിത്സ തേടിയതിലാണ് വൈറസ് തിരിച്ചറിയാനായതും പ്രതിരോധ നടപടികൾ ഊർജിതമാക്കി രോഗം പകരുന്നത് തടയാൻ കഴിഞ്ഞതും.

വെസ്റ്റ് നൈൽ പനി ജില്ലയിൽ ഈ വർഷം രണ്ടാം തവണ
വെസ്റ്റ് നൈൽ പനി ജില്ലയിൽ ഈ വർഷം റിപ്പോർട്ട് ചെയ്യപ്പെടുന്നത് ഇതു രണ്ടാംതവണ. ജനുവരിയിൽ പെരിന്തൽമണ്ണ മേഖലയിലാണ് ആദ്യത്തെ കേസ്. കഴിഞ്ഞ ദിവസം മഞ്ചേരിയിൽ ഒരാൾക്കു കൂടി വെസ്റ്റ് നൈൽ പനിയെന്ന സംശയമുയർന്നതോടെ കേസുകളുടെ എണ്ണം രണ്ടായി. മഞ്ചേരിയിൽ പനി ബാധിച്ചയാളുടെ സ്രവ സാംപിൾ ആലപ്പുഴ വൈറോളജി ലാബിലേക്ക് അയച്ചിട്ടുണ്ട്.

ഇതിന്റെ ഫലം വന്ന ശേഷമേ സ്ഥിരീകരണമുണ്ടാകൂ. ക്യൂലക്സ് കൊതുകുകൾ വഴി പടരുന്ന വെസ്റ്റ് നൈൽ പനിക്ക് വാക്സീനുകളോ മറ്റു മരുന്നുകളോ കണ്ടെത്തിയിട്ടില്ല. രോഗലക്ഷണങ്ങൾക്കുമാത്രമാണ് നിലവിൽ ചികിത്സ നൽകുന്നത്. അതിനാൽ വെസ്റ്റ് നൈൽ പനി വരാനുള്ള സാഹചര്യം ഒഴിവാക്കുകയാണ് വേണ്ടതെന്ന് ഡപ്യൂട്ടി ഡിഎംഒയും ജില്ലാ സർവൈലൻസ് ഓഫിസറുമായ ഡോ. സി.ഷുബിൻ പറഞ്ഞു. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യം ജില്ലയിലില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രോഗം വരും വഴി
ദേശാടനപ്പക്ഷികളാണ് രോഗാണു (വെസ്റ്റ് നൈൽ വൈറസ്) വാഹകർ. ഇവയെ കടിക്കുന്ന ക്യൂലക്സ് കൊതുകുകൾ രോഗം മനുഷ്യരിലേക്കും പടർത്തുന്നു. ജനുവരി മുതൽ മേയ് വരെ ദേശാടനപ്പക്ഷികൾ വരുന്ന സീസണായതിനാൽ വയലുകളോടും നീർത്തടങ്ങളോടും അടുത്തുകിടക്കുന്ന പ്രദേശങ്ങളിൽ രോഗസാധ്യത കൂടുതലാണ്. കൊതുകുകടി ഒഴിവാക്കുകയാണ് പ്രധാനം. കൊതുകുകൾ വളരാനുള്ള സാഹചര്യങ്ങൾ ഉണ്ടെങ്കിൽ അതു പൂർണമായും ഒഴിവാക്കണം.

രാത്രി സമയത്താണ് ക്യൂലക്സ് കൊതുകുകൾ പൊതുവേ കടിക്കാറ്. സാധാരണ വൈറൽ പനിക്കു സമാനമായ ലക്ഷണങ്ങളാണ്. അണുബാധയുണ്ടായാൽ പനി, തലവേദന, ഛർദി, മനംപിരട്ടൽ, ശരീരവേദന, വയറിളക്കം, സന്ധിവേദന, ചൊറിഞ്ഞു തടിക്കൽ എന്നീ ലക്ഷണങ്ങൾ കാണിക്കും. രോഗബാധിതരിൽ നൂറ്റൻപതു പേരിൽ ഒരാൾക്ക് തലച്ചോറിനെ ബാധിക്കുന്ന തരത്തിൽ രോഗം മൂർഛിക്കാനും സാധ്യതയുണ്ട്. രോഗം ഗുരുതരമാകുന്ന പത്തുപേരിൽ ഒരാൾക്ക് അതു മരണകാരണമായും മാറിയേക്കാം.

രോഗപ്പടർച്ചയും മൂർഛിക്കാനുള്ള സാധ്യതയും വിരളമാണെങ്കിലും ഗുരുതരമാവുകയാണെങ്കിൽ മരണനിരക്കു കൂടുതലാണെന്നതാണ് വെസ്റ്റ് നൈലിനെ അപകടകാരിയാക്കുന്നതെന്ന് ഡോ. സി.ഷുബിൻ പറഞ്ഞു. 2019ൽ ആറുവയസ്സുള്ള കുട്ടിയടക്കം രണ്ടുപേർ ജില്ലയിൽ വെസ്റ്റ് നൈൽ ബാധിച്ചു മരിച്ചിട്ടുണ്ട്. 60 വയസ്സിനു മുകളിലുള്ളവർക്ക് രോഗം ഗുരുതരമാകാനുള്ള സാധ്യത കൂടുതലുള്ളതിനാൽ അവർ പ്രത്യേകം ശ്രദ്ധിക്കണം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com