ADVERTISEMENT

മലപ്പുറം∙ കടലുണ്ടിപ്പുഴയുടെ ഓരത്തു തലയുയർത്തി നിൽക്കുന്ന കോങ്കയം ജുമാമസ്ജിദിന് നാലു നൂറ്റാണ്ടോളം പഴക്കമുണ്ട്. ആധുനികതയും പൗരാണികതയും സമന്വയിപ്പിച്ച കോഡൂർ ചെമ്മങ്കടവ് ചോലയ്ക്കലിലെ കോങ്കയം ജുമാമസ്ജിദ് ഇന്നും മതവിജ്ഞാനത്തിന്റെ പ്രഭ ചൊരിയുകയാണ്. പള്ളിയുടെ പഴമയുടെ പ്രൗഢിയും സൗന്ദര്യവും നശിപ്പിക്കാതെയാണ് പലതവണകളായി പുനർനിർമിച്ചിരിക്കുന്നത്. പഴയ പള്ളിയുടെ മേൽക്കൂരയും മനോഹരമായ കൊത്തുപണികളും സൂര്യഘടികാരവും പുതുക്കിപ്പണിതപ്പോഴും നിലനിർത്തിയിട്ടുണ്ട്.

ഏകദേശം 375 വർഷം മുൻപാണ് കോങ്കയം പള്ളി നിർമിച്ചതെന്നാണ് ചരിത്രം. പ്രദേശത്തെ കോങ്കയം തറവാട്ടുകാർ നിർമിച്ച പള്ളിയെന്നതിനാലാണ് കോങ്കയം മസ്ജിദ് എന്ന പേരു വന്നത്. പിന്നീട് പള്ളിയുടെ വിപുലീകരണവും സംരക്ഷണവും കിളിയമണ്ണിൽ കുടുംബത്തിനായിരുന്നു. ഇന്നും പള്ളിപരിപാലന കമ്മിറ്റിയുടെ പ്രസിഡന്റ് പദവിയും മുത്തവല്ലി സ്ഥാനവും കിളിയമണ്ണിൽ കുടുംബാംഗങ്ങളാണ് വഹിക്കുന്നത്. 200 വർഷങ്ങൾക്കു മുൻപ് പള്ളി പൊളിച്ചു പുതുക്കിപ്പണിതു. അന്ന് മമ്പുറം സയ്യിദ് അലവി തങ്ങളാണ് തറക്കല്ലിട്ടത്. ഇന്നു കാണുന്ന രീതിയിൽ പുതുക്കിപ്പണിതത് 2005ലാണ്.

കോങ്കയം പള്ളിയിൽ വിപുലമായ പള്ളി ദർസ് സംവിധാനം മുൻപേ നിലവിലുണ്ട്. ഒരേ സമയം നാലു പണ്ഡിതന്മാർ വരെ അധ്യാപകരായി സേവനം ചെയ്തിരുന്നു. കാപ്പാട് മുഹമ്മദ് മുസല്യാർ, പെരിമ്പലം ഉണ്ണീൻ മുസല്യാർ, മഞ്ചേരി അബ്ദുറഹ്മാൻ മുസല്യാർ, സദഖത്തുല്ല മുസല്യാർ എന്നീ നാലു പണ്ഡിതർ ഇത്തരത്തിൽ ഒരേ സമയത്തു ദർസ് നടത്തിയിരുന്നവരാണ്.  വൈലത്തൂർ ബാവ മുസല്യാർ, ഏലംകുളം മുഹമ്മദ് മുസല്യാർ, പാങ്ങിൽ അബ്ദുല്ല മുസല്യാർ, മരക്കാർ ഫൈസി, പ്രഫ.കെ.ആലിക്കുട്ടി മുസല്യാർ, അച്ചിപ്ര കോയക്കുട്ടി മുസല്യാർ തുടങ്ങിയ കേരളത്തിൽ അറിയപ്പെടുന്ന മതപണ്ഡിതരും ഇവിടെ ദർസ് നടത്തിയിരുന്നു.

അറബിക് കോളജുകൾ വിപുലമായതോടെ മിക്ക പള്ളികളിലും ദർസുകൾ അവസാനിച്ചെങ്കിലും കോങ്കയം പള്ളിയിലെ ദർസ് ഇന്നും വിപുലമായിത്തന്നെ തുടരുന്നുണ്ട്.  ഇന്നും മതവിജ്ഞാനത്തിന്റെ ആഴത്തിലുള്ള പഠനത്തിനു കോങ്കയത്തെ ഗ്രന്ഥശേഖരത്തെ ആശ്രയിക്കുന്ന ഒട്ടേറെപ്പേരുണ്ട്. ഖാസി പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com