കറുവക്കൃഷിയിൽ കുറവില്ലാത്ത നേട്ടം

Mail This Article
മഞ്ചേരി ∙ ഔഷധ ഗുണമുള്ള കറുവപ്പട്ടയുടെ വേരറ്റു പോകരുതെന്ന 72 കാരനായ ഒരച്ഛന്റെ ഈ ആഗ്രഹം നിറവേറ്റാൻ എംബിഎക്കാരനായ മകൻ ഉപേക്ഷിച്ചത് ഉദ്യോഗം. ഇപ്പോൾ അച്ഛനും മകനും നൂറ്റാണ്ട് പിന്നിട്ട കറുവപ്പട്ട ഉൽപാദനത്തിന്റെ പെരുമ വീണ്ടെടുക്കുകയാണ്.
മഞ്ചേരി കരുവമ്പ്രം നിതിൻ നിവാസിൽ ഇ.കുഞ്ഞിരാമനും മകൻ നിതിനുമാണ് എളങ്കൂർ ചെറുകുളത്തെ 8 ഏക്കറിൽ കറുവ കൃഷി ചെയ്യുന്നത്.. കാക്കതോട് അതിരിട്ട മഠത്തിൽ പറമ്പിൽ ഓർമ വച്ചതു മുതൽ കൃഷിയുണ്ടെന്ന് കുഞ്ഞിരാമൻ പറയുന്നു. എന്ന് മുതലാണ് കൃഷി തുടങ്ങിയതെന്ന് അറിയില്ല. പിതാവ് ശേഖരൻ നായരും ബന്ധു ശങ്കരൻ നായരും കൃഷി ചെയ്തിരുന്നു. അന്ന് 40 ഏക്കറിൽ വരെ കൃഷി ചെയ്തിരുന്നു.
തൈലം വാറ്റിയും പട്ടയാക്കിയും വിറ്റു. തമിഴ്നാട്ടിൽ മഞ്ചേരി പട്ട എന്ന പേരിൽ അറിയപ്പെട്ടു. ചെടി വെട്ടി തൊലിയൂരി പട്ടയെടുത്ത് ഉണക്കാൻ ചെലവ് കൂടിയതോടെ കൃഷി കാടുകയറി. അതോടെ വിപണിയിൽ ഇറക്കുമതി പട്ട മേൽക്കോയ്മ നേടി.
തോട്ടത്തിലെ അസ്സൽ കറുവപ്പട്ടയുടെ പ്രാധാന്യം നിതിൻ തിരിച്ചറിഞ്ഞതോടെ പ്രമുഖ വിദ്യാഭ്യാസ കമ്പനിയുടെ എറണാകുളത്തെ ജോലി ഉപേക്ഷിച്ചു. തലമുറകളായി തുടരുന്ന കൃഷി സംരക്ഷിക്കാൻ സമൂഹ മാധ്യമങ്ങളിലെ സാധ്യതകൾ തേടി. അവശേഷിക്കുന്ന ചെടികൾക്ക് സംരക്ഷണമൊരുക്കി. 2000 ചെടികളാണ് നിലവിലുള്ളത്. ഒറിജിനൽ കറുവപ്പട്ടയുടെ ബ്രാൻഡ് വളർത്തുകയാണ് ലക്ഷ്യമെന്ന് നിതിൻ പറയുന്നു.