കുറ്റിപ്പുറത്ത് വൻ ലഹരിവേട്ട: ലോഡ്ജിൽനിന്ന് 183 ഗ്രാം എംഡിഎംഎ പിടികൂടി; തിരൂർ സ്വദേശി കടന്നുകളഞ്ഞു

Mail This Article
കുറ്റിപ്പുറം∙ നഗരത്തിലെ ലോഡ്ജിൽ എക്സൈസ് നർകോട്ടിക്സ് സ്ക്വാഡ് നടത്തിയ മിന്നൽ പരിശോധനയിൽ 6 ലക്ഷത്തോളം രൂപ വിലവരുന്ന 182.8 ഗ്രാം എംഡിഎംഎയും ലഹരി ഉപയോഗിക്കാനുള്ള ഉപകരണങ്ങളും പിടികൂടി. ലോഡ്ജിൽ താമസിച്ചിരുന്ന തിരൂർ പുറത്തൂർ സ്വദേശി കടന്നുകളഞ്ഞു.
ശനിയാഴ്ച രാത്രി 11.30ന് കുറ്റിപ്പുറം ടൗണിലെ ലോഡ്ജിലാണു സംഭവം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പട്രോളിങ് നടത്തുന്നതിനിടെ ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മലപ്പുറം സർക്കിൾ ഇൻസ്പെക്ടർ വി.ആർ.സജികുമാറിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡാണ് ലോഡ്ജിൽ പരിശോധന നടത്തിയത്.
ഉദ്യോഗസ്ഥർ സ്ഥലത്തെത്തുമ്പോൾ പ്രതി മുറിയിലുണ്ടായിരുന്നില്ല. മഫ്തിയിൽ എത്തിയ ഉദ്യോഗസ്ഥർ മുറിക്കു മുന്നിൽ കാത്തുനിൽക്കുന്നതിനിടെ ലോഡ്ജിന് സമീപത്തെത്തിയ പ്രതി ഉദ്യോഗസ്ഥരുടെ സാന്നിധ്യം തിരിച്ചറിഞ്ഞ് കടന്നുകളയുകയായിരുന്നു. തുടർന്ന് ലോഡ്ജ് അധികൃതരുടെ സഹായത്തോടെ മുറി തുറന്ന് പരിശോധിച്ചപ്പോഴാണ് 42 പാക്കറ്റുകളിലാക്കിയ എംഡിഎംഎ കണ്ടെടുത്തത്.
3 മാസത്തോളമായി പ്രതി ഈ മുറിയിൽ താമസിക്കുകയായിരുന്നെന്നാണു വിവരം. ആവശ്യക്കാർക്ക് മുറിയിലെത്തി എംഡിഎംഎ ഉപയോഗിക്കാനുള്ള ക്രമീകരണങ്ങളും ഒരുക്കിയിരുന്നു. എംഡിഎംഎ ചൂടാക്കി ഉപയോഗിക്കുന്നതിനുള്ള വിവിധ ഉപകരണങ്ങൾ മുറിയിൽനിന്ന് കണ്ടെത്തി.
ഗ്രാമിന് 3000 രൂപ മുതൽ 5000 രൂപവരെ നൽകിയാണ് വിൽപന നടത്തിയിരുന്നതെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതിയുടെ കൃത്യമായ വിവരം ലഭിച്ചതായും ഉടൻ അറസ്റ്റ് ചെയ്യുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. സംഭവത്തിനു പിന്നിൽ ബംഗാൾ സ്വദേശികളടക്കം ഉണ്ടെന്നു വ്യക്തമായിട്ടുണ്ട്.
എഎസ്ഐ അബ്ദുൽ വഹാബ്, പ്രിവന്റീവ് ഓഫിസർമാരായ പ്രഭാകരൻ പള്ളത്ത്, പി.ഷഫീർ അലി. സിഎഒ മുഹമ്മദ് അലി, എ.സലീന എന്നിവരാണ് പരിശോധനാ സംഘത്തിൽ ഉണ്ടായിരുന്നത്. എംഎഡിഎംഎ ആവശ്യക്കാർക്ക് എത്തിച്ചു നൽകിയിരുന്നത് കുട്ടികൾക്കുള്ള ബിസ്കറ്റ് പാക്കറ്റിൽ ഒളിപ്പിച്ചാണ്. പാക്കറ്റിന്റെ മധ്യഭാഗത്തുള്ള ബിസ്കറ്റുകൾ നീക്കം ചെയ്ത് ഈ ഭാഗത്ത് എംഡിഎംഎ പാക്കറ്റുകൾ സ്ഥാപിച്ച് വീണ്ടും പാക്ക് ചെയ്യും.