തിരൂർ പൊറ്റിലത്തറയില് മാലിന്യത്തിനു തീപിടിച്ചു

Mail This Article
തിരൂർ ∙ നഗരസഭയുടെ പൊറ്റിലത്തറയിലുള്ള മാലിന്യക്കൂമ്പാരത്തിനു തീപിടിച്ചു. പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യം കത്തിപ്പടർന്നതോടെ പ്രദേശത്താകെ കറുത്ത പുക പടർന്നു പിടിച്ചു. ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഹരിതകർമസേന നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യം ഇവിടെയാണ് എത്തിക്കാറുള്ളത്. അഗ്നിരക്ഷാസേനയും നാട്ടുകാരും ചേർന്ന് ഏറെ നേരം പണിപ്പെട്ടാണ് തീയണച്ചത്.
കഴിഞ്ഞ വർഷവും 2 തവണ ഇവിടെ തീപിടിത്തമുണ്ടായിരുന്നു. പ്രദേശത്താകെ കറുത്ത പുക പടർന്നതോടെ നാട്ടുകാർ വലിയ പ്രതിഷേധമുയർത്തി. ഇവിടെ ഇനി മാലിന്യം കൊണ്ടുവരാൻ സമ്മതിക്കില്ലെന്ന് നാട്ടുകാരും പ്രദേശത്തെ കൗൺസിലർമാരും പറഞ്ഞു. മുൻപ് 2 തവണ തീപിടിത്തമുണ്ടായപ്പോഴും നാട്ടുകാർ പ്രതിഷേധിച്ചിരുന്നു. അന്ന് പ്രശ്നത്തിനു പരിഹാരമുണ്ടാക്കാമെന്നു നഗരസഭ പറഞ്ഞിരുന്നെങ്കിലും തീരുമാനമായിട്ടില്ല. ചുറ്റുമുള്ള 26, 27, 33 വാർഡുകളിലുള്ളവരാണ് ഇതിന്റെ പ്രയാസം അനുഭവിക്കുന്നത്.