740 ലീറ്റർ മണ്ണെണ്ണ കണ്ടെത്തിയതിൽ അന്വേഷണമില്ല; ലേലത്തിനു വച്ചു
Mail This Article
പൊന്നാനി ∙ തീരദേശത്തുനിന്നു കണ്ടെടുത്ത 740 ലീറ്റർ മണ്ണെണ്ണ സിവിൽ സപ്ലൈസ് ലേലത്തിനു വച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണമില്ല. മണ്ണെണ്ണ അനധികൃത ഗോഡൗണിൽ എങ്ങനെയെത്തിയെന്നു പോലും ഉദ്യോഗസ്ഥർ പരിശോധിച്ചില്ല. മത്സ്യത്തൊഴിലാളികൾക്ക് സബ്സിഡി ഇനത്തിൽ നൽകിയ വെള്ള മണ്ണെണ്ണ കരിഞ്ചന്തയിൽ മറിച്ചു വിൽക്കാനുള്ള നീക്കമാണ് പിടികൂടിയത്. എന്നാൽ, സംഭവം ഒതുക്കിത്തീർക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. വകുപ്പുതല അന്വേഷണവും പൊലീസ് അന്വേഷണവുമുണ്ടായില്ല.
മാതൃശിശു ആശുപത്രിക്ക് പിൻവശം കടലോരത്ത് ആളൊഴിഞ്ഞ കെട്ടിടത്തിലാണ് മണ്ണെണ്ണ സൂക്ഷിച്ചിരുന്നത്. കെട്ടിട ഉടമയുടെ പേരുപോലും ഉദ്യോഗസ്ഥർ ഫയലുകളിൽ രേഖപ്പെടുത്തിയിരുന്നില്ല.കെഎസ്ഇബി കൺസ്യൂമർ നമ്പർ മാത്രം രേഖപ്പെടുത്തിയാണ് കെട്ടിട വിവരം പ്രാഥമിക റിപ്പോർട്ടിൽ ചേർത്തിരുന്നത്. വൻ തോതിൽ മണ്ണെണ്ണ പിടിച്ചെടുത്തിട്ടും തുടർ നടപടികളിലേക്കു കടക്കാതെ പിടിച്ച മണ്ണെണ്ണ ലേലത്തിൽ വിൽപനയ്ക്കു വയ്ക്കാനുള്ള ശ്രമമാണ് നടത്തുന്നത്.
ലേലവുമായി ബന്ധപ്പെട്ട് ഇന്നലെ താലൂക്ക് സപ്ലൈ ഓഫിസർ ലേല നോട്ടിസ് പുറത്തിറക്കിയിരുന്നു. രണ്ടാഴ്ച മുൻപാണ് രഹസ്യ വിവരത്തെ തുടർന്ന് റെയ്ഡ് നടന്നത്. 4 ബാരൽ വീപ്പയിലാണ് മണ്ണെണ്ണ സൂക്ഷിച്ചിരുന്നത്. മീൻപിടിത്ത യാനങ്ങൾക്ക് സബ്സിഡി നിരക്കിൽ നൽകുന്ന മണ്ണെണ്ണ യാന ഉടമകളിൽനിന്ന് കുറഞ്ഞ വിലയ്ക്ക് വാങ്ങി കൊള്ള വിലയ്ക്ക് മറിച്ചു വിൽക്കുന്ന സംഘമാണ് സംഭവത്തിനു പിന്നിലെന്ന് വിവരം കിട്ടിയിട്ടും ഉദ്യോഗസ്ഥർ കണ്ണടയ്ക്കുന്ന അവസ്ഥയാണ്.