ADVERTISEMENT

അങ്ങാടിപ്പുറം∙ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ ഭഗവാനും ഭഗവതിയും ഒന്നിച്ച് ആറാട്ടിനെഴുന്നള്ളി. ഇതോടെ പൂരക്കാലത്തെ ശിവന്റെ ഉത്സവത്തിനു സമാപനമായി. കത്തുന്ന വെയിലിലും ആയിരക്കണക്കിനു ഭക്തർ ആറാട്ടെഴുന്നള്ളിപ്പിന്റെ ഭാഗമായി. ഗജവീരന്മാരായ വേണാട് നീലകണ്ഠൻ ഭഗവതിയുടെയും ശ്രീമുരുകൻ ശിവന്റെയും തിടമ്പേറ്റി. വലിയ ഭക്തജനത്തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്.

രാവിലെ പന്തീരടി പൂജയ്‌ക്കു ശേഷമായിരുന്നു ആറാട്ടെഴുന്നള്ളിപ്പ്. മേൽശാന്തി പന്തലക്കോടത്ത് ശ്രീനാഥ് നമ്പൂതിരി കാർമികത്വം വഹിച്ചു. ആറാട്ടെഴുന്നള്ളിപ്പ് കഴിഞ്ഞു മേളത്തോടെ കൊട്ടിക്കയറി 3 പ്രദക്ഷിണത്തിനു ശേഷം ഭഗവതിയുടെ തിടമ്പ് മാതൃശാലയിലേക്ക് എഴുന്നള്ളിച്ചു. ശിവന്റെ ഉത്സവ സമാപനം കുറിച്ചു ക്ഷേത്രാങ്കണത്തിൽ നടന്ന 21 പ്രദക്ഷിണത്തിൽ ചിറ്റേപ്പുറത്ത് ശ്രീക്കുട്ടൻ ഭഗവാന്റെ തിട‌മ്പേറ്റി.

കൊടിയിറക്കിയ ശേഷമാണ് ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ചത്. 25 കലശമാടി. ഭഗവതിക്കും ശിവനും ശ്രീതബലിയും നടന്നു. ക്ഷേത്രത്തിലെ പൂജാദി കർമങ്ങൾക്കു തന്ത്രി പന്തലക്കോടത്ത് നാരായണൻ നമ്പൂതിരി, മേൽശാന്തിമാരായ പന്തലക്കോടത്ത് ദാമോദരൻ നമ്പൂതിരി, സി.എം.പ്രവീൺ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി.

പിന്നണിഗായകൻ ഗണേഷ് സുന്ദരത്തിന്റെ ഭക്തിഗാനമേള നടന്നു. അങ്ങാടിപ്പുറം ശൈലേശ്വരി സംഗീതസഭ ഒരുക്കിയ കൈകൊട്ടിക്കളി, കോലാട്ടം എന്നിവയോടെയായിരുന്നു ഇന്നലെ പൂരത്തുടക്കം. കർക്കടാംകുന്ന് നിർമാല്യം കൈകൊട്ടിക്കളി സംഘത്തിന്റെ തിരുവാതിരക്കളി, നൂപുര നൃത്ത തിരുവാതിരക്കളി സംഘത്തിന്റെ ക്ലാസിക്കൽ തിരുവാതിരക്കളി, ചാക്യാർക്കൂത്ത്, ഓട്ടൻതുള്ളൽ, നാദസ്വരം, പാഠകം, തായമ്പക, കേളി, കൊമ്പുപറ്റ് എന്നിവയും നടന്നു. പൂരപ്പറമ്പ് ഓപ്പൺ ഓഡിറ്റോറിയത്തിൽ കേരള കലാക്ഷേത്രയുടെ നൃത്തനൃത്യങ്ങൾ, നൃത്തശിൽപം എന്നിവയോടെയായിരുന്നു പരിപാടികളുടെ സമാപനം. 

ഇന്ന് ഒൻപതാം പൂരം
രാവിലെ 7.00: തിരുവാതിരക്കളി, 8.00: നൃത്തനൃത്യങ്ങൾ, 9.30: കൊട്ടിയിറക്കം, വൈകിട്ട് 3.00: ചാക്യാർക്കൂത്ത്, 4.00: ഓട്ടൻതുള്ളൽ, 5.00: നാദസ്വരം, പാഠകം, 5.30: പത്മരാഗം സംഗീതവാദ്യ തരംഗിണി, രാത്രി 9.30: കൊട്ടിയിറക്കം, 10.00: പൂരപ്പറമ്പ് സോപാനം ഓഡിറ്റോറിയത്തിൽ അതുൽ നറുകരയും സംഘവും ഒരുക്കുന്ന സ്‌റ്റേജ് ഷോ–സോൾ ഓഫ് ഫോക്ക്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com