വരൾച്ച; പൊന്നാനി കോളിലെ 2000 ഏക്കർ നെല്ല് കരിഞ്ഞുണങ്ങി

Mail This Article
എരമംഗലം ∙ അധികൃതരുടെ ആസൂത്രണങ്ങൾ പാളിയതോടെ പൊന്നാനി കോളിലെ കൃഷിക്കും കരപ്രദേശങ്ങളിലെ ജനങ്ങൾക്കും വെള്ളം കിട്ടാത്ത അവസ്ഥയായി കോളിന്റെ പരിധിയിൽ വരുന്ന കുന്നംകുളം, ചാവക്കാട്, പൊന്നാനി താലൂക്കുകളിലെ പതിനായിരത്തോളം കുടുംബങ്ങൾക്കും12000 ഏക്കർ വരുന്ന പുഞ്ചക്കൃഷിക്കും വെള്ളം ശേഖരിച്ചുവയ്ക്കുന്ന ബിയ്യം റഗുലേറ്ററും നൂറടിത്തോടുമാണ് മീനമാസത്തിന്റെ തുടക്കത്തിൽ വറ്റിയത്.

കുന്നംകുളം വെട്ടിക്കെടവ് മുതൽ ബിയ്യം വരെ ശുദ്ധജലത്തിനും കൃഷിക്കും വെള്ളം സംഭരിക്കാൻ സൗകര്യം ചെയ്തിട്ടുണ്ടെങ്കിലും ഇത്തവണ ബിയ്യം റഗുലേറ്റർ വഴി അധികംജലം തുറന്നുവിട്ടത് വേഗത്തിൽ വരൾച്ചയ്ക്കു കാരണമായി.25 കിലോമീറ്റർ നീളത്തിലുള്ള നൂറടിത്തോട്ടിലും 65,000 ദശലക്ഷം ലീറ്റർ കപ്പാസിറ്റിയുള്ള ബിയ്യം റഗുലേറ്ററിലുമാണ് മഴസമയത്തു വെള്ളം ശേഖരിച്ചുവയ്ക്കുക. വരൾച്ച വന്നതോടെ കോളിന്റെ തെക്കൻ മേഖലയിലെ 2000 ഏക്കർ നെല്ല് വെള്ളം കിട്ടാതെ കരിഞ്ഞുണങ്ങി.
കോളിന്റെ തെക്കൻ മേഖലയിൽ ആദ്യം കൃഷി തുടങ്ങിയെങ്കിലും അവസാന സമയത്ത് വെള്ളം കിട്ടാതെ വന്നു. രണ്ടാം ഘട്ടത്തിൽ നെൽക്കൃഷി ഇറക്കിയത് 4000 ഏക്കർ സ്ഥലത്താണ്. ഇവിടേക്കുള്ള വെള്ളം കിട്ടാത്ത സ്ഥിതിയാണ്. കൃത്യമായ രീതിയിൽ കോൾ മേഖലയിലെ അധിക ജലം ഒഴുക്കിവിട്ടിരുന്നെങ്കിൽ ഇത്രയും ക്ഷാമം ഉണ്ടാകില്ലായിരുന്നു എന്നാണ് കർഷകർ പറയുന്നത്.പൊന്നാനി കോളിൽ വരൾച്ചയെ അതിജീവിക്കാൻ ഒരേ സമയം കൃഷി ഇറക്കുന്നതിനായി കോൾ വികസന അതോറിറ്റി തീരുമാനിച്ച കൃഷി കലണ്ടർ ഇനിയും നടപ്പായിട്ടില്ല.