കണ്ണിൽ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിച്ചു; യുവതി സ്റ്റിയറിങ് തിരിച്ച് കാറിടിപ്പിച്ചു നിർത്തി പുറത്തുചാടി
Mail This Article
തിരൂർ ∙ യുവതിയെ കാറിൽ കയറ്റി തട്ടിക്കൊണ്ടുപോകാൻ ശ്രമം. എതിർത്ത യുവതിയുടെ കണ്ണിൽ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിച്ചെടുത്തു. ശക്തമായി പ്രതിരോധിച്ച യുവതി സ്റ്റിയറിങ് തിരിച്ച് കാറിടിപ്പിച്ചു നിർത്തി പുറത്തുചാടി നാട്ടുകാരുടെ സഹായത്തോടെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ച യുവാവിനെ കീഴ്പ്പെടുത്തി.ഇന്നലെ രാവിലെ തിരൂർ തലക്കടത്തൂരാണു സംഭവം. വൈലത്തൂരിനടുത്ത സ്ഥലത്തുനിന്ന് മുപ്പത്തിയാറുകാരിയായ യുവതി തലക്കടത്തൂരിലുള്ള തന്റെ ജോലി സ്ഥലത്തേക്കു പോകാനായി നിൽക്കുകയായിരുന്നു.
ഈ സമയത്ത് കണ്ടുപരിചയമുള്ള മുപ്പതുകാരനായ യുവാവ് കാറുമായി എത്തി തലക്കടത്തൂരിൽ എത്തിക്കാമെന്നു പറഞ്ഞപ്പോൾ യുവതി കാറിന്റെ പിൻസീറ്റിൽ കയറി. എന്നാൽ നേരെ തലക്കടത്തൂരിലേക്കു പോകേണ്ടതിനു പകരം യുവാവ് താനാളൂർ, തിരൂർ, പയ്യനങ്ങാടി, ഇരിങ്ങാവൂർ എന്നീ സ്ഥലങ്ങളിലൂടെ ചുറ്റിസഞ്ചരിച്ചാണ് തലക്കടത്തൂരിലെത്തിയത്.
മൂന്നര കിലോമീറ്റർ വേണ്ട യാത്രയ്ക്ക് 25 കിലോമീറ്റർ സഞ്ചരിച്ചു. പല കാരണങ്ങളും പറഞ്ഞാണ് ഇത്രയും ദൂരം സഞ്ചരിച്ചത്.ഇതിനിടെ തലക്കടത്തൂരിൽ എത്തിയിട്ടും കാർ നിർത്തിയില്ല. ഇതോടെ യുവതി ബഹളം വച്ചു. ഈ സമയം യുവാവ് കയ്യിൽ കരുതിയിരുന്ന മുളകുപൊടി യുവതിയുടെ മുഖത്തെറിഞ്ഞു. ഇതോടെ പിൻസീറ്റിൽ ഇരുന്ന യുവതി കൈനീട്ടി സ്റ്റിയറിങ് പിടിച്ചുതിരിച്ചു.
നിയന്ത്രണം വിട്ട കാർ മുൻപിലുണ്ടായിരുന്ന ടോറസ് ലോറിയിൽ ഇടിച്ചുനിന്നു. ഈ സമയം കാറിൽനിന്നു പുറത്തുചാടിയ യുവതി ബഹളം വച്ചതോടെ നാട്ടുകാർ ഓടിക്കൂടി യുവാവിനെ കീഴ്പ്പെടുത്തുകയായിരുന്നു. പൊലീസെത്തി യുവാവിനെ സ്റ്റേഷനിലേക്കു മാറ്റി. ഭർത്താവ് മരിച്ച യുവതിക്ക് 2 മക്കളുണ്ട്. എന്നാൽ യുവതി പരാതി നൽകാൻ തയാറാകാത്തതിനാൽ യുവാവിനെതിരെ അപമര്യാദയായി പെരുമാറിയതിനാണ് പൊലീസ് കേസെടുത്തത്.