ADVERTISEMENT

അങ്ങാടിപ്പുറം ∙ തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിൽ പത്താം പൂരത്തോടനുബന്ധിച്ച് നടന്ന പള്ളിവേട്ട ആവേശമായി. ഒറ്റച്ചെണ്ടയുടെ അകമ്പടിയോടെ തെക്കേനടയിറങ്ങി പരിയാപുരം റോഡിലെ വേട്ടേക്കരൻ കാവിൽ ഭഗവതിയും പരിവാരങ്ങളുമെത്തി. പന്നിയെന്ന സങ്കൽപത്തിൽ, ട്രസ്‌റ്റി പ്രതിനിധി കെ.സി.രാജരാജൻ തമ്പുരാൻ വരിക്കച്ചക്കയ്‌ക്ക് അമ്പെയ്‌തതോടെ ആർപ്പുവിളികൾ മുഴങ്ങി. മേൽശാന്തി പന്തലക്കോടത്ത് ശ്രീനാഥ് നമ്പൂതിരി പ്രത്യേക പൂജ നടത്തി.

അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ പത്താം 
പൂരത്തോടനുബന്ധിച്ച് വേട്ടേക്കരൻ കാവിൽ ഇന്നലെ നടന്ന 
പള്ളിവേട്ട. ട്രസ്‌റ്റി പ്രതിനിധി കെ.സി.രാജരാജൻ തമ്പുരാൻ, 
പന്നിയെന്ന സങ്കൽപത്തിൽ വരിക്കച്ചക്കയ്‌ക്ക് അമ്പെയ്യുന്നു.
അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതി ക്ഷേത്രത്തിലെ പത്താം പൂരത്തോടനുബന്ധിച്ച് വേട്ടേക്കരൻ കാവിൽ ഇന്നലെ നടന്ന പള്ളിവേട്ട. ട്രസ്‌റ്റി പ്രതിനിധി കെ.സി.രാജരാജൻ തമ്പുരാൻ, പന്നിയെന്ന സങ്കൽപത്തിൽ വരിക്കച്ചക്കയ്‌ക്ക് അമ്പെയ്യുന്നു.

തന്ത്രി പന്തലക്കോടത്ത് നാരായണൻ നമ്പൂതിരി, ദേവസ്വം എക്‌സിക്യൂട്ടീവ് ഓഫിസർ എം.വേണുഗോപാൽ, അസി.മാനേജർ എ.എൻ.ശിവപ്രസാദ്, രാജകുടുംബാംഗങ്ങൾ തുടങ്ങിയവരും പങ്കെടുത്തു. വിജയാഹ്ലാദത്തോടെയുള്ള മടക്കത്തിൽ ഗജരാജൻ തിരുവമ്പാടി ചന്ദ്രശേഖരൻ ഭഗവതിയുടെ തിടമ്പേറ്റി. ഗജവീരന്മാരായ പാറമേക്കാവ് കാശിനാഥൻ, കരുവന്തല ഗണപതി, ചിറ്റേപ്പുറത്ത് ശ്രീക്കുട്ടൻ, അക്കാവിള വിഷ്‌ണു നാരായണൻ എന്നിവ അകമ്പടിയേകി. 

ആയിരക്കണക്കിനു ഭക്തജനങ്ങൾ, പള്ളിവേട്ട കഴിഞ്ഞുള്ള മടക്കത്തിൽ എഴുന്നള്ളിപ്പിന്റെ ഭാഗമായി. കുനിശ്ശേരി ചന്ദ്രൻ, അയിലൂർ അനന്തനാരായണൻ എന്നിവരുടെ പ്രമാണത്തിൽ പഞ്ചവാദ്യം. വടക്കേ നടയിൽ ബലിക്കൽപുരയിൽ ദീപാരാധനയ്‌ക്ക് ശേഷം ആറാട്ടെഴുന്നള്ളിപ്പ് നടന്നു. വെടിക്കെട്ടിനു ശേഷമായിരുന്നു തിരിച്ചെഴുന്നള്ളത്ത്. കൊട്ടിക്കയറി അത്താഴപൂജയ്‌ക്കും ശ്രീഭൂതബലി, കളംപാട്ട് എന്നിവയ്‌ക്കും ശേഷം ഭഗവതിയുടെ പള്ളിക്കുറുപ്പ് നടന്നു.

രാവിലെ ഏറാന്തോട് അഷ്‌ടമംഗല്യം തിരുവാതിരക്കളി സംഘത്തിന്റെ തിരുവാതിരക്കളിയോടെയായിരുന്നു പത്താം പൂരത്തിന്റെ ആഘോഷത്തുടക്കം. അഞ്ച് ഗജവീരന്മാർ അണിനിരന്ന രാവിലത്തെ ആറാട്ടെഴുന്നള്ളിപ്പിൽ തിരുവമ്പാടി ചന്ദ്രശേഖരൻ ഭഗവതിയുടെ തിടമ്പേറ്റി. പന്തലക്കോടത്ത് സജി നമ്പൂതിരി ആറാട്ടുപൂജകൾക്ക് നേതൃത്വം നൽകി. 

ഓട്ടൻതുള്ളൽ, ചാക്യാർക്കൂത്ത് എന്നിവയും ഉണ്ടായി. തിരുമുറ്റത്ത് പെരുവനം കുട്ടൻ മാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളം ഒരുക്കി. ഇന്ന് രാവിലെ 5ന് ഭഗവതിയുടെ പള്ളിക്കുറുപ്പുണർത്തൽ ചടങ്ങോടെയാണ് പതിനൊന്നാം പൂരത്തിന്റെ ആഘോഷത്തുടക്കം. 9ന് പഞ്ചവാദ്യത്തോടെ കാഴ്‌ചശീവേലി നടക്കും. 

ഇന്ന് പൂരത്തിൽ
രാവിലെ 5.00: പള്ളിക്കുറുപ്പുണർത്തൽ, 7.00: ഭരതനാട്യം, 7.30: അയ്യപ്പൻപാട്ട്, 8.00: ഭജന, 9.00: കാഴ്‌ചശീവേലി(പഞ്ചവാദ്യത്തോടെ), വൈകിട്ട് 3.00: ചാക്യാർക്കൂത്ത്, 4.00: ഓട്ടൻതുള്ളൽ, 3.30: അനുബന്ധ പൂരം എഴുന്നള്ളത്ത്, 6.30: ഡബിൾ തായമ്പക, പഞ്ചമദ്ദളകേളി, 10.00: കൊട്ടിയിറക്കം, വെടിക്കെട്ട്, തായമ്പക, 11.00: കൊട്ടിക്കയറ്റം, പുലർച്ചെ 4.30: തെക്കോട്ടിറക്കം, കമ്പം കൊളുത്തൽ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com