ADVERTISEMENT

മലപ്പുറം ∙ മഞ്ചേരി കോഓപ്പറേറ്റീവ് അർബൻ ബാങ്കിന്റെ സെർവർ ഹാക്ക് ചെയ്ത് 69 ലക്ഷം രൂപ തട്ടിയ കേസിൽ അന്വേഷണം ഊർജിതമാക്കി മലപ്പുറം സൈബർ പൊലീസ്. ഇന്നലെ തമിഴ്നാട്ടി‍ൽനിന്നു യുവതിയെ അറസ്റ്റ് ചെയ്തതിനു പിന്നാലെ അന്വേഷണത്തിനായി വീണ്ടും ഉത്തരേന്ത്യയിൽ പോകാനൊരുങ്ങുകയാണ് പൊലീസ്. 2022 ഓഗസ്റ്റിൽ നടന്ന തട്ടിപ്പിൽ ബാങ്കിന്റെ വിവിധ ശാഖകളിലെ അക്കൗണ്ട് ഉടമകളായ 4 പേർക്കാണ് പണം നഷ്ടമായത്.കേസുമായി ബന്ധപ്പെട്ട് മലപ്പുറം സൈബർ ക്രൈം വിഭാഗം നൈജീരിയൻ സ്വദേശികളായ 2 പേരെ ഡൽഹിയിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. 

6 മാസത്തിനു ശേഷം ജാമ്യം ലഭിച്ചതോടെ സ്വന്തം നാട്ടിലേക്ക് അവർ മുങ്ങുകയായിരുന്നു. നൈജീരിയൻ സ്വദേശികൾക്കു തന്റെ പഴയ വിലാസത്തിൽ ബാങ്ക് അക്കൗണ്ടുകൾ, സിം കാർഡുകൾ എന്നിവ ഉണ്ടാക്കിനൽകി പണം തട്ടാൻ സഹായിച്ചതിനു തമിഴ്‌നാട്‌ ശങ്കരപുരം വടശരല്ലൂർ സ്വദേശിനി വിമലയെ (44) കഴിഞ്ഞദിവസമാണ് അറസ്റ്റ് ചെയ്തത്.

സെർവർ ഹാക്ക് ചെയ്ത ശേഷം ബാങ്കിന്റെ വിവിധ ബ്രാഞ്ചുകളിലെ 4 അക്കൗണ്ട് ഉടമകളുടെ ഫോൺ നമ്പർ മാറ്റി ബാങ്കിന്റെ മൊബൈൽ ബാങ്കിങ് ആപ്ലിക്കേഷൻ ഉപയോഗിച്ചാണ് പണം അപഹരിച്ചത്.   ഈ പണം തമിഴ്നാട്, ഡൽഹി, ബംഗാൾ അടക്കമുള്ള വിവിധ സ്ഥലങ്ങളിലെ ബാങ്ക് അക്കൗണ്ടുകളിലേക്കു കൈമാറ്റം ചെയ്യുകയായിരുന്നു.    ഈ സ്ഥലങ്ങളിലെ പണം വന്ന ബാങ്ക് അക്കൗണ്ടുകൾ പരിശോധിച്ച് മുഴുവൻ പ്രതികളെയും കണ്ടെത്താമെന്ന പ്രതീക്ഷയിലാണ് സൈബർ പൊലീസ്. ശ്രദ്ധിക്കൂ, ബാങ്ക് അക്കൗണ്ടും സിം കാർഡും വിൽക്കരുത്

∙ബാങ്ക് അക്കൗണ്ടും സിം കാർഡും കമ്മിഷൻ വാങ്ങി കൈമാറ്റം ചെയ്തു ഗുരുതരമായ കേസുകളിൽ അകപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി ഏറിവരികയാണെന്നു ജില്ലാ പൊലീസ്. നിസ്സാരമായ പ്രതിഫലത്തിനു വേണ്ടിയാണ് സ്വന്തം പേരിലുള്ള സിം കാർഡും ബാങ്ക് അക്കൗണ്ടും പലരും കൈമാറുന്നത്. വിദ്യാർഥികളടക്കം ഒട്ടേറെപ്പേർ ഇത്തരം റാക്കറ്റുകളുടെ കെണിയിൽ പെടുന്നതായി ജില്ലാ പൊലീസ് അധികൃതർ പറഞ്ഞു. ഇത്തരം ബാങ്ക് അക്കൗണ്ടും സിം കാർഡുമെല്ലാം തട്ടിപ്പുകാർ വലിയ സാമ്പത്തിക കുറ്റകൃത്യങ്ങൾ ചെയ്യുന്നതിനായാണ് ഉപയോഗിക്കുന്നത്. 

ബാങ്ക് അക്കൗണ്ടും മറ്റും സംഘടിപ്പിക്കുന്നതിനായി ഇടനിലക്കാർ പ്രവർത്തിക്കുന്നുണ്ട്.  സ്വന്തം പേരിലുള്ള അക്കൗണ്ടോ സിം കാർഡോ നൽകുക വഴി ആ കുറ്റകൃത്യങ്ങളിൽ ഭാഗമാവുകയാണെന്ന് പൊലീസ് അറിയിച്ചു. കുഴൽപണ മാഫിയകളും ദേശദ്രോഹ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നവരും ഇത്തരത്തിലുള്ള അക്കൗണ്ടുകൾ ഉപയോഗിക്കുന്നു.

∙ സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ടോ സിം കാർഡോ മറ്റൊരാൾക്കു കൈമാറുകയോ വാടകയ്ക്കു നൽകുകയോ ചെയ്യരുത്.
∙ സ്വന്തം അക്കൗണ്ടിലൂടെ അനധികൃതമായി പണം സ്വീകരിക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്യരുത്.
∙ ഇത്തരം പ്രവൃത്തികൾ വഴി നിങ്ങളെ കാത്തിരിക്കുന്നത് പിഴയും തടവുശിക്ഷയുമാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com